മുന്തിരിയാണോ ഓറഞ്ച് ആണോ കൂടുതല്‍ ഇഷ്ടം?; മോദി അക്ഷയ്കുമാര്‍ അഭിമുഖത്തെ ട്രോളി വല്ലാത്ത പഹയനും ശശി തരൂരും
Social Media
മുന്തിരിയാണോ ഓറഞ്ച് ആണോ കൂടുതല്‍ ഇഷ്ടം?; മോദി അക്ഷയ്കുമാര്‍ അഭിമുഖത്തെ ട്രോളി വല്ലാത്ത പഹയനും ശശി തരൂരും
ന്യൂസ് ഡെസ്‌ക്
Sunday, 12th May 2019, 9:57 pm

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അക്ഷയ്കുമാര്‍ നടത്തിയ അഭിമുഖമാണ് കഴിഞ്ഞ കുറച്ചുദിവസമായി സോഷ്യല്‍ മീഡിയ ചര്‍ച്ച. രാജ്യം നിര്‍ണായക തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ അക്ഷയ് കുമാര്‍ നടത്തിയ അഭിമുഖം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

ഇപ്പോഴിതാ അക്ഷയ്കുമാറിന്റെ അരാഷ്ട്രീയ അഭിമുഖത്തിനെതിരെ പരിഹാസവുമായി എത്തിയിരിക്കുകയാണ് ശശി തരൂരും, വല്ലാത്ത പഹയന്‍ എന്ന വ്‌ളോഗറായ വിനോദ് നാരായണനും.

വിനോദിന്റെ യൂട്യൂബ് ചാനലിന് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് അരാഷ്ട്രീയ അഭിമുഖത്തിനെ പരിഹസിച്ചത്. താന്‍ ഒരു അരാഷ്ട്രീയ അഭിമുഖമാണ് നടത്തുന്നത് എന്ന് പറഞ്ഞ് വിനോദ് നാരായണന്‍ ആദ്യ ചോദ്യമായി ചോദിച്ചത് മുന്തിരിയാണോ നാരങ്ങയാണോ കൂടുതല്‍ ഇഷ്ടം എന്ന ചോദ്യമായിരുന്നു. കേരളമായത് കൊണ്ട് മാങ്ങ പറ്റില്ലെന്നും തേങ്ങ വല്ലതുമാണോ എന്നും ചോദിക്കേണ്ടി  വരുമെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് രണ്ടും ഇഷ്ടമാണെങ്കിലും ഓറഞ്ചിനോടാണ് കൂടുതല്‍ താല്‍പ്പര്യമെന്നായിരുന്നു ശശി തരൂരിന്റെ ഉത്തരം.

മുൻ പ്രധാനമന്ത്രിമാരായ വാജ്പേയും മൻമോഹൻ സിങിനെയും ഒാർക്കുമ്പോൾ അവരുടെ മര്യാദയാണ് ഓർമവരുന്നതെന്നും, ഇപ്പോഴത്തെ പ്രധാനമന്ത്രി മരിച്ചുപോയ പ്രധാനമന്ത്രിയെ അപഹസിക്കുകയാണെന്നും തരൂർ വിമർശിച്ചു.


കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെകുറിച്ചും സാഹിത്യവും സിനിമയും എല്ലാം അഭിമുഖത്തില്‍ വിഷയമായിരുന്നു.

ഗുജറാത്തിലെ പട്ടേല്‍ പ്രതിമയെ കുറിച്ചും ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. ‘അരാഷ്ട്രീയ അഭിമുഖം’ എന്ന് വിശേഷിപ്പിച്ച് കൊണ്ട് അക്ഷയ് കുമാര്‍ നടത്തിയ അഭിമുഖത്തില്‍ മോദി മാങ്ങ കഴിക്കുന്നത് ചെത്തിയാണോ അതോ കടിച്ച് തിന്നുകയാണോ എന്നായിരുന്നു ചോദ്യം. മോദിയുടെ ഉറക്കം, തമാശ പറച്ചില്‍, ചായകുടി ശീലം തുടങ്ങിയ കാര്യങ്ങളൊക്കെയായിരുന്നു മറ്റു സംഭാഷണ വിഷയങ്ങള്‍.