ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്; നിയമസഭയിലെ മറുപടി സാങ്കേതിക പിഴവെന്ന് ആരോഗ്യമന്ത്രി
Kerala News
ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്; നിയമസഭയിലെ മറുപടി സാങ്കേതിക പിഴവെന്ന് ആരോഗ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th August 2021, 2:21 pm

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിയമസഭയിലെ വിവാദ മറുപടി തിരുത്തും. ചോദ്യോത്തരത്തിനുള്ള മറുപടി തയ്യാറാക്കിയപ്പോള്‍ സംഭവിച്ച സാങ്കേതിക പിഴവാണ് മറുപടി മാറാന്‍ കാരണമെന്നാണ് വിശദീകരണം.

തിരുത്തിയ മറുപടി പ്രസിദ്ധീകരിക്കാന്‍ സ്പീക്കര്‍ക്ക് അപേക്ഷ നല്‍കിയതായും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

‘ആരോഗ്യവകുപ്പിലെ രണ്ട് വിഭാഗങ്ങള്‍ ഉത്തരം തയ്യാറാക്കിയതുമൂലം സംഭവിച്ച പിശകാണിത്. തിരുത്തിയ ഉത്തരം സഭയില്‍ വെക്കാന്‍ സ്പീക്കറുടെ അനുമതി തേടും,’ മന്ത്രി കൂട്ടിച്ചേര്‍ത്തു.

സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഡോക്ടര്‍മാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി പരാമര്‍ശിച്ചത്.

രണ്ട് വിഭാഗങ്ങളിലായാണ് മന്ത്രിയുടെ ഓഫീസില്‍ ചോദ്യോത്തരത്തിനുള്ള മറുപടി തയ്യാറാക്കുന്നത്. പിഴവ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ തിരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം ഒരുവിഭാഗം നല്‍കിയ മറുപടി തിരുത്തി. എന്നാല്‍ തിരുത്തില്ലാത്ത രണ്ടാമത്തെ മറുപടിയാണ് സഭയുടെ വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടത്.

മാത്യു കുഴല്‍നാടന്‍ നാലാം തീയതി ചോദിച്ച ചോദ്യത്തിനായിരുന്നു ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് വീണാ ജോര്‍ജ് പറഞ്ഞിരുന്നത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം തടയുന്നതിന് നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണോ എന്ന ചോദ്യത്തിന് 2012ലെ കേരള ആരോഗ്യരക്ഷാ സേവനപ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവനസ്ഥാപനങ്ങളും ആക്ടില്‍ പറയുന്ന ശിക്ഷാനടപടികള്‍ പര്യാപ്തമാണെന്നും മറുപടി നല്‍കി.

ഡോക്ടര്‍മാര്‍ക്കെതിരേ അതിക്രമങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനിടെ ആരോഗ്യമന്ത്രിയുടെ വിചിത്ര മറുപടി മെഡിക്കല്‍ സംഘടനകളുടെ ഭാഗത്തുനിന്നടക്കം വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Veena George on Attack against Doctors