എഡിറ്റര്‍
എഡിറ്റര്‍
‘വനിതാ ക്രിക്കറ്റിന്റെ തലവര മാറുന്നു’; സ്മൃതിയ്ക്കും ഹര്‍മനും പിന്നാലെ വേദയും ദീപ്തിയും ബിഗ് ബാഷ് ലീഗിലേക്ക്; പെണ്‍പടയ്ക്കിത് നല്ല കാലം
എഡിറ്റര്‍
Tuesday 17th October 2017 11:52pm

മുംബൈ: ലോകകപ്പില്‍ ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും ഉശിര് തെളിയച്ച ഇന്ത്യന്‍ പെണ്‍പടയുടെ ഭാവിയും തെളിഞ്ഞെന്ന് വേണം കരുതാന്‍. ഇപ്പോഴിതാ ഓസ്‌ട്രേലിയന്‍ ലീഗായ ബിഗ് ബാഷ് ലീഗില്‍ കളിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി മാറുകയാണ് വേദ കൃഷ്ണമൂര്‍ത്തി.

ഇന്ത്യയുടെ ലോകകപ്പ് യാത്രയില്‍ നിര്‍ണ്ണായക സാന്നിധ്യമായ വേദയ്ക്ക് പുറമെ യുവ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ്മയും ലീഗിന്റെ ഭാഗമാകുമെന്നാണ് കേള്‍ക്കുന്നത്. ചില ടീമുകളുമായി ചര്‍ച്ചകള്‍ നടക്കുന്നതായി വേദ തന്നെയാണ് അറിയിച്ചത്. എന്നാല്‍ തീരുമാനം ആയിട്ടില്ലെന്നും താരം വ്യക്തമാക്കി.

വേദയും ദീപ്തിയും അടുത്ത സീസണില്‍ ബിഗ് ബാഷ് ലീഗില്‍ കളിക്കാന്‍ സാധ്യതയുണ്ടെന്ന് ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നേരത്തെ ഇന്ത്യയുടെ വെടിക്കെട്ട് താരവും ഭാവി നായികയുമായ ഹര്‍മന്‍പ്രീത് കൗറും ഓപ്പണര്‍ സ്മൃതി മന്ദാനയും ബിഗ് ബാഷ് ലീഗില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.


Also Read:  ‘ഒരേ സമയം സ്ലിപ്പില്‍ ഒമ്പത് ഫീല്‍ഡര്‍മാര്‍’; ഡെന്നീസ് ലില്ലിയെ ഓര്‍മ്മിപ്പിച്ച് ടീമിനെ മൊത്തം സ്ലീപ്പില്‍ നിരത്തി മനുഷ്യമതില്‍ തീര്‍ത്ത് ഷമി


അതേസമയം, ലോകകപ്പിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ കളിക്കളത്തില്‍ ഇറങ്ങിയിട്ടില്ല. ഈ ഇടവേള സമയം താന്‍ ഫിറ്റ്‌നസ് നിലനിര്‍ത്താനും പരിശീലനത്തിനുമായി മാറ്റിവെക്കുകയായിരുന്നുവെന്നും വേദ പറയുന്നു. അടുത്ത മാസം എട്ടാം തിയ്യതി വേദ ടീമിനൊപ്പം ബംഗളൂരുവില്‍ നടക്കുന്ന ക്യാമ്പില്‍ ചേരും.

‘ഇംഗ്ലണ്ടില്‍ നിന്നും മടങ്ങിയെത്തിയിട്ട് രണ്ട് മാസമായെങ്കിലും ഒന്നിനും സമയം കിട്ടിയിരുന്നില്ല. ഇപ്പോള്‍ ആളുകള്‍ ഞങ്ങളെ തിരിച്ചറിയുന്നുണ്ട്.’ വേദ പറയുന്നു. ഫെബ്രുവരിയിലാണ് അടുത്ത അന്താരാഷ്ട്ര മത്സരം. എന്നാല്‍ അതിനു മുമ്പ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ താരങ്ങള്‍ ഇറങ്ങും.

Advertisement