എഡിറ്റര്‍
എഡിറ്റര്‍
നായര്‍-ഈഴവ ഐക്യം വര്‍ഗീയതയല്ലെന്ന് വെള്ളാപ്പള്ളി: വേണ്ടത് മാനവിക ഐക്യമെന്ന് വി.എസ്
എഡിറ്റര്‍
Thursday 6th June 2013 12:50am

v.s-vellappally

തിരുവനന്തപുരം: നായര്‍-ഈഴവ ഐക്യമല്ല അതിനതീതമായ മാനവിക ഐക്യമാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.

നായര്‍-ഈഴവ ഐക്യം സാമൂഹിക നീതിക്കുവേണ്ടിയാണെന്നും ഇതുകണ്ട് ആരും നെറ്റിചുളിക്കേണ്ടെന്നും വി.എസിന് വെള്ളാപ്പള്ളി മറുപടി നല്‍കി.

എസ്.എന്‍.ഡി.പി. യോഗം തിരുവനന്തപുരം യൂണിയന്റെ യൂണിയന്‍ മന്ദിരോദ്ഘാടന വേദിയിലാണ് ഇരുവരും വാക്കുകള്‍കൊണ്ട് കൊമ്പുകോര്‍ത്തത്.

Ads By Google

നായര്‍ ഈഴവ ഐക്യം തരാതരം സൗകര്യപൂര്‍വം ഉപയോഗിക്കുന്നവര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് പൊതുസമ്മേളനം ഉദ്ഘാടനംചെയ്ത വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും അപകടകരമാണ്. സാമുദായികമെന്ന സങ്കുചിതചിന്ത വലിച്ചെറിഞ്ഞ് മുന്നേറണം. എസ്.എന്‍.ഡി.പി. ആദ്യകാല നേതാക്കളുടെ പൈതൃകമാണ് ഏറ്റെടുക്കേണ്ടതെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

എന്നാല്‍ വി.എസ്. ഈഴവനായതിനുശേഷമാണ് കമ്മ്യൂണിസ്റ്റായതെന്ന് ഓര്‍ക്കണമെന്ന് വി.എസ്സിന് മറുപടിയായി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

നായര്‍ഈഴവ ഐക്യമെന്നത് വര്‍ഗീയതയല്ല. ഭൂരിപക്ഷ സമുദായ ഐക്യമാണ് വേണ്ടത്. ഇത് മറ്റുള്ളവരുടെ അവകാശങ്ങള്‍ പിടിച്ചുപറിക്കാനല്ല. സാമൂഹികനീതി എല്ലാ വിഭാഗങ്ങളിലും എത്തണം.

സര്‍ക്കാരിന്റെ ഭരണം വണ്‍വേ ട്രാഫിക് ആകരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്.എന്‍.ഡി.പി യോഗം തിരുവനന്തപുരം യൂണിയന്‍ പ്രസിഡന്റ് സി.എസ്. സുജാതന്‍ അധ്യക്ഷനായിരുന്നു. കേന്ദ്ര മന്ത്രി ശശി തരൂര്‍, പ്രീതി നടേശന്‍, യൂണിയന്‍ സെക്രട്ടറി കിളിമാനൂര്‍ ചന്ദ്രബാബു, എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍,

കെ. മുരളീധരന്‍ എംഎല്‍എ, യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, അസിസ്റ്റന്റ് സെക്രട്ടറി എസ്. രഞ്ജിത്, ഡയറക്ടര്‍മാരായ കുമാരപുരം രാജേഷ്, ധന്യ ബാബു, യൂണിയന്‍ വൈസ് പ്രസിഡന്റ് ജി.വി. ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വെള്ളയമ്പലത്തു നിര്‍മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം വെള്ളാപ്പള്ളി നിര്‍വഹിച്ചു.

Advertisement