ഭരണഘടനയെ പറ്റി ഒരു ചുക്കും അറിയില്ലെന്ന് തെളിയിക്കുന്ന പ്രസ്താവന; സജി ചെറിയാനെതിരെ വി. മുരളീധരന്‍
Kerala News
ഭരണഘടനയെ പറ്റി ഒരു ചുക്കും അറിയില്ലെന്ന് തെളിയിക്കുന്ന പ്രസ്താവന; സജി ചെറിയാനെതിരെ വി. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th July 2022, 6:39 pm

തിരുവനന്തപുരം: ഭരണ ഘടനക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവനക്കെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഭരണഘടനയെ പറ്റി ഒരു ചുക്കും അറിയില്ലെന്ന് തെളിയിക്കുന്നതാണ് സജി ചെറിയാന്റെ പ്രസ്താവയെന്ന് വി. മുരളീധരന്‍ പറഞ്ഞു.

മന്ത്രി ഭരണഘടനയെ അവഹേളിച്ചത് രാജ്യവിരുദ്ധമാണ്. ഭരണഘടനയോടുള്ള കൂറില്ലായമയാണ് മന്ത്രി പ്രകടിപ്പിച്ചത്. ബ്രിട്ടീഷുകാര്‍ പറഞ്ഞത് എഴുതിയത് മാത്രമായി കാണുന്ന മന്ത്രിയുടേത് വിവരക്കേട് മാത്രമല്ല.
സി.പി.ഐ.എം നേതൃത്വം സംഭവത്തെ ലഘുകരിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ ആകില്ല. ആവര്‍ത്തിച്ചുപറയുന്നത് എങ്ങനെയാണ് നാക്കുപിഴ ആകുന്നത്. ഇങ്ങനെ ഒരാളെ മന്ത്രിസഭയില്‍ വച്ചുകൊണ്ടിരിക്കാന്‍ രാജ്യത്ത് നിയമം അനുവദിക്കുന്നില്ല.

മുഖ്യമന്ത്രിയും ഭരണഘടനയെ അവഹേളിക്കാന്‍ കൂട്ടു നില്‍ക്കുകയാണ്. സജി ചെറിയാന്റെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങണം. ഖേദ പ്രകടനമാണ്, മാപ്പ് പറയാന്‍ പോലും മന്ത്രി തയ്യാറായിട്ടില്ലെന്ന് വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയെ കുറിച്ച് നടത്തിയ പരാമര്‍ശം വന്‍വിവാദത്തിന് വഴിവെച്ചതിന് പിന്നാലെ നിയമസഭയില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ മറുപടി നല്‍കി. ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്ന് സജി ചെറിയാന്‍ പറഞ്ഞു.

പ്രസംഗമധ്യേയുള്ള പരാമര്‍ശങ്ങള്‍ ഏതെങ്കിലും രീതിയില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും താന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ക്ക് പ്രചാരണം ലഭിക്കാനും ഇടവന്നിട്ടുണ്ടെങ്കില്‍ അതില്‍ അതിയായ ദുഃഖവും ഖേദവും പ്രകടിപ്പിക്കുന്നെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.