എഡിറ്റര്‍
എഡിറ്റര്‍
അടുത്ത 50 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ബി.ജെ.പിക്ക് അധികാരം കിട്ടില്ല; കേന്ദ്രത്തില്‍ നിന്നുള്ള 150 സ്ഥാനങ്ങളില്‍ 149 ഉം ബി.ജെ.പി തട്ടിയെടുത്തു: വെള്ളാപ്പള്ളി
എഡിറ്റര്‍
Sunday 24th September 2017 9:44am

തിരുവനന്തപുരം: അടുത്ത 50 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഭരണം കിട്ടാന്‍ പോലുമുള്ള സാധ്യത ബി.ജെ.പിക്ക് ഇല്ലെങ്കിലും അവര്‍ ഘടകക്ഷികളെ അടുപ്പിക്കുന്നില്ലെന്ന വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

കേരളത്തില്‍ എന്‍.ഡി.എ ഇല്ല. ബി.ജെ.പി മാത്രമെയുളളൂവെന്നും കേന്ദ്രത്തില്‍ നിന്നും 150 രാഷ്ട്രീയ സ്ഥാനങ്ങള്‍ ലഭിച്ചതില്‍ 149 സ്ഥാനവും ബി.ജെ.പി കൗശലപൂര്‍വം തട്ടിയെടുക്കുകയായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് വന്നവര്‍ക്ക് മാന്യമായ സ്ഥാനം നല്‍കുമെന്ന് പറഞ്ഞെങ്കിലും ചാത്തന്നൂരില്‍ ഉള്‍പ്പെടെ രണ്ടാംസ്ഥാനത്ത് എത്തിയ പിന്നാക്കക്കാരെ പരിഗണിച്ചില്ല. മുന്നാക്കക്കാര്‍ക്ക് നല്‍കുകയും ചെയ്തു. സി.കെ ജാനുവിനെയും ബി.ജെ.പി പറഞ്ഞുപറ്റിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബി.ജെ.പിയില്‍ പിന്നോക്കാഭിമുഖ്യം കുറവാണെന്നും ഈ മട്ടില്‍ ബി.ഡി.ജെ.എസിന് എത്രകാലം എന്‍.ഡി.എയില്‍ തുടരാനാവുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.


കേന്ദ്രസര്‍വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കുന്നതിനെ എതിര്‍ത്തത് കേരളത്തിലെ ബി.ജെ.പിയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

കേരളത്തില്‍ നിന്നുള്ള നേതാക്കളില്‍ പലര്‍ക്കും കേന്ദ്രസര്‍ക്കാര്‍ പദവി നല്‍കിയെങ്കിലും ബി.ഡി.ജെ.എസിനെ പൂര്‍ണമായി അവഗണിച്ചു എന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിസഭയിലെടുത്തതോടെയാണ് ബി.ഡി.ജെ.എസ് നിലപാട് കടുപ്പിച്ചത്. തുഷാര്‍ വെള്ളാപ്പള്ളിക്ക് കേന്ദ്രമന്ത്രി പദവിയും മറ്റു നേതാക്കള്‍ക്ക് ബോര്‍ഡ്, കോര്‍പ്പറേഷനില്‍ പ്രാധിനിത്യവുമായിരുന്നു ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ സുരേഷ്‌ഗോപിക്ക് രാജ്യസഭാംഗത്വവും ബി.ജെ.പിയിലെ മറ്റ് പല നേതാക്കള്‍ക്കും ബോര്‍ഡ് കോര്‍പ്പറേഷന്‍ പദവി നല്‍കുകയും ചെയ്തപ്പോള്‍ ബി.ഡി.ജെ.എസിനെ അവഗണിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ അധികാരമേറ്റ് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും പ്രാധിനിത്യം ലഭിക്കാതെ വന്നതോടെയാണ് ഇനിയെന്തിന് തുടരണമെന്ന ചിന്ത ബി.ഡി.ജെ.എസില്‍ സജീവമായത്.

Advertisement