'സോളാര്‍ വെറും പെണ്ണ് കേസ്, പ്രധാനം സ്വര്‍ണക്കടത്ത് കേസ്'; പിണറായിയെയും ഉമ്മന്‍ ചാണ്ടിയെയും വിശ്വസിച്ചവര്‍ വഞ്ചിച്ചുവെന്ന് വെള്ളാപ്പള്ളി
Kerala News
'സോളാര്‍ വെറും പെണ്ണ് കേസ്, പ്രധാനം സ്വര്‍ണക്കടത്ത് കേസ്'; പിണറായിയെയും ഉമ്മന്‍ ചാണ്ടിയെയും വിശ്വസിച്ചവര്‍ വഞ്ചിച്ചുവെന്ന് വെള്ളാപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th January 2021, 8:34 pm

തിരുവനന്തപുരം: സോളാര്‍ കേസും സ്വര്‍ണക്കടത്ത് കേസും സമാനമല്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോളാര്‍ കേസ് വെറും പെണ്ണ് കേസ് മാത്രമാണെന്നും സ്വര്‍ണക്കടത്ത് കേസ് രാജ്യത്തെയാകെ നശിപ്പിക്കുന്ന കേസ് ആണെന്നുമാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്.

രണ്ട് കേസുകളും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെങ്കിലും രണ്ടും രണ്ട് വിഷയമാണെന്നും സോളാര്‍ കേസ് പെട്ടെന്ന് കുത്തിപ്പൊക്കി കൊണ്ട് വന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ കേസിന് സ്വര്‍ണക്കടത്ത് കേസിന്റെ അത്ര പ്രാധാന്യമുണ്ടെന്ന് കരുതുന്നില്ലെന്നും സോളാര്‍ കേസില്‍ പരാതിക്കാരിയായ യുവതി തന്നെ എല്ലാത്തിനും നിന്നു കൊടുത്തിട്ടല്ലേ എന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.

‘ഈ കേസില്‍ എല്ലാത്തിനും നിന്നുകൊടുത്തത് ഈ പെണ്ണ് തന്നെയല്ലേ, നിന്നു കൊടുത്തിട്ടല്ലേ ഇതെല്ലാം സംഭവിച്ചത്? അതെന്താ ആരും പറയാത്തത്?,’ വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി വിശ്വസിച്ചവര്‍ അദ്ദേഹത്തെ ചതിക്കുകയായിരുന്നെന്നും അതുകൊണ്ടാണ് ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സോളാര്‍ കേസിലും സംഭവിച്ചത് ഇതുതന്നെയാണെന്നും എല്ലാവരെയും വിശ്വസിക്കുന്ന ആളായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം പ്രശ്‌നങ്ങള്‍ക്കിടയിലും ഒരുപാട് ഗുണങ്ങള്‍ കാഴ്ച വെച്ച സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാരെന്നും വെള്ളാപ്പള്ളി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എന്തുമാത്രം അഴിമതി അരങ്ങേറി. ആ പ്ലസ് പോയിന്റ് മാത്രം നോക്കിയാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vellappally Nateshan says that Solar case is just a woman centers case, but gold smuggling case is important