നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായി വനിത വിജയകുമാര്‍ വെള്ളിത്തിരയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
Kollywood
നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായി വനിത വിജയകുമാര്‍ വെള്ളിത്തിരയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th January 2021, 7:06 pm

ചെന്നൈ: തമിഴ്‌നടന്‍ വിജയ്കുമാറിന്റെ മകളും നടിയുമായ വനിത വിജയ്കുമാര്‍ വീണ്ടും വെള്ളിത്തിരയില്‍ സജീവമാകുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും നായികയായി അഭിനയരംഗത്തേക്കെത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തിലാണ് വനിത വീണ്ടും ചുവടുറപ്പിക്കുന്നത്.

ആദം ദാസന്‍ ആണ് സംവിധാനം ചെയ്യുന്നത്. പാമ്പു സട്ടൈ എന്ന ചിത്രമൊരുക്കിയാണ് ആദം ശ്രദ്ധേയനാവുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

vanitha

1995 ല്‍ വിജയുടെ നായികയായിട്ടാണ് വനിത വെള്ളിത്തിരയിലെത്തുന്നത്. ചന്ദ്രലേഖ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചതിന് പിന്നാലെ നടന്‍ ആകാശുമായി വിവാഹിതയായി. വിവാഹശേഷം അഭിനയത്തില്‍ നിന്നും മാറി നിന്നെങ്കിലും മറ്റ് പല മേഖലകളിലായി വനിത നിറഞ്ഞ് നിന്നിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ വനിതയുടെ വിവാഹവും തുടര്‍ന്നുള്ള വിവാദങ്ങളും ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് തന്റെ വ്യക്തിജീവിതത്തിനെതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ നടി തന്നെ രംഗത്തെത്തിയിരുന്നു. ഭര്‍ത്താവ് പീറ്റര്‍ പോളിനെ വീട്ടില്‍ നിന്നിറക്കി വിട്ടുവെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഭര്‍ത്താവായ പീറ്റര്‍ പോള്‍ മദ്യത്തിനും പുകവലിക്കും അടിമയാണെന്നും വീട്ടില്‍ നിന്നും പുറത്താക്കിയെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം സ്വയം ഇറങ്ങിപ്പോയതാണെന്നും വനിത പറഞ്ഞു.

വ്യക്തി ജീവിതത്തില്‍ വളരെ വിഷമം പിടിച്ച സാഹചര്യത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാജ പ്രചരണങ്ങളെ വിശ്വസിക്കരുതെന്നും അവര്‍ പറഞ്ഞിരുന്നു.

പീറ്റര്‍ പോളുമായി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹമാണിത്. ആദ്യത്തെ രണ്ടു വിവാഹത്തില്‍ നിന്നും വനിതക്ക് മൂന്ന് കുട്ടികള്‍ ഉണ്ട്. വിഷ്വല്‍ ഇഫക്ട്സ് ഡയറക്ടര്‍ ആയ പീറ്റര്‍ പോളിനെ കഴിഞ്ഞ ജൂണ്‍ 27ന് ആയിരുന്നു വനിത വിവാഹം കഴിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Vanitha Vijayakumar Backs In Kollywood