എഡിറ്റര്‍
എഡിറ്റര്‍
ബെന്നറ്റില്‍ നിന്നും ഭീമമായ തുക പാര്‍ട്ടി കൈപറ്റി; കുറ്റക്കാര്‍ ഉന്നതരെന്ന് വെഞ്ഞാറമ്മൂട് ശശി
എഡിറ്റര്‍
Wednesday 13th August 2014 12:23pm

shashi
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന ബെന്നറ്റ് എബ്രഹാമില്‍ നിന്നും ഭീമമായ തുക പാര്‍ട്ടി കൈപറ്റിയെന്ന് വെഞ്ഞറാമ്മൂട് ശശി. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധമുള്ള യഥാര്‍ത്ഥ കുറ്റക്കാര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ ഉന്നത പദവി വഹിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി തയ്യാറാകുന്നില്ലെന്ന് ശശി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

പാര്‍ട്ടിയിലെ വിഭാഗീയത ശക്തിപ്പെടുത്തി എതിരായി നില്‍ക്കുന്നവരെ ഇല്ലാതാക്കാനാണ് പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നത്. പന്ന്യന്‍ രവീന്ദ്രന്‍ സെക്രട്ടറിയായപ്പോള്‍ തുടങ്ങിയ വിഭാഗീയ പ്രവര്‍ത്തനമാണിത്. അധികാരത്തില്‍ കടിച്ചു തൂങ്ങാനുളള വ്യഗ്രതയാണ് ഇതിനു പിന്നില്‍. സ്ഥാനമോഹിയുടെയും അധികാര ദല്ലാളുമാരുടെയും പാര്‍ട്ടിയായി സി.പി.ഐ മാറിയിരിക്കുന്നു. പാര്‍ട്ടി വളരെ ദുര്‍ബലമാണ്. നേരായ രീതിയില്‍ നയിക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ല. തനിക്കെതിരെ സ്വീകരിച്ചത് ഏകപക്ഷീയമായ നടപടിയാണെന്നും ശശി പറഞ്ഞു.

ബെന്നറ്റ് എബ്രഹാം തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി ആയതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. നാല് ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളിലും തനിക്ക് പങ്കില്ല. സംഘടനാ കാര്യങ്ങള്‍മാത്രം താന്‍ ശ്രദ്ധിച്ചാല്‍ മതിയെന്ന് തീരുമാനമെടുത്തിരുന്നു.

തെരഞ്ഞെടുപ്പില്‍ ഫണ്ട് വിനിയോഗവും സമാഹരണവും സംബന്ധിച്ച ചുമതല നിര്‍വ്വഹിച്ചത് പി.രാമചന്ദ്രന്‍ നായരായിരുന്നു. ഫണ്ട് വിനിയോഗത്തിലെ ഓരോ ഘട്ടത്തിലും സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനുമായി ആശയവിനിമയം നടത്തയിരുന്നു. ബെന്നറ്റില്‍ നിന്നും പണം വാങ്ങിയ വിവരം പി.രാമചന്ദ്രന്‍ നായര്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനോട് പറഞ്ഞിരുന്നു. പണം വാങ്ങരുത് എന്ന് പന്ന്യന്‍ പറയണമായിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നും ശശി അറിയിച്ചു.

സി.പി.ഐയുടെ മുഖം രക്ഷിക്കണമെങ്കില്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അടക്കമുള്ളവര്‍ രാജിവെക്കണമെന്നും ശശി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാന നേതൃത്വത്തിന് ഇന്ന് രാജിക്കത്ത് കൈമാറുമെന്ന് വെഞ്ഞാറമ്മൂട് ശശി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അച്ചടക്ക നടപടിയെ തുടര്‍ന്ന് സി.പി.ഐ വിട്ട തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി വെഞ്ഞാറമ്മൂട് ശശി ആര്‍.എസ്.പിയില്‍ ചേരുകയായിരുന്നു.

പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ച് ബെനറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു എന്ന കുറ്റം ചുമത്തിയാണ് സി.ദിവാകരന്‍, പി.രാമചന്ദ്രന്‍ നായര്‍, വെഞ്ഞാറമൂട് ശശി എന്നിവര്‍ക്കെതിരെ സി.പി.ഐ നടപടിയെടുത്തത്. ഒരു വിഭാഗം സി.പി.ഐ.എം നേതാക്കളുടെ താല്‍പര്യങ്ങള്‍ക്ക് സി.ദിവാകരനും പി.രാമചന്ദ്രന്‍ നായരും അടക്കമുള്ളവര്‍ വഴങ്ങിക്കൊണ്ടാണ് ഇത്തരമൊരു ചരടുവലി നടത്തിയതെന്നും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തിരുവനന്തരപുരത്തെ ജില്ലാ സെക്രട്ടറിയായിരുന്ന വെഞ്ഞാറമ്മൂട് ശശിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കുകയും ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു.

 

 

Advertisement