വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി; സഭയില്‍ എത്താതെ വി. ശിവന്‍കുട്ടി
Kerala News
വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി; സഭയില്‍ എത്താതെ വി. ശിവന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th July 2021, 11:34 am

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രാജി വെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് പിന്‍വലിക്കാനുള്ള അപേക്ഷയില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതി ഏതെങ്കിലും വ്യക്തിയെ കുറ്റക്കാരനായി കണ്ടിട്ടില്ലെന്നും ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പി.ടി. തോമസ് എം.എല്‍.എ. നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സഭയുടെ പ്രിവിലേജ് നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേസ് പിന്‍വലിക്കാനുള്ള അവകാശമുണ്ടോ ഇല്ലയോ എന്നതാണ് വിഷയം. കേസ് പിന്‍വലിക്കണമെന്ന ഹരജിയിലെ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമോ അസാധാരണമോ അല്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം വി. ശിവന്‍കുട്ടി ഇന്ന് നിയമസഭയില്‍ ഹാജരായില്ല. അനാരോഗ്യത്തെ തുടര്‍ന്നാണ് സഭയില്‍ എത്താതിരുന്നതെന്ന് ചൂണ്ടിക്കാട്ടി ശിവന്‍കുട്ടി സ്പീക്കര്‍ക്ക് അവധി അപേക്ഷ നല്‍കി.

കയ്യാങ്കളി കേസില്‍ സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്നും കനത്ത തിരിച്ചടിയാണ് നേരിട്ടത്. കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസമന്ത്രി ഉള്‍പ്പെടെ വിചാരണ നേരിടണമെന്ന വിധി ഗുരുതരമാണെന്നാണ് അടിയന്തര പ്രമേയത്തിന് മറുപടി നല്‍കിക്കൊണ്ട് പി.ടി. തോമസ് പറഞ്ഞത്.

മന്ത്രി രാജി വെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ഹരജി ബുധനാഴ്ചയാണ് കോടതി തള്ളിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: V Sivankutty doesn’t come at assembly, CM supports education minister