എഡിറ്റര്‍
എഡിറ്റര്‍
‘അയാളെ തൂക്കിലേറ്റണം’; ഗുര്‍മീതിനെതിരെ പ്രകടനവുമായി വാരണാസിയിലെ സന്യാസിമാര്‍
എഡിറ്റര്‍
Tuesday 29th August 2017 8:00am

വാരാണസി: ബലാത്സംഗ കേസില്‍ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിനെതിരെ പ്രതിഷേധവുമായി വാരണാസിയിലെ സന്ന്യാസിമാര്‍. റാം റഹീമിനെ തൂക്കിലേറ്റണം എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് സന്യാസിമാര്‍ പ്രകടനം നടത്തിയത്.

ബലാത്സംഗ കേസില്‍ പിടിക്കപ്പെടുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇന്നലെയാണ് ദേരാ സച്ചാ സൗധാന്‍ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെ ബലാത്സംഗ കേസില്‍ കോടതി 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. 15 ലക്ഷം രൂപ വിതം ഇരകള്‍ക്ക് നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്.


Also Read: മന്ത്രി തോമസ് ചാണ്ടിക്കെതിരായ അഴിമതി ആരോപണം വാര്‍ത്തയാക്കി അറബ് മാധ്യമം


റാം റഹീമിനെതിരെ രംഗത്തെത്തിയ വാരണാസിയിലെ സന്യാസിമാര്‍ പണത്തിനും പദവിക്കും കാമത്തിനും പിറകെ പോയ റാം റഹീം കുറ്റവാളിയാണെന്നു പറഞ്ഞു. ‘ഒരു യഥാര്‍ത്ഥ സന്ന്യാസി എല്ലാം ഉപേക്ഷിച്ച് ലളിതമായ ജീവിതം നയിക്കുന്നവനാണ്. റാം റഹീമിന് ശക്തമായ ശിക്ഷ തന്നെ നല്‍കണം. അയാളെ തൂക്കിലേറ്റണം’ സന്യാസിമാര്‍ പറഞ്ഞു.

ഗുര്‍മീത് കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ചയായിരുന്നു കോടതി കണ്ടെത്തിയത്. കോടതി വിധിയെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ കലാപം ആരംഭിച്ചിരുന്നു. വിവിധയിടങ്ങളില്‍ നടന്ന അക്രമങ്ങളില്‍ 36 പേരാണ് കൊല്ലപ്പെട്ടത്.

സുരക്ഷാകാരണങ്ങളാല്‍ റോഹ്തക്കിലെ ജയിലില്‍ തയ്യാറാക്കിയ പ്രത്യേക മുറിയില്‍ നിന്നായിരുന്നു ഇന്നലെ കോടതി ശിക്ഷ പ്രഖ്യാപിച്ചത്. വിധിക്ക് പിന്നാലെ ഗുര്‍മീതിന് ലഭിച്ച ശിക്ഷയില്‍ താന്‍ സംതൃപ്തയല്ലെന്ന് ബലാത്സംഗത്തിനിരയായ യുവതി പ്രതികരിച്ചിരുന്നു.

Advertisement