എഡിറ്റര്‍
എഡിറ്റര്‍
കേരളം മുങ്ങിത്താഴുമ്പോള്‍ സര്‍ക്കാരിന്റെ ശ്രദ്ധ തട്ടിപ്പ് ബന്ധങ്ങളില്‍: വി.എസ്
എഡിറ്റര്‍
Sunday 30th June 2013 5:23pm

v.s-new2

തിരുവനന്തപുരം: മഴക്കെടുതിയില്‍ ##ദുരിതം അനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് ##വി.എസ് അച്യുതാനന്ദന്‍. മഴമൂലം കനത്ത നാശനഷ്ടങ്ങളാണ് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും നിരവധി പ്രദേശങ്ങള്‍ കുടിവെള്ളം പോലും ലഭിക്കാതെ ഒറ്റപ്പെട്ട് പോയെന്നും വി.എസ് പറഞ്ഞു.

കുട്ടനാട്ടില്‍ പതിനായിരക്കണക്കിനേക്കറിലെ കൃഷിയാണ് പൂര്‍ണമായും നശിച്ചുപോയി.  അപ്പര്‍ കുട്ടനാട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. ഇവിടങ്ങളിലെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നതില്‍ ഗുരുതരമായ വീഴ്ച്ച സംഭവിച്ചതായി തനിക്ക് ബോധ്യപ്പെട്ടതായും വി.എസ് പ്രസ്താവനയില്‍ പറയുന്നു.

Ads By Google

മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ തുടരുകയാണ്. മരണസംഖ്യ ഉയരാതിരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കേരളം ദുരിതക്കയത്തില്‍ മുങ്ങിത്താഴുമ്പോള്‍ മുഖ്യമന്ത്രിയുടെ തട്ടിപ്പ് ബന്ധങ്ങളിലും മുന്നണിക്കകത്തെ പടലപ്പിണക്കങ്ങളിലും മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി.

ഉമ്മന്‍ചാണ്ടിയെയും മറ്റ് മന്ത്രിമാരെയും സംരക്ഷിക്കുന്നതില്‍ മാത്രമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ എല്ലാ ശ്രദ്ധയും.   തലസ്ഥാന ജില്ലയില്‍പോലും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.

കടല്‍ക്ഷോഭംമൂലം നിരവധി മത്സ്യതൊഴിലാളികളുടെ വീട് കടലെടുത്തു. ഒരു നിമിഷംപോലും ഉപേക്ഷ വരുത്താതെ കൃഷിനാശം സംഭവിച്ചവര്‍ക്ക് ആശ്വാസമേകാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് സുരക്ഷിതമായ താല്‍ക്കാലിക പുനരധിവാസം ഒരുക്കണമെന്നും തകര്‍ന്ന റോഡുകളും പാലങ്ങളും അറ്റകുറ്റപ്പണി നടത്താന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ കൈക്കൊള്ളുകയും പ്രാഥമിക ആശുപത്രികളില്‍ മരുന്നും ഡോക്ടര്‍മാരും ഉണ്ടെന്ന് ഉറപ്പുവരുത്തണം.
ഉത്തരേന്ത്യന്‍ പ്രളയക്കെടുതികള്‍ മാത്രമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നിട്ടുള്ളത്.  കേരളത്തിലെ മഴക്കെടുതികള്‍ കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്തി അടിയന്തര സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും വി.എസ് ആവശ്യപ്പെട്ടു.

Advertisement