ഇടതുമുന്നണിയുടെ പരാജയത്തിന് കാരണം മുഖ്യമന്ത്രി മാത്രമല്ല; കൂട്ടുത്തരവാദിത്തം: പിന്നാക്ക ആഭിമുഖ്യം കൂട്ടണമെന്നും വെള്ളാപ്പള്ളി
Kerala
ഇടതുമുന്നണിയുടെ പരാജയത്തിന് കാരണം മുഖ്യമന്ത്രി മാത്രമല്ല; കൂട്ടുത്തരവാദിത്തം: പിന്നാക്ക ആഭിമുഖ്യം കൂട്ടണമെന്നും വെള്ളാപ്പള്ളി
ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2019, 1:22 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന്റ ഉത്തരവാദിത്തം മുഖ്യമന്ത്രിയില്‍ മാത്രം ആരോപിക്കുന്നത് ശരിയല്ലെന്ന് എസ.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തോല്‍വിയില്‍ ഇടതുമുന്നണിക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും മുന്നണിക്ക് തിരിച്ചുവരാന്‍ കഴിയണമെങ്കില്‍ പിന്നാക്ക ആഭിമുഖ്യം കൂട്ടണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമലയില്‍ യുവതീ പ്രവേശനം പാടില്ല. സുപ്രീം കോടതി വിധി നടപ്പാക്കിയതില്‍ സര്‍ക്കാരിന് വീഴ്ച പറ്റി. എന്നാല്‍ മുഖ്യമന്ത്രിയുടെ അനുമതിയോടെയാണോ സ്ത്രീകള്‍ ശബരിമലയില്‍ കയറിയതെന്ന് തനിക്ക് അറിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വനിതാ മതില്‍ എന്നത് ശബരിമലയുമായി മാത്രം ബന്ധപ്പെട്ട് ഉണ്ടായതല്ല. നവോത്ഥാന സംരക്ഷണത്തിന്റെ ഭാഗമായിട്ടാണ് വനിതാ മതില്‍ ഉണ്ടായത്. നവോത്ഥാന മൂല്യങ്ങള്‍ തകര്‍ന്നു തരിപ്പണമായിക്കൊണ്ടിരിക്കുന്ന അവസരമാണ്. അയ്യങ്കാളി, മന്നത്ത് പത്മനാഭന്‍ ശ്രീനാരായണ ഗുരുദേവന്‍ അങ്ങനെ മുസ്‌ലീം സമുദായത്തിലേയും കൃസ്ത്യന്‍ സമുദായത്തിലേയും ഹിന്ദു സമുദായത്തിലേയും നായകന്‍മാര്‍ ഉഴുതുമറിച്ച് കൊണ്ടുവന്ന മൂല്യങ്ങളെല്ലാം തകര്‍ന്ന് കേരളം മറ്റൊരു ഭ്രാന്താലയമാകുന്നു എന്ന ഘട്ടം വന്നപ്പോഴാണ് നവോത്ഥാന മൂല്യം മുറുകെ പിടിക്കാന്‍ വനിതാ മതില്‍ കൊണ്ടുവന്നത്.

അതില്‍ നിന്ന് മാറി നില്‍ക്കാന്‍ എസ്.എന്‍.ഡി.പിക്ക് ആകുമായിരുന്നില്ല. അതില്‍ നിന്ന് മാറി നിന്നാല്‍ ഞാന്‍ ഗുരുനിന്ദ ചെയ്തവനായി മാറും. എന്നെ ഗുരുവിരുദ്ധനാക്കും. അങ്ങനെയാണ് വനിതാ മതിലിനൊപ്പം ചേര്‍ന്നത്. അത് ഭംഗിയായി നടന്നു. കേരളം കണ്ട ഏറ്റവും വലിയ കൂട്ടായ്മയായി മാറി.

മതില്‍ വിജയിച്ചു. പക്ഷേ അന്ന് തന്നെ അത് പൊളിഞ്ഞു. പിറ്റേ ദിവസം സ്ത്രീ പ്രവേശനമുണ്ടായി. ശബരിമല തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചോ എന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വിലയിരുത്തട്ടെ. വിജയം പരാജയവും വിലയിരുത്തി അവര്‍ പരിഹാരം കണ്ടെത്തട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.