എഡിറ്റര്‍
എഡിറ്റര്‍
ദേവസ്വം ഓര്‍ഡിനന്‍സില്‍ മാറ്റമുണ്ടാകില്ലെന്ന് വി.എസ് ശിവകുമാര്‍
എഡിറ്റര്‍
Friday 26th October 2012 11:02am

തിരുവനന്തപുരം: ദേവസ്വം ഓര്‍ഡിനന്‍സില്‍ മാറ്റമുണ്ടാകില്ലെന്ന് മന്ത്രി വി.എസ് ശിവകുമാര്‍. ഓര്‍ഡിനന്‍സിലെ വ്യവസ്ഥകളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

ആക്ഷേപങ്ങള്‍ നിയമസഭയില്‍ ഓര്‍ഡിനന്‍സ് ചര്‍ച്ച ചെയ്യുന്ന വേളയില്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദേവസ്വം അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശം ഈശ്വരവിശ്വാസമുള്ള എം.എല്‍.എമാര്‍ക്ക് മാത്രമായി നിജപ്പെടുത്തിക്കൊണ്ടുള്ള വ്യവസ്ഥയോട് പ്രതിപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

Ads By Google

ദൈവവിശ്വാസമില്ലാത്തവര്‍ ദൈവിക കാര്യങ്ങളില്‍ ഇടപെടുന്നത് എന്തിനെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ ചോദിച്ചിരുന്നു. വിശ്വാസമുണ്ടെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ സി.പി.ഐ.എം എം.എല്‍.എമാര്‍ക്കും വോട്ട് ചെയ്യാമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

ഇതിനിടെ വനിതാ അംഗത്തെ ദേവസ്വം ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

ദേവസ്വം ഓര്‍ഡിനന്‍സ് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ക്ക് വോട്ടവകാശം നിഷേധിക്കുന്നത് ശരിയല്ല. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കാത്തത് സ്ത്രീകളെ അവഹേളിക്കുന്നതിന് തുല്യമാണ്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അഴിമതിക്ക് വേണ്ടിയുള്ളതാണെന്നും പിണറായി കുറ്റപ്പെടുത്തി.

ഹിന്ദുമത വിശ്വാസിയാണെന്ന് സത്യവാങ്മൂലം നല്‍കിയാല്‍ മാത്രമേ ദേവസ്വം ബില്ലില്‍ വോട്ട് ചെയ്യാന്‍ എം.എല്‍.എ മാര്‍ക്ക് അവകാശം നല്‍കൂ എന്നതാണ് പുതിയ ദേവസ്വം ഓര്‍ഡിനന്‍സിലെ വ്യവസ്ഥ.

Advertisement