വയനാട്ടിൽ രാഹുൽ ഗാന്ധി വിജയിക്കും, തുഷാറിന്റെ കാര്യം അറിയില്ല: വെ​ള്ളാ​പ്പ​ള്ളി
kERALA NEWS
വയനാട്ടിൽ രാഹുൽ ഗാന്ധി വിജയിക്കും, തുഷാറിന്റെ കാര്യം അറിയില്ല: വെ​ള്ളാ​പ്പ​ള്ളി
ന്യൂസ് ഡെസ്‌ക്
Tuesday, 23rd April 2019, 5:10 pm

ആലപ്പുഴ: വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധി വിജയം നേടുമെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വയനാട്ടിലെ എൻ.ഡി.എ. സ്ഥാനാർഥിയായ മകൻ തുഷാർ വെള്ളാപ്പള്ളിയെ തനിക്കടുത്ത് നിർത്തിക്കൊണ്ടാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോടായി പറയുന്നത്.

തെരഞ്ഞെടുപ്പിൽ തുഷാറിന്റെ ജയസാധ്യത എന്താണ് എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അക്കാര്യത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം മറുപടി നൽകി. ആലപ്പുഴയിൽ കുടുംബത്തോടൊപ്പം എത്തിയാണ് വെള്ളാപ്പള്ളി വോട്ട് ചെയ്തത്. ആലപ്പുഴയിൽ എൽ.ഡി.എഫ്. സ്ഥാനാർഥി എ.എം.ആരിഫ് വിജയിക്കുമെന്നും രാജ്യത്ത് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഏറെ അഭ്യൂഹങ്ങൾക്ക് നടുവിലാണ് ബി.ഡി.ജെ.എസ്. പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ വയനാട്ടിലെ എൻ.ഡി.എ. സ്ഥാനാർത്ഥിയായി ബി.ജെ.പി. പ്രഖ്യാപിക്കുന്നത്. ഇടതുപക്ഷം നേരത്തെ തന്നെ സി.പി.ഐ. സ്ഥാനാർഥിയായി പി.പി. സുനീറിനെ പ്രഖ്യാപിച്ചിരുന്നു. ഇരു മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിനു ശേഷമാണ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അമേത്തിയ്ക്ക് പുറമെ വയനാട്ടിലും സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനിക്കുന്നത്.