മുറിയുടെ വാതില്‍ തുറക്കാന്‍ എന്നെയൊന്ന് സഹായിക്കണം, എനിക്കതിന് പറ്റുന്നില്ല- ഇങ്ങിനെ പറഞ്ഞ് റിസപ്ഷനില്‍ നിന്ന് ഒരു ഹോട്ടല്‍ ജീവനക്കാരനെ കൂട്ടി അയാള്‍ ലിഫ്റ്റ് കയറാന്‍ വന്നു. അതേ ലിഫ്റ്റില്‍ എനിക്കും അഞ്ചാം നിലയിലേക്ക് പോകേണ്ടതുണ്ട്. അവര്‍ ഇരുവര്‍ക്കൊപ്പം ഞാനും ലിഫ്റ്റില്‍ കയറി. ആദ്യമായാണ് നേരില്‍ കാണുന്നതെങ്കിലും വാതില്‍ തുറക്കാന്‍ സഹായമഭ്യര്ഥിച്ചയാളെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു. നിങ്ങള്‍, മണിയന്പിള്ളയല്ലേ?. ഞാന്‍ ചോദിച്ചു. അതെ. നിങ്ങളെ മനസ്സിലായില്ല എന്ന് പറഞ്ഞ് പിള്ള നിറഞ്ഞു ചിരിച്ചു. പുസ്തകം വായിച്ച് നിങ്ങളുടെ ആരാധകനായ ഒരു വായനക്കാരനാണ് ഞാന്‍ എന്ന് പറഞ്ഞത് അദ്ദേഹത്തിന് ഏറെ ഇഷ്ടമായി എന്നു തോന്നി. ഇന്ദുഗോപനെ കണ്ടില്ലേ? അങ്ങേരില്ലായിരുന്നെങ്കില് ഞാന്‍ ഇവിടം വരെ എത്തുമായിരുന്നില്ല എന്ന് പിള്ള പ്രതികരിച്ചു.
ഇതെന്താ വാതില്‍ തുറക്കാന്‍ ബുദ്ധിമുട്ട്?
എനിക്ക് പുതിയ സംഗതികളൊന്നും ഒട്ടും പിടിയില്ല. മാറിയ കാലത്തിന്റെ രീതികളില്‍ പലതും അറിയില്ല.
പുസ്തകത്തിന്റെ കാര്യങ്ങള്‍ എങ്ങിനെയുണ്ട്?
ഇപ്പോള്‍ തമിഴില്‍ വന്നിട്ടുണ്ട്. ‘തിരുടന്‍ മണിയന്പിള്ളെ’ എന്നാണ് തലക്കെട്ട്- അദ്ദേഹം പറഞ്ഞു.
അപ്പോഴേക്കും ലിഫ്റ്റ് അഞ്ചാം നിലയില്‍ എത്തി. മൂന്നു പേരും ഇറങ്ങി. പിള്ളയുടെ മുറി ഇലക്ട്രോണിക് കാര്‍ഡ് ഹാന്‍ഡിലില്‍ കാണിച്ച് ഹോട്ടല്‍ ജീവനക്കാരന് തുറന്നു കൊടുത്തു. പിള്ള അത് നോക്കി നിന്നു. അത് കാണാന്‍ ഞാനും നിന്നു. മുറിയിലേക്ക് കയറുമ്പോള്‍ നിറഞ്ഞു ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു, കാലം മാറി, വാതിലുകളും!
ഈ കൂടിക്കാഴ്ച കഴിഞ്ഞ് കുറച്ചു സമയത്തിനു ശേഷം കോഴിക്കോട് ബീച്ചില്‍ കെ.എല്‍.എഫില്‍ (കേരള സാഹിത്യ ഉല്‍സവം) മണിയന് പിള്ളയും ജി.ആര്. ഇന്ദുഗോപനും തമ്മിലുള്ള സംഭാഷണ പരിപാടി നടന്നു. ഇന്ദുഗോപന് തയ്യാറാക്കിയ പുസ്തകം ‘തസ്കരന് മണിയന് പിള്ളയുടെ ആത്മകഥ’യില്‍ നിന്നാരംഭിച്ച സംഭാഷണം കേട്ടിരുന്നവരെ ആകര്‍ഷിച്ചു. ആ സെഷനില്‍ പിള്ളയുടെ പെര്‍ഫോമന്‍സ് അവിസ്മരണീയമായി മാറുന്നതിന് കടപ്പുറത്തെ ജനക്കൂട്ടം സാക്ഷ്യം വഹിച്ചു.
