'സാധാരണ സിവില്‍ പ്രശ്‌നം അസാധാരണമായിരിക്കുന്നു'; വാരണാസി പള്ളിക്കേസിലെ വിധിക്ക് പിന്നാലെ തന്റെ സുരക്ഷയില്‍ ആശങ്കയറിയിച്ച് ജഡ്ജി
national news
'സാധാരണ സിവില്‍ പ്രശ്‌നം അസാധാരണമായിരിക്കുന്നു'; വാരണാസി പള്ളിക്കേസിലെ വിധിക്ക് പിന്നാലെ തന്റെ സുരക്ഷയില്‍ ആശങ്കയറിയിച്ച് ജഡ്ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th May 2022, 8:06 am

വാരണാസി: ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ നടത്താനുള്ള വിധിക്ക് പിന്നാലെ തന്റെ ജീവന് ഭീഷണിയെന്ന് വാരണാസി ജില്ലാ കോടതി ജഡ്ജി. വിധി പുറപ്പെടുവിച്ചതിന് പിന്നാലെ കുടുംബം തന്റെ സുരക്ഷയെ പറ്റി ആശങ്കാകുലരാണെന്ന് വരാണസി കീഴ്‌കോടതി സീനിയര്‍ ഡിവിഷനിലെ സിവില്‍ ജഡിജിയായ രവികുമാര്‍ ദിവാകര്‍ പറഞ്ഞു.

‘ഒരു സാധാരണ സിവില്‍ പ്രശ്‌നം ഇവിടെ അസാധാരണമായിരിക്കുകയാണ്. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കുടുംബം എന്റെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണ്. ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴെല്ലാം ഭാര്യ ആശങ്കപ്പെടുമായിരുന്നു. ഞാന്‍ സര്‍വേ സൈറ്റ് സന്ദര്‍ശിക്കുമെന്ന് മാധ്യമങ്ങളില്‍ ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, പക്ഷേ സുരക്ഷയെക്കുറിച്ച് ആശങ്കയുള്ളതിനാല്‍ അത് ചെയ്യരുതെന്ന് എന്റെ അമ്മ എന്നോട് പറഞ്ഞു,’ അദ്ദേഹം പറഞ്ഞു.

ഏപ്രിലിലാണ് ഗ്യാന്‍വ്യാപി മസ്ജിദിന് പുറത്തുള്ള സ്ഥലങ്ങളില്‍ സര്‍വേയും വീഡിയോഗ്രഫിയും നടത്താന്‍ വാരണാസി കോടതി ഉത്തരവിട്ടത്. ഗ്യാന്‍വാപി മസ്ജിദിന്റെ പുറം ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി സ്വദേശികളായ രാഖി സിംഗ്, ലക്ഷ്മി ദേവി, സീതാ സാഹു എന്നിവര്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു വാരാണസി ജില്ലാ കോടതി ഉത്തരവിറക്കിയത്.

പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേര്‍ന്നിരിക്കുന്ന പള്ളിയുടെ സ്ഥാനത്ത് പുരാതന കാലത്ത് ഹിന്ദുക്ഷേത്രം സ്ഥിതി ചെയ്തിരുന്നുവെന്നാണ് ആരോപണം.

വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ നടക്കുന്ന സര്‍വേകള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഇന്‍ഡോ-ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍(ഐ.ഐ.സി.എഫ്) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗ്യാന്‍വാപിയില്‍ നടക്കുന്ന സര്‍വേ 1991ലെ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

അയോധ്യ വിധി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഒഴിവാക്കില്ലെന്നും ആരാധനാലയ നിയമം നടപ്പാക്കുന്നതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും ഐ.ഐ.സി.എഫ് സെക്രട്ടറി അത്താര്‍ ഹുസൈന്‍ പറഞ്ഞു.

Content Highlight: Varanasi district court judge says his life is in danger following the decision to conduct a survey at Gyanwapi mosque