ദുരന്തങ്ങളില്‍ നിന്ന് പാഠം പഠിക്കാത്ത അധികാരികള്‍; വട്ടിപ്പനമല തുരന്ന് ക്വാറി മാഫിയ
Environment
ദുരന്തങ്ങളില്‍ നിന്ന് പാഠം പഠിക്കാത്ത അധികാരികള്‍; വട്ടിപ്പനമല തുരന്ന് ക്വാറി മാഫിയ
ന്യൂസ് ഡെസ്‌ക്
Thursday, 29th August 2019, 6:02 pm

കവളപ്പാറയും പുത്തുമലയും വലിയ ദുരന്തങ്ങള്‍ വിതച്ച പശ്ചിമഘട്ടത്തില്‍ കോഴിക്കോട്, വയനാട് ജില്ലകള്‍ അതിര് പങ്കിടുന്ന കാവിലുംപാറ പഞ്ചായത്തിലെ വട്ടിപ്പന മലയില്‍ ഖനനം ഇപ്പോഴും തുടരുകയാണ്. പ്രളയത്തിനും ഉരുള്‍പ്പൊട്ടലുകള്‍ക്കും ശേഷം നാട്ടുകാരുടെ വന്‍ എതിര്‍പ്പുയര്‍ന്നിട്ടും നിരന്തരമായി ഈ സംഭവങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും എറണാകുളം സ്വദേശിയുടെ ക്വാറി ഇവിടെ ഇപ്പോഴും പ്രവര്‍ത്തിക്കുകയാണ്. 1974ലും 84ലും രണ്ട് തവണ ഉരുള്‍പൊട്ടലുണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്ത മേഖലയാണിത്. 1984ല്‍ നടന്ന ഉരുള്‍പൊട്ടലില്‍ അഞ്ച് പേരാണ് ഇവിടെ മരിച്ചത്.

വട്ടിപ്പനമല

സമുദ്ര നിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മലയോര മേഖല അതീവ ദുര്‍ബല മേഖലയാണെന്ന് വിദഗ്ധര്‍ വിലയിരുത്തിയതാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടനുസരിച്ച് സോണ്‍ 1ല്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്. മാത്രവുമല്ല വയനാട്ടിലെ ബാണാസുര സാഗര്‍ ഡാമിനോട് ചേര്‍ന്ന് നില്‍ക്കുന്ന മലയാണിത്. ഈ മലയുടെ മറുഭാഗത്താണ് ബാണാസുര സാഗര്‍. ഇവിടെ നടക്കുന്ന ഓരോ സ്‌ഫോടനവും കേരളത്തിലെ വലിയ ഡാമുകളിലൊന്നായ ബാണാസുര ഡാമിന് ഭീഷണിയാവുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരടക്കം പറയുന്നത്.

വനപ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന പഞ്ചായത്താണ് കാവിലുംപാറ. വട്ടിപ്പന കുന്നിന്റെ താഴ്‌വരയില്‍ 2016 സെപ്തംബറില്‍ ഉണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലില്‍ പുഴയില്‍ കുളിച്ചുകൊണ്ടിരുന്ന ആറു പേര്‍ മരണപ്പെട്ടിരുന്നു. നിരവധി തവണ മലവെള്ളപ്പാച്ചിലുണ്ടായിരുന്ന പശുക്കടവ് സ്ഥിതി ചെയ്യുന്നതും വട്ടിപ്പന മലയുടെ തൊട്ടരികിലുള്ള പടിഞ്ഞാറത്തറ ഫോറസ്റ്റിന് സമീപമാണ്.

അപകടകരമായ ഖനനം

പശ്ചിഘട്ടത്തിന്റെ ഓരങ്ങളില്‍ ബാണാസുര മുതല്‍ പശുക്കടവ് വരെ ഒരു തരത്തിലുള്ള ഖനനവും അനുവദിക്കരുതെന്ന് 2009-ലെ വിദഗ്ധ സമിതി പഠനം നടത്തി പറഞ്ഞിരുന്നു. ഈ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് പ്രദേശത്ത് പ്രളയത്തിന് ശേഷവും ഖനനം തുടരുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

കാവിലുംപാറ പഞ്ചായത്തിലെ ആയിരത്തോളം പേര്‍ താമസിക്കുന്ന കുണ്ടുതോട് എന്ന പ്രദേശമാണ് ഈ ക്വാറിയ്ക്ക് താഴെയായി സ്ഥിതി ചെയ്യുന്നത്. കുണ്ടുതോട് അങ്ങാടിയില്‍ നിന്ന് നോക്കിയാല്‍ പണ്ട് പച്ചപ്പ് മാത്രമായിരുന്ന ഈ മേഖലയില്‍ ഇപ്പോള്‍ കാണുന്നത് തുരന്നു കിടക്കുന്ന മലയുടെ വയറു ഭാഗം മാത്രമാണെന്ന് നാട്ടുകാര്‍ പറയുന്നു.

