മാമാങ്കത്തിന് ശേഷം മമ്മൂട്ടി ചിത്രമൊരുക്കാന്‍ വേണു കുന്നപ്പിള്ളി; ചര്‍ച്ചകള്‍ ആരംഭിച്ചതായി ആന്റോ ജോസഫ്
Malayalam Cinema
മാമാങ്കത്തിന് ശേഷം മമ്മൂട്ടി ചിത്രമൊരുക്കാന്‍ വേണു കുന്നപ്പിള്ളി; ചര്‍ച്ചകള്‍ ആരംഭിച്ചതായി ആന്റോ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th August 2021, 3:37 pm

കൊച്ചി: മാമാങ്കം സിനിമയ്ക്ക് ശേഷം വീണ്ടുമൊരു മമ്മൂട്ടി ചിത്രം ഒരുക്കാനൊരുങ്ങി നിര്‍മാതാവ് വേണു കുന്നപ്പിള്ളി. ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ മമ്മൂട്ടിയുമായി വേണു ആരംഭിച്ചു.

നിര്‍മാതാവ് ആന്റോ ജോസഫ് ആണ് ഇതുസംബന്ധിച്ച് വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തീകരിച്ച മമ്മൂട്ടിക്ക് അഭിനന്ദനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എത്തിയിരുന്നു.  ഈ സമയത്ത് വേണുവും മമ്മൂട്ടിയുടെ വീട്ടില്‍ ഉണ്ടായിരുന്നു.

മൂന്ന് പേരും ചേര്‍ന്ന് എടുത്ത ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ‘അഭിനയജീവിതത്തിലെ അരനൂറ്റാണ്ട് പൂര്‍ത്തീകരിച്ച മമ്മൂക്കയെ അനുമോദിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എത്തിയപ്പോള്‍ മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാതാവ് വേണു കുന്നപ്പിള്ളിയും (കാവ്യാ ഫിലിംസ്) ചേര്‍ന്നെടുത്തൊരു ഫോട്ടോ. മമ്മൂക്കയോടൊപ്പമുള്ള അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ക്ക് എത്തിയതായിരുന്നു വേണു കുന്നപ്പിള്ളി.’ എന്നാണ് ആന്റോ ഫേസ്ബുക്കില്‍ കുറിച്ചത്.

2019 ല്‍ റിലീസ് ചെയ്ത മാമാങ്കം പക്ഷേ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. എം പത്മകുമാറായിരുന്നു ചിത്രം സംവിധാനം ചെയ്തത്. നിലവില്‍ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Venu Kunnappilly to make Mammootty film after Mamangam; Anto Joseph said the talks had begun