പുലിമുരുകന്‍ രണ്ടാം ഭാഗത്തെ പറ്റി ഒരിക്കലും ആലോചിച്ചിട്ടില്ല: വൈശാഖ്
Film News
പുലിമുരുകന്‍ രണ്ടാം ഭാഗത്തെ പറ്റി ഒരിക്കലും ആലോചിച്ചിട്ടില്ല: വൈശാഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th March 2022, 11:51 pm

മലയാള സിനിമയില്‍ പുതിയൊരു അധ്യായം കുറിച്ച സിനിമയായിരുന്നു പുലി മുരുകന്‍. റിയലിസ്റ്റിക് സിനിമകള്‍ തരംഗമായിരുന്ന ആ സമയത്തായിരുന്നു ഒരു ഇടവേളക്ക് ശേഷമുള്ള മോഹന്‍ലാലിന്റെ കൊമേഴ്‌സ്യല്‍ സിനിമ ഇറങ്ങിയത്. ആദ്യമായി 150 കോടി നേടിയ മലയാള ചിത്രം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ പുലി മുരുകന്‍ കേരളത്തിന് പുറത്തേക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതിനു ശേഷം നിരവധി സിനിമാ പ്രേമികള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ പറ്റിയുള്ള ചോദ്യങ്ങളുയര്‍ത്തിയിരുന്നു. എന്നാല്‍ പുലിമുരുകനെ രണ്ടാം ഭാഗത്തെ പറ്റി ആലോചിച്ചിട്ടില്ല എന്ന് പറയുകയാണ് സംവിധായകന്‍ വൈശാഖ്.

സംവിധായകനെന്ന നിലയില്‍ ഞാനോ തിരക്കഥാകൃത്തോ അതിനെ പറ്റി ആലോചിച്ചിട്ടില്ലെന്നും അത് ഒരു വണ്‍ ടൈം വണ്ടര്‍ ആയി ചെയ്ത സിനിമയാണെന്നും വൈശാഖ് പറഞ്ഞു.

‘പുലി മുരുകന്‍ രണ്ടാം ഭാഗത്തെ ഒരിക്കലും ആലോചിച്ചിട്ടില്ല. സംവിധായകനെന്ന നിലയില്‍ ഞാനോ തിരക്കഥാകൃത്തോ അതിനെ പറ്റി ആലോചിച്ചിട്ടില്ല. അതിനെ കുറിച്ചൊരു ചര്‍ച്ച നടത്തിയിട്ടേയില്ല. പ്രായോഗികമായി അതിന് എത്രത്തോളം സാധ്യത ഉണ്ടെന്ന് അറിയില്ല.

അത് ഒരു വണ്‍ ടൈം വണ്ടര്‍ ആയി ചെയ്ത സിനിമയാണ്. അതിനൊരു രണ്ടാം ഭാഗം എന്നതിനെ പറ്റി എനിക്കറിയില്ല. അങ്ങനെയൊന്ന് ചിന്തിക്കാനുള്ള സാഹചര്യം വന്നിട്ടില്ല. ഇനി ചിന്തിക്കുമോയെന്ന് അറിയില്ല,’ വൈശാഖ് പറഞ്ഞു.

‘ഇതുപോലെ മധുരരാജ സിനിമ അവസാനിക്കുന്ന സമയത്ത് മിനിസ്റ്റര്‍ രാജാ എന്നൊരു കാര്‍ഡ് കാണിച്ചിരുന്നു. അതിനൊരു തുടര്‍ച്ച ഉണ്ടാവുക എന്ന സാധ്യതയെ മാത്രമാണ് സൂചിപ്പിച്ചത്. അങ്ങനെയൊരു പ്രൊജക്ട് പ്ലാന്‍ ഉണ്ടായിട്ടില്ല.

മോണ്‍സ്റ്ററിന് മുമ്പ് ആദ്യം മമ്മൂക്കയെ വെച്ചുള്ള പടമായിരുന്നു ചെയ്യേണ്ടിയിരുന്നത്. ന്യൂയോര്‍ക്ക് എന്നായിരുന്നു സിനിമയുടെ പേര്. ഷൂട്ടിംഗിന് വേണ്ടിയുള്ള പ്രോസസ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് കൊവിഡ് അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. വിദേശ രാജ്യത്ത് ഷൂട്ട് ചെയ്യേണ്ട സിനിമ ആയതിനാലും അങ്ങനെയൊരു സാഹചര്യമല്ലാത്തതിനാലും അത് നിര്‍ത്തിവെച്ചു.

അതിനു ശേഷം എല്ലാവരേയും പോലെ വീട്ടിലിരിക്കേണ്ടി വന്നു. ആ സമയത്താണ് മോണ്‍സ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഓണായത്,’ വൈശാഖ് കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാല്‍ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്ററിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഉദയ കൃഷ്ണയാണ് തിരക്കഥ.

റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത് സുകുമാരന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നൈറ്റ് ഡ്രൈവാണ് ഉടന്‍ റിലീസ് ചെയ്യുന്ന വൈശാഖ് ചിത്രം. മാര്‍ച്ച് പതിനൊന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിദ്ദീഖ്, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, കൈലാഷ്, മുത്തുമണി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.


Content Highlight: Vaishakh saids never thought about the second part of Puli Murugan