വിപ്ലവം കുറിക്കാന്‍ മാര്‍പാപ്പയില്ല; സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് വിലക്ക് തുടരുമെന്ന് പോപ് ഫ്രാന്‍സിസ്
World News
വിപ്ലവം കുറിക്കാന്‍ മാര്‍പാപ്പയില്ല; സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് വിലക്ക് തുടരുമെന്ന് പോപ് ഫ്രാന്‍സിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th March 2021, 8:08 am

റോം: സ്വവര്‍ഗ വിവാഹം അംഗീകരിക്കാനാകില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പാപത്തെ അനുഗ്രഹിക്കാന്‍ കഴിയാത്തതിനാല്‍ കത്തോലിക്കാ ചര്‍ച്ചിനും പുരോഹിതന്മാര്‍ക്കും സ്വവര്‍ഗ വിവാഹത്തിന് പൗരോഹിത്യം വഹിക്കാന്‍ സാധിക്കില്ലെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

രണ്ട് പേജുള്ള പ്രസ്താവന എഴ് ഭാഷകളിലായാണ് പുറത്തിറക്കിയിരിക്കുന്നത്. പോപ് ഫ്രാന്‍സ് അംഗീകരിച്ചതാണ് സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ ഓഫീസ് പുറത്തിറക്കിയ കുറിപ്പ്.

സ്വവര്‍ഗവിവാഹങ്ങളെ അനുഗ്രഹിക്കുന്നത് ശരിയായി കാണാനാകില്ല. കുടുംബ ബന്ധവുമായുള്ള ദൈവസങ്കല്‍പ്പത്തോട് ചേര്‍ന്നു നില്‍ക്കുന്നതല്ല സ്വവര്‍ഗവിവാഹമെന്നും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം ഗേ വ്യക്തികളെ ചര്‍ച്ച് അനുഗ്രഹിക്കുമെന്നും പോപ് ഫ്രാന്‍സിസ് കൂട്ടിച്ചേര്‍ത്തു. ഇതൊടെ സ്വവര്‍ഗവിവാഹവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാര്‍പാപ്പ വിപ്ലവകരമായ തീരുമാനം എടുക്കുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്.

നേരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വവര്‍ഗാനുരാഗികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ടെന്ന് പറഞ്ഞിരുന്നു. ഫ്രാന്‍സിസ്‌കോ എന്ന ഡോക്യുമെന്ററിയില്‍ മാര്‍പാപ്പ സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്ന പ്രസ്താവന നടത്തിയത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

2013ല്‍ മാര്‍പാപ്പയായി തെരഞ്ഞെടുത്തതിന് ശേഷം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെക്കൂടി പരിഗണിച്ചുള്ള അഭിപ്രായ പ്രകടനമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിവന്നത്. എന്നാല്‍ സ്വവര്‍ഗാനുരാഗികളുടെ കുടുംബ ബന്ധത്തിനുള്ള അവകാശങ്ങളുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരസ്യ നിലപാട് സ്വീകരിച്ചിരുന്നില്ല.

ഫ്രാന്‍സിസ്‌കോയിലൂടെ മാര്‍പാപ്പ സ്വവര്‍ഗാനുരാഗികളുടെ കുടുംബത്തിനുള്ള അവകാശം അംഗീകരിച്ചപ്പോള്‍ വിപ്ലവകരമായ മാറ്റത്തിന് അദ്ദേഹം തുടക്കമിടും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവന വലിയ ആശങ്കയാണ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്.

മാര്‍പാപ്പയായി തെരഞ്ഞെടുത്തതിന് പിന്നാലെ ഗേയായ വ്യക്തി പുരോഹിതനാകുന്നതിനോടുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ ഇതെല്ലാം വിധിക്കാന്‍ താന്‍ ആരാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സെപ്തംബറില്‍ എല്‍.ജി.ബി.ടി കുട്ടികളുടെ രക്ഷിതാക്കളോട് നിങ്ങളുടെ മക്കള്‍ എങ്ങിനെയാണോ അതുപോലെ ദൈവം അവരെ സ്നേഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vatican, Pope Francis say Catholic Church can’t bless same-sex marriages because God ‘can’t bless sin’