എഡിറ്റര്‍
എഡിറ്റര്‍
ഉത്തരാഖണ്ഡിലെ പ്രളയം: മരണം 200 കടന്നു
എഡിറ്റര്‍
Friday 21st June 2013 12:45am

flood2

ന്യൂദല്‍ഹി: കനത്തെ മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും മരിച്ചവരുടെ എണ്ണം 200 കടന്നു.

പ്രളയത്തില്‍ കുടുങ്ങിയവരെ സുരക്ഷിതസ്ഥാനങ്ങളില്‍ എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കു സുപ്രീം കോടതി നിര്‍ദേശം നല്‍കി.

Ads By Google

ദുരിതാശ്വാസ നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് 25നു സമര്‍പ്പിക്കണമെന്നും ജസ്റ്റിസുമാരായ എ.കെ. പട്‌നായിക്, രഞ്ജന്‍ ഗൊഗോയി എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.

ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികളുടെ ഒരുസംഘം ഇന്നലെ നാട്ടിലേക്കു തിരിച്ചു.

റോഡുകള്‍ തകര്‍ന്നതിനാല്‍ അവശ്യസാധനങ്ങള്‍ എത്തിക്കുന്നതില്‍ പ്രയാസമുണ്ട്. കണ്ണൂര്‍ കൊടയ്ക്കാട് യോഗക്ഷേമസഭ യൂണിറ്റിലെ 55 അംഗ തീര്‍ഥാടക സംഘം സുരക്ഷിതരായി ഡല്‍ഹിയിലെത്തി.

ഇന്നലെ മംഗള എക്‌സ്പ്രസില്‍ നാട്ടിലേക്കു തിരിച്ചു. പണിക്കേഴ്‌സ് ട്രാവല്‍സില്‍ നിന്നുള്ള, 25 മലയാളികള്‍ ഉള്‍പ്പെടെയുള്ള സംഘം ഇന്ന് ദല്‍ഹിയിലെത്തും.

തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു മലയാളിസംഘങ്ങള്‍ കൂടി വഴിയില്‍ കുടുങ്ങിയിട്ടുണ്ട്. ചെറുസംഘങ്ങളായും ഒറ്റയ്ക്കും പോയിട്ടുള്ളവരെ കുറിച്ചു വിവരം ലഭ്യമല്ല.

അഞ്ചുദിവസങ്ങള്‍ക്ക് ശേഷം പര്‍വതമേഖലയില്‍ വീണ്ടും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പുനല്‍കി. യഥാര്‍ഥ മരണസംഖ്യ ഭീകരമായിരിക്കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു.

യമുനയിലെ ജലനിരപ്പ് 206.83 മീറ്ററായി കുറഞ്ഞെങ്കിലും അപകടനിരപ്പിന് മുകളിലാണ്. ഓള്‍ഡ് ദല്‍ഹി ഇരുമ്പുപാലത്തിലൂടെ നിയന്ത്രിത വേഗത്തില്‍ റയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ദല്‍ഹിയിലെ ദുരിതാശ്വാസ ക്യാംപുകളില്‍ അയ്യായിരത്തോളം പേരുണ്ട്.

ഇന്നുചേരുന്ന ഉന്നതതല യോഗം ദുരിതാശ്വാസ പ്രവര്‍ത്തനം വിലയിരുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു. കൂടുതല്‍ ഹെലികോപ്റ്ററുകള്‍ ലഭ്യമാക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ സഹായം തേടിയതായി അദ്ദേഹം പറഞ്ഞു.

പ്രളയബാധിത മേഖലയില്‍ അകപ്പെട്ടവരുടെ സഹായത്തിനായി കേരള ഹൗസില്‍ നോര്‍ക്കാ സെല്ലിനു കീഴില്‍ ഹെല്‍പ്‌ലൈന്‍ തുറന്നു. നമ്പര്‍: 011-23383275, 011-23384373, 08130420402.

ബദരീനാഥിന് അടുത്തു ഭോലഗിരി ആശ്രമത്തില്‍ കഴിയുന്ന ശിവഗിരി മഠത്തിലെ സന്യാസിമാര്‍ അടക്കമുള്ളവരെ തിരികെയെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

പ്രളയമേഖലയില്‍ കുടുങ്ങിയ 399 തമിഴ് തീര്‍ഥാടകരെ ഹെലികോപ്റ്ററില്‍ ദല്‍ഹിയിലെത്തിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ഡല്‍ഹി തമിഴ്‌നാട് ഹൗസില്‍ ഹെല്‍പ് സെന്റര്‍ തുറന്നു.

ശിവഗിരിയില്‍നിന്നുള്ള തീര്‍ഥാടകസംഘത്തെ ദല്‍ഹിയിലെത്തിക്കാന്‍ ഐ.ടി.ബി.പിയുടെ ഹെലികോപ്റ്റര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

Advertisement