എഡിറ്റര്‍
എഡിറ്റര്‍
ദേശാഭിമാനിയില്‍ ഇപ്പോഴുളളത് ഏറാന്‍ മൂളികളും സ്തുതി പാഠകരും; കമ്മ്യൂണിസ്റ്റുകാര്‍ തന്നെ ഈ പത്രം കത്തിക്കുന്ന കാലം വിദൂരമല്ലെന്നും വി.ഡി സതീശന്‍
എഡിറ്റര്‍
Wednesday 12th April 2017 2:21pm

തിരുവനന്തപുരം: ദേശാഭിമാനി പത്രത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ഡി സതീശന്‍.

പി. ഗോവിന്ദപിളളയേയും കെ.മോഹനേയും പോലുളള പ്രതിഭാധനരായ വ്യക്തികള്‍ ഇരുന്ന ദേശാഭിമാനിയില്‍ ഇപ്പോഴുളളത് ഏറാന്‍ മൂളികളും സ്തുതി പാഠകരുമാണെന്ന് വി.ഡി സതീശന്‍ പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് സതീശന്‍ ദേശാഭിമാനിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.

എം.സ്വരാജ് പറഞ്ഞ പിതൃശൂന്യ പത്രപ്രവര്‍ത്തനം എന്താണെന്ന് ഇപ്പോഴാണ് മനസിലായതെന്നും കമ്മ്യൂണിസ്റ്റുകാര്‍ തന്നെ ഈ പത്രം കത്തിക്കുന്ന കാലം വിദൂരമല്ലെന്നും വി.ഡി സതീശന്‍ ഓര്‍മിപ്പിക്കുന്നു.

കോണ്‍ഗ്രസിന്റെ സംഘപരിവാര്‍ ബന്ധത്തെക്കുറിച്ച് ഇന്നത്തെ ദേശാഭിമാനിയില്‍ വന്ന മുഖപ്രസംഗത്തിനെതിരെയായിരുന്നു സതീശന്റെ വിമര്‍ശനം.

കോണ്‍ഗ്രസിനുളളിലെ സംഘപരിവാര്‍ മനസ് എന്നായിരുന്നു ഇന്നത്തെ ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ തലക്കെട്ട്.

ഒരു പഞ്ചായത്തംഗം പോലും കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് പോകില്ല എന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയില്‍ അച്ചടിമഷി പുരളുന്നതിന് മുന്‍പ് വന്ന വാര്‍ത്ത പ്രവാസി  കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജയന്‍ കെ ജോസ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തി. ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയിലും രമേശ് ചെന്നിത്തലയുടെ രോഷപ്രകടനത്തിലും മുഴച്ചു നില്‍ക്കുന്നത് കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന ദൈന്യം തന്നെയാണെന്നും എഡിറ്റോറിയല്‍ പറഞ്ഞുവെച്ചിരുന്നു.

ലോക്‌സഭയില്‍ 404 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് നാല്‍പ്പത്തിനാലിലേക്ക് ചുരുങ്ങിയത് യാദൃശ്ചികമായി ഉണ്ടായ തളര്‍ച്ചയല്ലെന്നും എഡിറ്റോറിയയില്‍ പറഞ്ഞിരുന്നു.

Advertisement