എഡിറ്റര്‍
എഡിറ്റര്‍
തൊഴിലാളി പ്രസ്ഥാനങ്ങളെ തകര്‍ക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം: അച്യുതാനന്ദന്‍
എഡിറ്റര്‍
Tuesday 2nd October 2012 12:51pm

തിരുവനന്തപുരം: കുടുംബശ്രീയുടെ വളര്‍ച്ചയില്‍ കോണ്‍ഗ്രസിന് കണ്ണുകടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഇതുമൂലമാണ് ജനശ്രീ പോലൊരു സംഘടനയെ ജനങ്ങളുടെ മേല്‍ കെട്ടിവെയ്ക്കാന്‍ യു.ഡി.എഫ് ശ്രമിക്കുന്നതെന്നും വി.എസ് ആരോപിച്ചു.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ കുടുംബശ്രീ സംരക്ഷണവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രാപ്പകല്‍ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.

Ads By Google

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയില്‍പെടുത്തി ജനശ്രീയ്ക്ക് 14 കോടിയില്‍ പരം രൂപ അനുവദിച്ചതിനെതിരെയാണ് പ്രതിഷേധം.
കുടുംബശ്രീയ്ക്ക് അനുവദിച്ച ഫണ്ട് കോണ്‍ഗ്രസിന്റെ പോഷകസംഘടനകളുടെ പോക്കറ്റിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.

സംസ്ഥാന സര്‍ക്കാര്‍ തെറ്റുതിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഇല്ലെങ്കില്‍ സെക്രട്ടറിയേറ്റിന്റെ മുന്നില്‍ നിന്നും ഉമ്മന്‍ചാണ്ടിയുടെ വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ വരെ സമരം എത്തുമെന്നും വി.എസ് മുന്നറിയിപ്പ് നല്‍കി.

എക്കാലത്തും തൊഴിലാളി പ്രസ്ഥാനങ്ങളെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കാറ്. എന്നാല്‍ ഇത് ഇനിയും അനുവദിച്ച് തരില്ല.

കേരളത്തിന്റെ ദാരിദ്ര്യനിര്‍മാര്‍ജനത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടിയാണ് കുടുംബശ്രീ രൂപം കൊണ്ടത്. പഞ്ചായത്ത്-ബ്ലോക്ക് തലത്തിലും നഗരസഭാ തലത്തിലും മികച്ച പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ നടത്തുന്നത്.

വിജയത്തിലെത്താന്‍ സാധ്യതയില്ലാത്ത പല സര്‍ക്കാര്‍ പദ്ധതികളും കുടുംബശ്രീ പ്രവര്‍ത്തകര്‍ വിജയിപ്പിച്ചിട്ടണ്ട്. നെല്‍കൃഷി, പച്ചക്കറി കൃഷി തുടങ്ങിയ രംഗങ്ങളിലെല്ലാം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നത്.

സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അടക്കം നിരവധി നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി നിരവധി കുടുംബശ്രീ പ്രവര്‍ത്തകരും സമരത്തിനെത്തിയിട്ടുണ്ട്.

Advertisement