തുടര്‍ഭരണം കിട്ടുമെന്ന പ്രതീക്ഷ സി.പി.ഐ.എമ്മിന് നഷ്ടമായെന്ന് ധനമന്ത്രിയുടെ സാമ്പത്തിക പ്രഖ്യാപനം തെളിയിച്ചു: വി. ഡി സതീശന്‍
Kerala News
തുടര്‍ഭരണം കിട്ടുമെന്ന പ്രതീക്ഷ സി.പി.ഐ.എമ്മിന് നഷ്ടമായെന്ന് ധനമന്ത്രിയുടെ സാമ്പത്തിക പ്രഖ്യാപനം തെളിയിച്ചു: വി. ഡി സതീശന്‍
ന്യൂസ് ഡെസ്‌ക്
Thursday, 17th September 2020, 8:53 am

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ സാമ്പത്തിക പ്രഖ്യാപനം തുടര്‍ഭരണം കിട്ടുമെന്ന സി.പി.ഐ.എമ്മിന്റെ പ്രതീക്ഷ നഷ്ടമായെന്ന് വ്യക്തമാക്കുന്നതായി വി. ഡി സതീശന്‍ എം.എല്‍.എ. സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി കട്ട് സെപ്തംബര്‍ ഒന്ന് മുതല്‍ ആറ് മാസത്തേക്ക് കൂടി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ധനമന്ത്രി പറഞ്ഞതിന് പിന്നാലെയായിരുന്നു എം.എല്‍.എയുടെ പ്രതികരണം.

കൊവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി 2020 ഏപ്രില്‍ 1 മുതല്‍ സര്‍ക്കാര്‍ കട്ട് ചെയ്ത് എടുത്ത ജീവനക്കാരുടെ ശമ്പളം പി.എഫില്‍ ലയിപ്പിക്കും. 2021 ജൂണ്‍ 1 -ാം തീയതി തൊട്ട് പിന്‍വലിക്കാം. ഇനിയും 6 മാസത്തേക്ക് 6 ദിവസത്തെ ശമ്പളം വീതം പിടിക്കും. അതും ഇതുപോലെ പി എഫില്‍ ലയിപ്പിച്ച് 2021 ജൂണ്‍ 1 ന് പിന്‍വലിക്കാം. ലീവ് സറണ്ടര്‍ ആനുകൂല്യവും പിഎഫില്‍ ലയിപ്പിക്കും. അതും ഇത് പോലെ 2021 ജൂണ്‍ 1 മുതല്‍ പിന്‍വലിക്കാം. എന്നാല്‍ ഈ കാലാവധി തെരഞ്ഞെടുപ്പും കഴിഞ്ഞ് അടുത്ത സര്‍ക്കാരിന്റെ ബാധ്യതയായിട്ടല്ലേ വരിക എന്ന് വിഡി സതീശന്‍ ചോദിച്ചു.

ലോക്ക് ഡൗണിനെ തുടര്‍ന്ന് സര്‍ക്കാര്‍ 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിനായി ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളം മാറ്റി വെച്ച് സഹായിച്ചത് പോലെ സെപ്തംബര്‍ മുതല്‍ ആറു മാസത്തേക്ക് ആറു ദിവസത്തെ ശമ്പളം പിടിക്കുമെന്നാണ് ധനമന്ത്രി അറിയിച്ചത്.

ഇതിന് പുറമെ കൂടുതല്‍ തുക സംഭാവനയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കാന്‍ സൗകര്യമുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ അടുത്തതായി തെരഞ്ഞെടുക്കുന്ന സര്‍ക്കാരിന്റെ തലയിലേക്ക് ഇത്രയും കോടി രൂപയുടെ ബാധ്യത കെട്ടി വെക്കാന്‍ ശ്രമിക്കുന്ന ധനമന്ത്രി ഇത്രയും വലിയ സാമ്പത്തിക വിദഗ്ധനാണെന്ന് ഇപ്പോഴാണ് മനസ്സിലായതെന്ന് വി. ഡി സതീശന്‍ പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഡോ.തോമസ് ഐസക്കിന്റെ സാമ്പത്തിക പ്രഖ്യാപനം കേട്ടപ്പോള്‍ ഒരു കാര്യം ബോധ്യമായി. തുടര്‍ഭരണം കിട്ടുമെന്നുള്ള പ്രതീക്ഷ സി പി എം കൈവിട്ടിരിക്കുന്നു.

2020 ഏപ്രില്‍ 1 മുതല്‍ സര്‍ക്കാര്‍ കട്ട് ചെയ്ത് എടുത്ത ജീവനക്കാരുടെ ശമ്പളം പി.എഫില്‍ ലയിപ്പിക്കും. 2021 ജൂണ്‍ 1 -ാം തീയതി തൊട്ട് പിന്‍വലിക്കാം. ഇനിയും 6 മാസത്തേക്ക് 6 ദിവസത്തെ ശമ്പളം വീതം പിടിക്കും. അതും ഇതുപോലെ പി എഫില്‍ ലയിപ്പിച്ച് 2021 ജൂണ്‍ 1 ന് പിന്‍വലിക്കാം.

ലീവ് സറണ്ടര്‍ ആനുകൂല്യവും പി എഫില്‍ ലയിപ്പിക്കും. അതും 2021 ജൂണ്‍ 1 മുതല്‍ പിന്‍വലിക്കാം.

അല്ല മാഷെ, ഈ 2021 ജൂണ്‍ 1 എന്ന് പറയുമ്പോള്‍ ഈ സര്‍ക്കാരിന്റെ കാലാവധിയും കഴിഞ്ഞ് തിരഞ്ഞെടുപ്പും കഴിഞ്ഞ് അടുത്ത സര്‍ക്കാര്‍ അധികാരത്തില്‍ വരില്ലേ?

ഇത്രയും കോടി രൂപയുടെ ബാധ്യത അടുത്ത സര്‍ക്കാരിന്റെ തലയിലിരിക്കട്ടെ അല്ലെ

ഇത്രയും വലിയ സാമ്പത്തിക വിദഗ്ദനാണെന്ന് ഇപ്പോഴാണ് മനസ്സിലായത് !

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: V.D Satheesan MLA says ldf government won’t get next rule