ബേപ്പൂര്‍ സുല്‍ത്താന്റെ വീട്ടില്‍ നിന്നും മോഷ്ടിക്കുകയും പിന്നീടത് തിരിച്ചു കൊടുക്കുകയും ചെയ്ത കാര്യം പിള്ള പറഞ്ഞു. കള്ളന് എന്ന പേര് എത്ര തലമുറ കഴിഞ്ഞാലും മാറില്ലെന്നും കള്ളന്റെ കഥ കേള്‍ക്കാന്‍ എല്ലാവര്ക്കും താല്പര്യമുണ്ടാകുമെങ്കിലും ഒരിക്കലും കള്ളനാകാന്‍ ആരും ശ്രമിക്കരുതെന്നും വികാരവായ്പ്പോടെ അദ്ദേഹം പറഞ്ഞു. എല്ലാവരും പുസ്തകം വാങ്ങണമെന്നും അതാണ് തനിക്കു കിട്ടുന്ന ശിക്ഷയെന്നും അതിലൂടെ കിട്ടുന്ന റോയല്‍റ്റി കൊണ്ടാണ് പത്ത് പതിനാറു കൊല്ലമായി ജീവിക്കുന്നതെന്നും പിള്ള സദ്ദസ്സിനോട് പറഞ്ഞത് അവിടെയുണ്ടായിരുന്നവര്‍ക്ക് എളുപ്പത്തില്‍ മറക്കാന്‍ കഴിയില്ല.
മണിയന്‍പിള്ള
ഇന്ന് പത്രങ്ങളില്‍ ‘തിരുടന്‍ മണിയന്പിള്ളെ’ ക്ക് വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച വാര്‍ത്ത വായിച്ചപ്പോള്‍ പിള്ള തനിക്ക് തുറക്കാന്‍ പറ്റാത്ത വാതിലിനു മുന്നില്‍ നിന്നത് ഓര്‍മ്മ വന്നു. അപൂര്‍വ്വ സ്വഭാവത്തിലുള്ള ഈ പുസ്തകം മലയാളത്തില്‍ വേണ്ട വിധത്തില്‍ അടയാളപ്പെടുത്തപ്പെട്ടുവോ എന്ന് സംശയം.
ആശാന്റെ നളിനിയെ അറിയാം, ഇതാരാണ് ഈ നളിനി ജമീലയെന്ന് പരിഹസിച്ച ആ അഭിരുചി തന്നെയായിരിക്കണം തസ്ക്കരന്റെ ആത്മകഥയോടും വായനാ സ്ഥാപനങ്ങളും വരേണ്യ വായനാ സമൂഹവും വെച്ചു പുലര്‍ത്തിയത്. പുസ്തകത്തിന്റെ തമിഴ് വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം ഒരു നിലയില്‍ മലയാളിയുടെ അഭിരുചിയെ, അതുവഴി സാഹിത്യ സ്ഥാപനങ്ങളെ വെല്ലുവിളിച്ചിരിക്കുന്നു. അതോടൊപ്പം പുസ്തകം സാധാരണ വായനക്കാരനെ നന്നായി ആകര്‍ഷിച്ചുവെന്ന് അതിന്റെ വില്‍പ്പനക്കണക്ക് പറയുന്നുമുണ്ട്. ഡി.സി.ബുക്ക്സ് പുറത്തിറക്കിയ പുസ്തകത്തിന്റെ ഒന്‍പതാം പതിപ്പാണ് ഇപ്പോള്‍ വിപണിയിലുളളത്.
