ലവ് ജിഹാദിനെതിരെ ശൗര്യ യാത്രയും ധര്‍മ രക്ഷാ അഭിയാനും; രാജ്യാവ്യാപക പ്രചാരണവുമായി വിശ്വ ഹിന്ദു പരിഷത്ത്
national news
ലവ് ജിഹാദിനെതിരെ ശൗര്യ യാത്രയും ധര്‍മ രക്ഷാ അഭിയാനും; രാജ്യാവ്യാപക പ്രചാരണവുമായി വിശ്വ ഹിന്ദു പരിഷത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd December 2022, 10:35 am

ന്യൂദല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ലവ് ജിഹാദിനുമെതിരെ രാജ്യാവ്യാപക ബോധവത്കരണ പ്രചാരണവുമായി വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി).

ഒരു മാസം നീണ്ടുനില്‍ക്കുന്ന ‘ജന്‍ ജാഗരണ്‍ അഭിയാനി’ ലൂടെ യുവാക്കളെയും പെണ്‍കുട്ടികളെയും സ്ത്രീകളെയും ബോധവത്കരിക്കാനാണ് വി.എച്ച്.പി ശ്രമിക്കുന്നത്.

മതപരിവര്‍ത്തനത്തിനും ലവ് ജിഹാദിനുമെതിരെ നിയമ നിര്‍മാണത്തിനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാരിന് അനുകൂലമായ വികാരം സൃഷ്ടിക്കലാണ് വി.എച്ച്.പിയുടെ ലക്ഷ്യം.

ഇതിന്റെ ഭാഗമായി ഡിസംബര്‍ പത്ത് വരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ രാജ്യത്ത് എല്ലാ ഇടങ്ങളിലും വി.എച്ച്.പിയുടെ യുവജന വിഭാഗമായ ബജ്റംഗ്ദള്‍ ‘ശൗര്യ യാത്ര’ നടത്തുന്നുണ്ട്.

യുവാക്കളില്‍ ശൗര്യബോധം വളര്‍ത്തിയെടുക്കാനും സഹോദരിമാരെയും പെണ്‍മക്കളെയും ലവ് ജിഹാദിന്റെ ഇരകളാക്കാന്‍ ആരും ധൈര്യപ്പെടാതിരിക്കാനുമാണ് ബജ്‌റംഗ്ദള്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ശൗര്യ യാത്ര നടത്തുന്നതെന്ന് വി.എച്ച്.പി ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പറഞ്ഞു.

ലവ് ജിഹാദിനെക്കുറിച്ച് പെണ്‍കുട്ടികളെ ബോധവല്‍ക്കരിക്കാന്‍ വി.എച്ച്.പിയുടെ യുവതീ വിഭാഗമായ ദുര്‍ഗാ വാഹിനി ഡിസംബര്‍ 21 മുതല്‍ 31 വരെ ‘ധര്‍മ രക്ഷാ അഭിയാന്‍’ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു സ്ത്രീകളെ പ്രണയം നടിച്ച് ഇസ്‌ലാം മതത്തിലേയ്ക്ക് വശീകരിക്കുന്ന ലവ് ജിഹാദിനെതിരെ വലിയ തരത്തില്‍ ബോധവല്‍ക്കരണ ക്യാമ്പെയ്ന്‍ നടത്താനാണ് സംഘടനയുടെ തീരുമാനമെന്ന് സുരേന്ദ്ര ജെയിന്‍ പറഞ്ഞു.

‘മതപരിവര്‍ത്തനം രാജ്യവ്യാപകമായി വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. ലവ് ജിഹാദ് മതപരിവര്‍ത്തനത്തിന്റെ ഏറ്റവും ഹീനവും ക്രൂരവും മനുഷ്യത്വരഹിതവുമായ രൂപമാണ് ലവ് ജിഹാദ്,’ ജെയിന്‍ പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കേരളം, ദല്‍ഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത 400ലധികം കേസുകളുടെ പട്ടികയും സുരേന്ദ്ര ജെയിന്‍ പുറത്തുവിട്ടു.

ഈ കേസുകളെല്ലാം ലവ് ജിഹാദുമായി ബന്ധപ്പെട്ടതാണ്. ഇത് മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ലവ് ജിഹാദും നിയമവിരുദ്ധമായ മതപരിവര്‍ത്തനങ്ങളും തടയുന്നതിന് കര്‍ശനമായ നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരണമെന്നും സുരേന്ദ്ര ജെയിന്‍ ആവശ്യപ്പെട്ടു.

Content Highlight: VHP Announces Month-Long Nationwide Campaign To Raise Awareness On ‘Love Jihad and Anti-Conversion Laws