'പണ്ടത്തെ ശോഭനയായിരുന്നു ശോഭന'; പൊട്ടിച്ചിരിപ്പിച്ച് അനൂപ് സത്യന്റെ കമന്റ്; വരനെ ആവശ്യമുണ്ട് 'ബിഹൈന്‍ഡ് ദ സീന്‍' പുറത്തുവിട്ടു
Malayalam Cinema
'പണ്ടത്തെ ശോഭനയായിരുന്നു ശോഭന'; പൊട്ടിച്ചിരിപ്പിച്ച് അനൂപ് സത്യന്റെ കമന്റ്; വരനെ ആവശ്യമുണ്ട് 'ബിഹൈന്‍ഡ് ദ സീന്‍' പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd April 2020, 8:46 pm

കൊച്ചി: 2020 ലെ ആദ്യ ഹിറ്റുകളില്‍ ഒന്നായിരുന്നു സുരേഷ് ഗോപി, ശോഭന താരജോഡിയില്‍ എത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ശോഭനയുടെ കഥാപാത്രത്തിന് തന്റെ ചെറുപ്പത്തിലെ ഒരു ഫോട്ടോ ലഭിക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചത്. ഫോട്ടോ കൈയില്‍ പിടിച്ചുകൊണ്ട് എതിരെയുള്ള കണ്ണാടിയിലേക്ക് നോക്കുന്നതായാണ് ഷോട്ട്.

ഷോട്ട് എടുക്കുന്നതിനിടെ സംവിധായകന്‍ അനൂപ് സത്യന്റെ കമന്റാണ് വീഡിയോയുടെ ഹൈലൈറ്റ് ‘പണ്ടത്തെ ശോഭനയായിരുന്നു ശോഭന’ എന്നായിരുന്നു അനൂപിന്റെ കമന്റ്.

ശോഭനയടക്കം ഇതുകേട്ട് ചിരിക്കുന്നത് വിഡിയോയില്‍ കാണാം. വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശനും ദുല്‍ഖര്‍ സല്‍മാനുമാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

5 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപിയും ശോഭനയും വെള്ളിത്തിരയില്‍ വീണ്ടും ഒരുമിക്കുന്നത്. അനൂപ് സത്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഉര്‍വശി, മേജര്‍ രവി, ലാലു അലക്സ്, ജോണി ആന്റണി, കെ.പി.എ.സി ലളിത, വാഫാ ഖദീജ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭന മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. 2013ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലാണ് ശോഭന അവസാനമായി വേഷമിട്ടത്.ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ ജീവിതകഥ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ഒരു ഫണ്‍ ഫാമിലി എന്റര്‍ടെയ്നര്‍ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

മുന്‍പ് ഈ സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള സുരേഷ് ഗോപിയുടെയും ശോഭനയുടെയും ദുല്‍ഖറിന്റെയും അടക്കമുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.
ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ നേതൃത്വത്തില്‍ അണിയറയില്‍ രണ്ട് ചിത്രങ്ങള്‍ കൂടി പുരോഗമിക്കുന്നുണ്ട്.

അതില്‍ മൂന്നാമതായി പ്രഖ്യാപിച്ച ചിത്രമാണ് ഇതെങ്കിലും ആദ്യം തീയേറ്ററുകളിലെത്തിയത് അനൂപ് സത്യന്‍ ചിത്രമായിരുന്നു. കുറുപ്പ്, മണിയറയിലെ അശോകന്‍ എന്നീ ചിത്രങ്ങളാണ് ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന മറ്റു രണ്ട് ചിത്രങ്ങള്‍.

DoolNews Video