എഡിറ്റര്‍
എഡിറ്റര്‍
‘അമിത് ഷായും കൊല്‍ക്കത്തയ്ക്ക് പുറത്ത്’; ബംഗാളില്‍ അമിത് ഷായ്ക്കും വേദി നിഷേധിച്ചു
എഡിറ്റര്‍
Wednesday 6th September 2017 6:59pm

ബംഗാള്‍: പശ്ചിമബംഗാളില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ഭാവതിന് പിന്നാലെ അമിത് ഷായ്ക്കും വേദി നിഷേധിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് വേദി നിഷേധിച്ചത്. ഒഴിവില്ലെന്ന് കാണിച്ചാണ് നടപടി.

ആഗസ്റ്റ് 28ന് വേദി ബുക്ക് ചെയ്യാന്‍ പോയപ്പോള്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് കൊല്‍ക്കത്ത പൊലീസില്‍ നിന്നുള്ള എന്‍.ഒ.സി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആഗസ്റ്റ് 30ന് പൊലീസില്‍ നിന്നുള്ള അനുമതിയുമായി ചെന്നപ്പോള്‍ ഒഴിവില്ലെന്ന് പറയുകയായിരുന്നെന്ന് ബി.ജെ.പി ബംഗാള്‍ ജനറല്‍ സെക്രട്ടറി സായന്തന്‍ ബസു പറഞ്ഞു.

ദുര്‍ഗാ പൂജ അവധി ദിനങ്ങളായ സെപ്റ്റംബര്‍ 27നും 30നും ഇടയില്‍ മാത്രമേ ഒഴിവുള്ളൂ എന്നാണ് സ്‌റ്റേഡിയം അധികൃതര്‍ അറിയിച്ചതെന്ന് ബസു പറഞ്ഞു.

സെപ്റ്റംബര്‍ 11നും 13നും ഇടയിലാണ് അമിത് ഷാ കൊല്‍ക്കത്തയില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം മോഹന്‍ഭാഗവതിനും ബംഗാള്‍ വേദി നിഷേധിച്ചിരുന്നു. ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്ത സര്‍ക്കാരിന് കീഴിലുള്ള മഹാജതി സദനിലാണ് പരിപാടി ആലോചിച്ചിരുന്നത്.

ഭാഗവതിന് വേദി നിഷേധിച്ച സംഭവത്തില്‍ ആര്‍.എസ്.എസ് ഗൂഢാലോചന ആരോപിച്ചിരുന്നു. മമതയുടേത് പ്രതികാര നടപടിയാണെന്നും സംസ്ഥാനത്തെ ജിഹാദി ശക്തികളെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണ് നടപടിയെന്നും ആര്‍.എസ്.എസ് കുറ്റപ്പെടുത്തിയിരുന്നു.

Advertisement