എഡിറ്റര്‍
എഡിറ്റര്‍
സോളാര്‍: കോടികളുടെ കുംഭകോണത്തിന് ഉമ്മന്‍ ചാണ്ടിയുടെ പിന്തുണയെന്ന് വി.എസ്
എഡിറ്റര്‍
Tuesday 18th June 2013 10:02am

V.S. Achuthananthan

തിരുവനന്തപുരം:  സോളാര്‍ വിവാദം നിയമസഭയ്ക്കകത്തും പുകത്തും കത്തുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തില്‍ നിന്നും ഒരടി പോലും പിന്നോക്കമില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.

നിയമസഭ സമ്മേളിച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി പ്രതിപക്ഷ കക്ഷികള്‍ എഴുന്നേറ്റു. എന്നാല്‍ വെറും അഞ്ച് മിനുട്ട് കൊണ്ട് സഭ അവസാനിപ്പിക്കുന്നതായി സ്പീക്കര്‍ ഉത്തരവിടുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.

Ads By Google

ഭരണകക്ഷികള്‍ ക്കൊപ്പം നില്‍ക്കുന്ന സ്പീക്കറുടെ സമീപനം അങ്ങേയറ്റം അപലപനീയമാണ്. സ്പീക്കര്‍ നിഷ്പക്ഷനാണെന്നാണ് ഇത്രയും കാലം കരുതിയത്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ആളാകണം സ്പീക്കര്‍.

എന്നാല്‍ ഭരണകക്ഷികളുടെ കോടിക്കണക്കിന് അഴിമതിക്ക് കുടപിടിക്കുന്ന സമീപനമാണ് ഇപ്പോള്‍ സ്പീക്കര്‍ കാണിച്ചിരിക്കുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി.

കൊലപാതക കേസിലും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസിലും അകപ്പെട്ട ഒരാളുമായി മുഖ്യമന്ത്രി ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുകയാണ്. ഇതിന് പോലീസിനെ കാവലും നിര്‍ത്തി.

ആദ്യ ഭാര്യയെ വിഷം കൊടുത്തുകൊന്ന ഘാതകനുമായി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് എന്താണ് ഇടപാട് ? മുഖ്യമന്ത്രി അയാളെ സംരക്ഷിക്കുകയായിരുന്നു. ഇയാളുമായുള്ള കാഴ്ച തരപ്പെടുത്തിക്കൊടുത്തത് ഒരു എം.പിയും.

തട്ടിപ്പും വെട്ടിപ്പും കൊലപാതകവും നടത്തുന്ന ഇത്തരം നാശങ്ങളെ എന്തിന് വേണ്ടിയാണ് മുഖ്യമന്ത്രി തോളിലിട്ട് നടക്കുന്നതെന്ന് വ്യക്തമാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

ഇതിനെതിരെ പ്രതിപക്ഷം നടത്തുന്ന സമരത്തോട് പുല്ലുവില പോലും ഭരണകക്ഷികള്‍ കല്‍പ്പിക്കുന്നില്ല. നിങ്ങള്‍ എന്ത് ചെയ്താലും ഞങ്ങള്‍ അത് വകവെക്കുന്നില്ലെന്ന സമീപനമാണ് ഭരണപക്ഷത്തിന്റേത്.

ഈ സാഹചര്യത്തില്‍ ഇക്കാര്യമത്രയും ജനങ്ങളോട് പറയുകയും ഇതിനെതിരെ പ്രതികരിക്കാന്‍ ജനങ്ങളെ അണിനിരത്തുകയുമല്ലാതെ പ്രതിപക്ഷത്തിന്റെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല.

കോടിക്കണക്കിന് രൂപയുടെ കുംഭകോണത്തിനാണ് മുഖ്യമന്ത്രി പിന്തുണ നല്‍കുന്നത്. പിന്തുണ നല്‍കിയെന്ന് മാത്രമല്ല അതിന്റെ പങ്കുപറ്റുകയും ചെയ്തു. ഇതിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കണം.

ഇക്കാര്യം സഭയില്‍ ഉന്നയിച്ചപ്പോള്‍ സഭ പിരിച്ചുവിട്ടുകൊണ്ടാണ് സ്പീക്കര്‍ ഇതിനെ പ്രതിരോധിച്ചതും ഭരണപക്ഷത്തെ സംരക്ഷിച്ചതും.

സ്പീക്കര്‍ ഏകപക്ഷീയമായാണ് നടപടി കൈക്കൊള്ളുന്നത്. ഭരണകക്ഷിയുടെ ഏത് കൊള്ളരുതായ്മ്മയ്ക്കും കൂട്ടുനില്‍ക്കുന്ന സമീപനമാണ് സ്പീക്കറുടേത്.

കേരളത്തില്‍ പട്ടിണിയും പനിമരണവും കൂടുന്ന ഈ സാഹചര്യത്തില്‍ അതിനെതിരെ ഒന്നും ചെയ്യാതെ ഭരണപക്ഷം കയ്യുംകെട്ടി നോക്കിനില്‍ക്കുകയാണ്.

നിയമനങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ കോഴ പറ്റിയുള്ള പ്രവര്‍ത്തിയാണ് എല്ലാ മേഖലയിലും നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ജനകീയ സമരം ഉയര്‍ന്നുവരണം.

പതിനായിരം കോടി രൂപയുടെ അഴിമതിയാണ് സോളാറില്‍ നടന്നതെന്ന് ഉമ്മന്‍ ചാണ്ടിയുടെ ബന്ധു പി.സി ജോര്‍ജ് തന്നെ വെളിപ്പെടുത്തി. വസ്തുതകളില്ലാതെ ഒരു കാര്യവും പറയുന്ന ആളല്ല പി.സി ജോര്‍ജ്. കേസെടുക്കുന്നെങ്കില്‍ എടുക്കട്ടെ എന്ന് കരുതി അദ്ദേഹം ഇതെല്ലാം വിളിച്ചുപറയുകയാണ്.

ഗത്യന്തരമില്ലാതെയാണ് ജോര്‍ജ് ഇതെല്ലാം വിളിച്ചുപറയുന്നത്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കൂടി അറിയേണ്ടതുണ്ട്. അത് കൂടുതലൊന്നും അറിയാനില്ല. കാരണം മന്‍മോഹന്‍ സിങ്ങും ഉമ്മന്‍ ചാണ്ടിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്.

ഈ വിഷയത്തില്‍ ആന്റണി ഇതുവരെ ഒന്നും ശബ്ദിച്ചിട്ടില്ല. എന്താണ് കാരണം, അഴിമതി നടന്നു എന്ന് അദ്ദേഹത്തിനും വ്യക്തമാണെന്നും വി.എസ് പറഞ്ഞു.

Advertisement