പുരസ്ക്കാരം നേടിയ തമിഴ് വിവര്ത്തകന് കുളച്ചല്‍ യൂസുഫിനെക്കുറിച്ച് ഒരു പത്രത്തില്‍ ഇങ്ങിനെ കാണാം- ദാരിദ്ര്യം മൂലം പഠനം മുടങ്ങിയിട്ടും വായനയിലൂടെ മലയാളം പഠിച്ചെടുത്തു വിവര്‍ത്തകനായി മാറിയ ആളാണ് കന്യാകുമാരി സ്വദേശിയായ യൂസുഫ് എന്ന്-.
കുളച്ചല്‍ യൂസുഫ്
ഓ, മണിയന്‍പിള്ളയുടെ പേരില്‍ ഇപ്പോഴും ഒരു മോഷണക്കേസുണ്ട്, ആ കേസിന്റെ പേരിലാണ് ആത്മകഥ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പ് അത് നിര്‍ത്തിവെച്ചത്, അവാര്‍ഡ് വാര്‍ത്തയോട് എഴുത്തുകാരനായ സുഹൃത്ത് ഇങ്ങിനെയാണ് പ്രതികരിച്ചത്. അത് മലയാളിയുടെ വായനയുടെ പൊതുഭാവം തന്നെ. കള്ളനു കഞ്ഞിവെച്ചാല്‍ ഇങ്ങിനെയിരിക്കും എന്ന് അക്കാലത്ത് ഒരു ആഴ്ചപ്പതിപ്പില്‍ ലേഖനം വന്നു. ഇത്തരമൊരു ആത്മകഥയോട് എങ്ങിനെയാണ് നമ്മള് പ്രതികരിക്കുക എന്നതിന്റെ ഉത്തമോദാഹരണമായിരുന്നു ആ ലേഖനം.
കേരള നിയമസഭയിലും പുസ്തകം എതിര്‍ക്കപ്പെട്ടു. പാഠപുസ്തകമാക്കാനുള്ള തീരുമാനത്തെ യു.ഡി.എഫ് സഭയില്‍ എതിര്‍ത്തു. കുട്ടികള്‍ കള്ളന്മാരെക്കുറിച്ചല്ല പഠിക്കേണ്ടത് എന്നായിരുന്നു അവരുടെ വാദം. എന്റെ പുസ്തകം ആരേയും നിര്‍ബന്ധിച്ച് പഠിപ്പിക്കേണ്ടതില്ലെന്ന് മണിയന് പിള്ള പ്രസ്താവനയുമായി രംഗത്തു വന്നതോടെ ആ വിവാദം കെട്ടടങ്ങി. തമിഴിലും തെലുങ്കിലും മലയാളത്തിലും പുസ്തകത്തെ കേന്ദ്രീകരിച്ച് സിനിമ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ കരാറുകളില്‍ മണിയന് പിള്ള ഒപ്പിട്ടു കഴിഞ്ഞു.
പുസ്തകം മണിയന്‍പിള്ളയുടെ ജീവിതത്തെ എങ്ങിനെ മാറ്റി? മലയാള പുസ്തകത്തിന്റെ റോയല്‍റ്റി, സിനിമാ പ്രോജക്ടുകളില്‍ നിന്നും ലഭിച്ച മുന്‍കൂര്‍ റോയല്‍റ്റി എന്നിവ പിള്ളയെ നികുതി (ടി.ഡി.എസ്) നല്‍കേണ്ട ഒരു പൗരനാക്കി മാറ്റിയിരിക്കുന്നു!. മലയാളത്തിലെ സാംസ്കാരിക/സാഹിത്യ സ്ഥാപനങ്ങള്‍ക്ക് നല്കാന് കഴിയാത്ത ബഹുമതി തമിഴിലൂടെ, കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരമായി കരസ്ഥമാക്കാന്‍ പുസ്തകത്തിനു കഴിഞ്ഞിരിക്കുന്നു. നന്ദി, കുളച്ചല്‍ യൂസുഫ്.