'ഘര്‍ വാപസി' വീണ്ടും: ഗുജറാത്തില്‍ 200 പേരെ മതംമാറ്റിയതായി വി.എച്ച്.പി
Daily News
'ഘര്‍ വാപസി' വീണ്ടും: ഗുജറാത്തില്‍ 200 പേരെ മതംമാറ്റിയതായി വി.എച്ച്.പി
ന്യൂസ് ഡെസ്‌ക്
Sunday, 21st December 2014, 9:35 am

mass_conversions_650വാല്‍സദ്: മതപരിവര്‍ത്തന പദ്ധതിയായ “ഘര്‍ വാപസിയുമായി ഹിന്ദു സംഘടന വിശ്വ ഹിന്ദു പരിഷത്ത് വീണ്ടും. ശനിയാഴ്ച 200ലധികം ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്കു കൊണ്ടുവന്നെന്ന് വി.എച്ച്.പി അവകാശപ്പെടുന്നു. ഗുജറാത്തിലെ വാല്‍സദ് ജില്ലയിലെ അറനൈയില്‍ നടന്ന ചടങ്ങിലാണ് മതപരിവര്‍ത്തനം നടന്നതെന്നും വി.എച്ച്.പി പ്രാദേശിക നേതാവ് വ്യക്തമാക്കി.

മതപരിവര്‍ത്തനം നിര്‍ബന്ധിതമല്ലായിരുന്നെന്നാണ് ഇവര്‍ പറയുന്നത്. ” ഘര്‍ വാപസി പദ്ധതിയുടെ ഭാഗമായി വി.എച്ച്.പി ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ നിന്നും 225 പേരെ മതപരിവര്‍ത്തനം നടത്തി ഹിന്ദു മതത്തിലേക്കു കൊണ്ടുവന്നു.” വാല്‍സദ് ജില്ലാ വി.എച്ച്.പി നേതാവ് നേതു പട്ടേല്‍ പറഞ്ഞു.

“മഹാ യാഗ്നയ” എന്ന ചടങ്ങിലാണ് മതപരിവര്‍ത്തനം അരങ്ങേറിയത്. മതപരിവര്‍ത്തനത്തിനത്തിന് വിധേയരായവര്‍ക്ക് ഭഗവത് ഗീതയുടെ കോപ്പി നല്‍കിയെന്നും വി.എച്ച്.പി വ്യക്തമാക്കി. ഗുജറാത്തില്‍ നടന്ന ഘര്‍ വാപസി പരിപാടിയില്‍ 3,000 ആളുകള്‍ പങ്കെടുത്തെന്നാണ് വി.എച്ച്.പി പ്രവര്‍ത്തകന്‍ അശോക് ശര്‍മ്മ അവകാശപ്പെടുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ വ്യാപകമായി മതപരിവര്‍ത്തന പരിപാടി നടത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഗുജറാത്തിലും മതപരിവര്‍ത്തന പരിപാടി നടത്തിയെന്ന് വി.എച്ച്.പി അവകാശപ്പെടുന്നത്. നേരത്തെ ആഗ്രയിലും, ഛത്തീസ്ഗഢിലും സമാനമായ രീതിയില്‍ മതപരിവര്‍ത്തനം നടത്തിയിരുന്നു. ഇത് പാര്‍ലമെന്റിന്റെ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കിയിരുന്നു.

മതപരിവര്‍ത്തന പരിപാടിയെ എതിര്‍ക്കുന്നവരോടു മതപരിവര്‍ത്തന നിരോധന നിയമത്തെ പിന്തുണയ്ക്കാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞദിവസം ആര്‍.എസ്.എസ് നേതാവ് പ്രതിപക്ഷത്തോട് മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുന്നത് അംഗീകരിക്കുമോയെന്ന് ചോദിച്ചിരുന്നു