കൊവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി കുറഞ്ഞത് ഒരു വര്‍ഷത്തേക്കുണ്ടാകുമെന്ന് വൈറോളജിസ്റ്റ് ഡോ. വി. രവി
national news
കൊവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി കുറഞ്ഞത് ഒരു വര്‍ഷത്തേക്കുണ്ടാകുമെന്ന് വൈറോളജിസ്റ്റ് ഡോ. വി. രവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th May 2021, 4:09 pm

ബെംഗളൂരു: നിലവിലെ കൊവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി കുറഞ്ഞത് ഒരു വര്‍ഷത്തേക്കുണ്ടാകുമെന്ന് പ്രശസ്ത വൈറോളജിസ്റ്റ് ഡോ. വി. രവി.

കൊവിഡ് മൂന്നാം തരംഗം- വാക്സിനേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ എന്ന വിഷയത്തെ ആസ്പദമാക്കി വിമന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച വെബിനാറിലാണ് രവി ഇക്കാര്യം പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുഴപ്പം സൃഷ്ടിക്കുന്ന വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടാത്ത പക്ഷം വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടു മുതല്‍ മൂന്നുവര്‍ഷം വരെ മഹാമാരിയില്‍നിന്ന് സംരക്ഷണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തേക്ക് സംരക്ഷണം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ കൊവിഡ് മൂന്നാം തരംഗം ഒഴിവാക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷം പലരും അശ്രദ്ധ കാണിച്ചു. ഇന്ത്യക്കാരുടെ പ്രതിരോധശക്തി കാരണം രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഉണ്ടാവില്ലെന്ന് പറഞ്ഞു. എന്നാല്‍ യഥാര്‍ഥത്തില്‍ ഇന്ത്യ ഇപ്പോള്‍ രണ്ടാംതരംഗത്തിലൂടെ കടന്നുപോവുകയാണ്- രവി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൊവിഡ് 19 വാക്‌സിനുകളുടെ ഉത്പാദനം വലിയ തോതില്‍ ഇന്ത്യ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ നേരത്തെ പറഞ്ഞിട്ടുണ്ട്.

വിദേശത്ത് നിന്ന് ഡോസുകള്‍ വാങ്ങുന്നതിനുള്ള സമഗ്രമായ നീക്കവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

‘ ജൂലൈ അവസാനത്തോടെ പ്രതിദിനം ഒരു കോടി ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. അതിന് വേണ്ടി ഇന്ത്യ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയും വിദേശത്ത് നിന്ന് കഴിയുന്നത്ര വാക്സിനുകള്‍ വാങ്ങുകയും ചെയ്യേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറി

 

Content Highlights: Vaccines effective for at least 1 year,