എഡിറ്റര്‍
എഡിറ്റര്‍
സാധാരണ പ്രസവമോ സിസേറിയനോ: പ്രസവം മാതാവിന്റെ ലൈംഗിക ജീവിതത്തെ ബാധിക്കുമോ?
എഡിറ്റര്‍
Thursday 7th December 2017 11:50am

പ്രസവം മാതാവിന്റെ ലൈംഗിക ശേഷിയെ ബാധിക്കുമോയെന്ന വിഷയത്തില്‍ പലര്‍ക്കും പല അഭിപ്രായമാണ്. സാധാരണ പ്രസവം മാതാവിന്റെ ലൈംഗികശേഷിയെ ബാധിക്കുമെന്ന് പല സ്ത്രീകളും ഭയപ്പെടുന്നുണ്ടെന്നാണ് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയത്. പ്രസവശേഷമുളള സെക്ഷ്വല്‍ ലൈഫിന് ഏറ്റവും നല്ലത് സിസേറിയന്‍ ആണെന്ന തരത്തില്‍ ടെലിവിഷന്‍ പരിപാടികളും പ്രചരണം നടത്തിയിട്ടുണ്ട്. പല സ്ത്രീകളും ഇത് വിശ്വസിക്കുന്നുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി.

ഏതുതരം പ്രസവമായാലും പ്രസവം ലൈംഗികശേഷിയില്‍ ഒരു മാറ്റവുമുണ്ടാക്കുന്നതിനായി ഗവേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് പറയുന്നത്. എന്നാല്‍ പല സ്ത്രീകളും ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കുമ്പോഴും അത് ഭാവിയില്‍ ലൈംഗികശേഷിയെ മോശമായി ബാധിക്കുമെന്ന ഭയമുളളവരാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

കാനഡയിലെ ക്യൂന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോ. കരോലിന്‍ പുകളിന്റെ നേതൃത്വത്തില്‍ ഒരു സംഘമാമ് ഇതിനെക്കുറിച്ച് പഠിച്ചത്. ബര്‍ത്ത് എന്ന ജേണലിലാണ് അവര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ അവതരിപ്പിക്കുന്നത്.

ഗര്‍ഭിണിയായിട്ടില്ലാത്ത അതേസമയം ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കുന്ന 1400ലേറെ സ്ത്രീകളിലാണ് പുകളും സഹപ്രവര്‍ത്തകന്‍ ജാക്ലിന്‍ കാപ്പലും സര്‍വ്വേ നടത്തിയത്. ഏതുതരം പ്രസവമാണ് ഇഷ്ടമെന്നും പ്രസവശേഷമുള്ള ലൈംഗികതയെക്കുറിച്ച് എന്താണ് അഭിപ്രായമെന്നും ഇവരോട് ആരാഞ്ഞു.

85% സ്ത്രീകളും സാധാരണ പ്രസവമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രസവശേഷം യോനിയ്ക്ക് അയവുവരുമെന്നാണ് ഇതില്‍ 48% പറയുന്നത്. അത് തങ്ങളുടെ ലൈംഗിക ജീവിതത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷവും ഭയക്കുന്നുണ്ട്. ഭാവിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്തുന്നത് പ്രശ്‌നമാവാതിരിക്കാന്‍ സിസേറിയനാണ് നല്ലതെന്നാണ് 48% വിശ്വസിക്കുന്നത്. ടി.വി ഷോകളില്‍ നിന്നും മറ്റുമാണ് ഈ ‘അറിവ്’ കിട്ടിയതെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.

‘പല ആളുകളുടെയും ജീവിതത്തിലെ പ്രധാന ആശങ്കകളിലൊന്നാണ് ലൈംഗികശേഷിയുമായി ബന്ധപ്പെട്ടത്. ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കുമ്പോള്‍ പലരുടെയും മനസില്‍ ഉണ്ടാവുന്ന പ്രധാന ആശങ്കകളിലൊന്നും ഇതാണ്. ചിലര്‍ മാധ്യമങ്ങളുടെ സ്വാധീനത്താല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.’ ഈ വിഷയത്തെക്കുറിച്ച് പഠിക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് പുകള്‍ റോയിറ്റേഴ്‌സ് ഹെല്‍ത്തിനോടു പറഞ്ഞു. സ്ത്രീകളിലെ തെറ്റിദ്ധാരണ ഇല്ലാതാക്കുകയെന്നതായിരുന്നു പഠനത്തിന്റെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

Advertisement