എഡിറ്റര്‍
എഡിറ്റര്‍
വെനസ്വേലന്‍ പ്രസിഡന്റായി വീണ്ടും ഹ്യൂഗോ ഷാവേസ്
എഡിറ്റര്‍
Monday 8th October 2012 9:21am

കാരക്കസ്: വെനസ്വേലയില്‍ നാലാം തവണയും ഹ്യൂഗോ ഷാവേസ് (58) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ഥിയും സംസ്ഥാന ഗവര്‍ണറുമായ നാല്‍പതുകാരന്‍ ഹെന്റിക് കാപ്രിലസിനെ തോല്‍പിച്ചാണ് ഷാവേസ് വീണ്ടും പ്രസിഡന്റാകുന്നത്.

ഇരുവിഭാഗവും പ്രതീക്ഷ പുലര്‍ത്തിയ തെരഞ്ഞെടുപ്പില്‍ 54 ശതമാനം വോട്ടുകള്‍ നേടിയാണ് ഷാവേസ് വിജയിച്ചതെന്ന് തിരഞ്ഞെടുപ്പ് സമിതി അറിയിച്ചു. തിരഞ്ഞെടുപ്പില്‍ 80 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയിരുന്നു.

Ads By Google

ഷാവേസിന് 54.42 ശതമാനവും കാപ്രിലസിന് 44.97 ശതമാനവും വോട്ടുകള്‍ ലഭിച്ചതായി ഇലക്ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് തിബിസെ ലൂസിയാനെ അറിയിച്ചു.

വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യത്തെങ്ങും ഷാവേസ് അനുകൂലികള്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തുകയാണ്. ചിലയിടങ്ങളില്‍ എതിര്‍പക്ഷവുമായി സംഘര്‍ഷമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ കാരക്കാസ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഷാവേസിന്റെ ബാനറുകളും പ്ലോട്ടുകളും പിടിച്ചാണ്  അനുകൂലികള്‍ ആഹ്ലാദപ്രകടനം നടത്തുന്നത്.

14 വര്‍ഷമായി പ്രസിഡന്റായിരിക്കുന്ന ഷാവേസിന് ഇത്തവണ ഹെന്റിക് കാപ്രിലസ് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. കാന്‍സര്‍ ശസ്ത്രക്രിയയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്താണ് ഷാവേസ് ഇക്കുറി ജനവിധി തേടിയത്.

അമേരിക്കന്‍വിരുദ്ധ ചേരിയെ പിന്തുണയ്ക്കുന്ന ഷാവേസ് നാലാം വട്ടവും മത്സരിക്കുന്നത് പാശ്ചാത്യലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കിയിരുന്നത്. അര്‍ബുദരോഗത്തില്‍ നിന്ന്‌ മുക്തനായ ഷാവേസിന് പ്രതിപക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രചാരണത്തില്‍ ഏറെ തിളങ്ങാന്‍ സാധിച്ചിരുന്നില്ല.

എണ്ണസമ്പന്നമായ രാജ്യത്ത് ജനപ്രിയ പരിപാടികളിലൂടെ സാധാരണക്കാരുടെ പിന്തുണ ആര്‍ജിക്കാന്‍ കഴിഞ്ഞതായിരുന്നു സോഷ്യലിസ്റ്റും സാമ്രാജ്യത്വ വിരുദ്ധനുമായ ഷാവേസിന്റെ കരുത്ത്.

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരാജ്യമായ വെനസ്വേലയിലെ പെട്രോളിയം കമ്പനികളെ ദേശസാല്‍ക്കരിച്ചുകൊണ്ടാണ് ഷാവേസ് ഭരണം ജനകീയമാക്കിയത്. അതോടൊപ്പം വരുമാനസ്രോതസുകള്‍ ഒന്നൊന്നായി ദേശസാല്‍ക്കരിക്കാനും ഷാവേസ് മുന്‍കൈയെടുത്തു.

1998ല്‍ വെനസ്വേലയുടെ ഭരണ നേതൃത്വം ഏറ്റെടുത്ത ഷാവേസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ തുടര്‍ച്ചയായി രണ്ട് പതിറ്റാണ്ട് പ്രസിഡന്റാകുകയെന്ന റിക്കാര്‍ഡിനും കൂടി ഉടമയായിരിക്കുകയാണ്.

Advertisement