കുട്ടികളുടെ വാക്‌സിന്‍: സംസ്ഥാനത്ത് ആദ്യ ദിനം 38,417 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു, പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല
Kerala News
കുട്ടികളുടെ വാക്‌സിന്‍: സംസ്ഥാനത്ത് ആദ്യ ദിനം 38,417 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു, പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd January 2022, 11:59 pm

തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയില്‍ പ്രായമുള്ള 38,417 കുട്ടികള്‍ ആദ്യദിനം കൊവിഡ് വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍ക്ക് കോവാക്സിനാണ് നല്‍കുന്നത്.

9,338 ഡോസ് വാക്‌സിന്‍ സ്വീകരിച്ച തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചത്. ഒമിക്രോണ്‍ വ്യാപനം രൂക്ഷമായതിനാലാണ് സംസ്ഥാനത്ത് വാക്സിന്‍ കുട്ടികള്‍ക്കും നിര്‍ബന്ധമാക്കിയത്.

കുട്ടികള്‍ക്കായി സംസ്ഥാനത്ത് 551 വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് ഒരുങ്ങിയത്. മിക്ക കേന്ദ്രങ്ങളിലും നല്ല തിരക്കാണനുഭവപ്പെട്ടത്. തിരുവനന്തപുരത്തിനു പിന്നാലെ 6,868 പേര്‍ വാക്‌സിന്‍ സ്വീകരിച്ച കൊല്ലം ജില്ല രണ്ടാം സ്ഥാനത്തും 5018 പേര്‍ വാക്‌സിന്‍ സ്വീകരിച്ച തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമാണ്.

കുട്ടികളില്‍ ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 9338, കൊല്ലം 6868, പത്തനംതിട്ട 1386, ആലപ്പുഴ 3009, കോട്ടയം 1324, ഇടുക്കി 2101, എറണാകുളം 2258, തൃശൂര്‍ 5018, പാലക്കാട് 824, മലപ്പുറം 519, കോഴിക്കോട് 1777, വയനാട് 1644, കണ്ണൂര്‍ 1613, കാസര്‍ഗോഡ് 738 എന്നിങ്ങനെയാണ് സംസ്ഥാനത്ത് കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചത്.

ജനുവരി 10 വരെ നടക്കുന്ന വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ ജില്ല, ജനറല്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികള്‍ക്കുള്ള പ്രത്യേക വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.

ഒമിക്രോണ്‍ സാഹചര്യത്തില്‍ എല്ലാവരും കുട്ടികളെ വാക്സിന്‍ എടുപ്പിക്കേണ്ടതാണ്. 18 വയസിന് മുകളിലുള്ളവരില്‍ വാക്സിനെടുക്കാന്‍ ബാക്കിയുള്ളവരും രണ്ടാം ഡോസെടുക്കാന്‍ സമയം കഴിഞ്ഞവരും എത്രയും വേഗം വാക്സിന്‍ എടുക്കണമെന്നും മന്ത്രി പറഞ്ഞു.

ഞായറാഴ്ച രാത്രി 5,02,700 ഡോസ് കൊവാക്സിന്‍ സംസ്ഥാനത്തെത്തിയിരുന്നു. ഇന്ന് എറണാകുളത്ത് 57,300 ഡോസ് കോവാക്സിന്‍ കൂടി എത്തിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ഇതില്‍ 25 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Veena George said 38,417 children between the ages of 15 and 18 in the state were vaccinated against  on the first day.