ഹല്‍ദ്വാനിയില്‍ സംഘര്‍ഷം സൃഷ്ടിച്ചുവെന്ന് ആരോപിക്കപ്പെടുന്ന അബ്ദുല്‍ മാലിക്കിനെ അറസ്റ്റ് ചെയ്ത് ഉത്തരാഖണ്ഡ് പൊലീസ്
national news
ഹല്‍ദ്വാനിയില്‍ സംഘര്‍ഷം സൃഷ്ടിച്ചുവെന്ന് ആരോപിക്കപ്പെടുന്ന അബ്ദുല്‍ മാലിക്കിനെ അറസ്റ്റ് ചെയ്ത് ഉത്തരാഖണ്ഡ് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th February 2024, 10:09 am

ഡെറാഡൂണ്‍: നിയമവിരുദ്ധമായി ഹല്‍ദ്വാനിയിലെ പള്ളിയും മദ്രസയും പൊളിച്ചതില്‍ സംഘര്‍ഷം സൃഷ്ടിച്ചുവെന്ന് ആരോപിക്കപ്പെടുന്ന അബ്ദുല്‍ മാലിക്കിനെ അറസ്റ്റ് ചെയ്ത് ഉത്തരാഖണ്ഡ് പൊലീസ്. മദ്രസ പൊളിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം മനഃപൂര്‍വം സൃഷ്ടിച്ചതാണെന്നും അതിന്റെ സൂത്രധാരന്‍ അബ്ദുല്‍ മാലിക്കാണെന്നും പൊലീസ് ആരോപിച്ചിരുന്നു.

അനധികൃതമായി ഉത്തരാഖണ്ഡിലെ ജില്ലാ ഭരണകൂടം തകര്‍ത്ത പള്ളിയും മദ്രസയും നില്‍ക്കുന്ന ഭൂമി മാലിക്കിന്റെതാണെന്നാണ് പൊലീസിന്റെ വാദം.

മദ്രസ പൊളിക്കാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുല്‍ മാലിക് നേരത്തെ ഉത്തരാഖണ്ഡ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം നാല് ദിവസത്തിന് ശേഷം നഗരത്തില്‍ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഘര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിഷയത്തില്‍ കമ്മീഷണര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവ്.

വര്‍ഗീയ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നൈനിറ്റാള്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് പ്രഹ്‌ലാദ് മീണ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

അനധികൃതമെന്ന് ആരോപിച്ച് മസ്ജിദും മദ്രസയും പൊളിച്ചുമാറ്റാനുള്ള നീക്കത്തിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തിനെതിരെ പൊലീസ് വെടിയുതിര്‍ക്കുകയും ആറ് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ഉണ്ടായി.

സംഭവ സ്ഥലത്ത് ഷൂട്ട് അറ്റ് സൈറ്റ് ഉള്‍പ്പെടെയുള്ള ഉത്തരവുകളും പുറപ്പെടുവിച്ചിരുന്നു. ഇത് വര്‍ഗീയകലാപമല്ലെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് വന്ദന സിങ് പറഞ്ഞത്. ഇത് സാമൂഹിക വിരുദ്ധര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകോപനകരമായ പ്രവൃത്തിയാണെന്നും വന്ദന പറഞ്ഞു.

Content Highlight: Uttarakhand Police arrests Abdul Malik for allegedly creating unrest in Haldwani