എറണാകുളം സ്വദേശി സുല്‍ഫിക്കറിന്റെ ഉടമസ്ഥതയിലുള്ളതാണ് വട്ടിപ്പന കരിങ്കല്‍ ക്വാറിയെന്ന് നാട്ടുകാര്‍ പറയുന്നു. 2011ല്‍ പ്രവര്‍ത്തനാനുമതി ലഭിച്ച ക്വാറി, പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പിന്നീട് പഞ്ചായത്ത് ഖനനത്തിനുള്ള ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നില്ല. പക്ഷെ രേഖകള്‍ ഹാജരാക്കി ഹൈക്കോടതിയില്‍ നിന്ന് ക്വാറിയുടെ പ്രവര്‍ത്തനത്തിനായി കമ്പനി ലൈസന്‍സ് നേടിയെടുക്കുകയായിരുന്നു. എന്നാല്‍ നേരായ വഴിയിലൂടെയോ കൃത്യം വിവരങ്ങള്‍ നല്‍കിയോ ഉണ്ടാക്കിയ രേഖകളല്ല ഇതെന്നും നാട്ടുകാര്‍ പറയുന്നു.

ഇപ്പോള്‍ ഖനനം നടക്കുന്ന അതേ സ്ഥലത്ത് തന്നെയാണ് 1984ല്‍ ഉരുള്‍പൊട്ടലുണ്ടായി ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരണപ്പെട്ടതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ ഷൗക്കത്തലി എരോത്ത് പറയുന്നു.

”വട്ടിപ്പന മല കഴിഞ്ഞാല്‍ ബാണാസുര ഡാം നിലനില്‍ക്കുന്ന മലയാണുള്ളത്. ഈ മലയുടെ പള്ള ഭാഗമാണ് ഇപ്പോള്‍ തുരന്നു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ഇരുനൂറോളം ക്വാറികള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഇത്രയും ഉയരത്തില്‍ ഈയൊരു വലിപ്പത്തില്‍ മല തുരന്നുള്ള ഖനനം എവിടെയും കണ്ടിട്ടില്ല’ ഷൗക്കത്തലി പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാറ തുരക്കുന്നതിനോടൊപ്പം ക്വാറി വേസ്റ്റ് കുന്നു കണക്കിന് കൂട്ടിയിട്ടതും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. മഴ പെയ്ത് ഈ അവശിഷ്ടങ്ങള്‍ ഒലിച്ചിറങ്ങി തൊട്ടു താഴെയുള്ള കുണ്ടുതോട് പ്രദേശം മലിനമാകുന്ന സാഹചര്യവുമുണ്ട്. ക്വാറിയിലെ ഉപയോഗത്തിനായി കുന്നിന് മുകളില്‍ ജലസംഭരണി നിര്‍മ്മിച്ചതും അപകട ഭീഷണി ഉണ്ടാക്കുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

ക്വാറികള്‍ സൃഷ്ടിക്കുന്ന സ്ഥാനീയ കമ്പനങ്ങള്‍ (localised vibrations) മലഞ്ചെരിവുകളുടെ ദൃഢതയെ (Slope Stability) പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നതായി പഠനങ്ങള്‍ പറയുന്നുണ്ട്.

ഉരുള്‍പൊട്ടല്‍ സാധ്യതാ മാപ്പില്‍ ‘ഉയര്‍ന്ന അപകടം’ (High hazards) അടയാളപ്പെടുത്തിയ ഇടങ്ങളില്‍ ക്വാറി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്, ദ്രവിച്ച പാറകള്‍ക്കിടയിലെ വിള്ളലുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുകയും മേല്‍മണ്ണും ഉരുളന്‍പാറകളും ചേര്‍ന്ന ഉപരിതലവും താഴെയുള്ള കരിങ്കല്‍പ്പാറകളുമായി ചേരുന്ന ദുര്‍ബല പ്രതലങ്ങളില്‍ അമിതമായി ജലം ശേഖരിക്കപ്പെടുകയും താഴോട്ട് കിനിഞ്ഞിറങ്ങാതെ അതിശക്തമായി കുത്തിയൊലിച്ച് പുറത്തേക്ക് നിര്‍ഗ്ഗമിക്കുകയും ചെയ്യും.

കേരളത്തില്‍ ക്വാറി പ്രവര്‍ത്തനങ്ങള്‍ ശക്തമായി ആരംഭിച്ച 1980-90 കാലയളവ് തൊട്ട് തന്നെയാണ് പശ്ചിമഘട്ട മേഖലയിലെ ഉരുള്‍പൊട്ടലുകളുടെ എണ്ണത്തിലും വര്‍ദ്ധനവ് സംഭവിച്ചിരിക്കുന്നത് എന്നത് യാദൃശ്ചികമല്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

വട്ടിപ്പാറ പോലുള്ള അതീവ ദുര്‍ബലമായ പ്രദേശത്ത് ഇത്രയധികം ഭീഷണിയായി ഖനനം തുടരുന്നതിലെ അപകടം ജനങ്ങളുടെ സുരക്ഷയെയും പരിസ്ഥിതി സന്തുലനത്തെയും മുന്‍നിര്‍ത്തി അധികൃതര്‍ ആലോചിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആഗസ്റ്റ് 18ന് രാവിലെ ക്വാറിയിലേക്ക് ജനങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നിരുന്നു. സെപ്റ്റംബര്‍ 1ന് കുണ്ടുതോടില്‍ നടക്കുന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷന് ശേഷം സമരം ശക്തമാക്കാനാണ് പ്രദേശവാസികളും പരിസ്ഥിതിപ്രവര്‍ത്തകരും കരുതുന്നത്.