യു.പി എന്ന സവര്‍ണ തീവ്രവാദികളുടെ റിപബ്ലിക്
Hathras Gang Rape
യു.പി എന്ന സവര്‍ണ തീവ്രവാദികളുടെ റിപബ്ലിക്
ഷഫീഖ് താമരശ്ശേരി
Saturday, 3rd October 2020, 9:51 pm

കന്നുകാലികള്‍ക്ക് തീറ്റ കൊടുക്കാനായി, പുല്ലരിയാന്‍ അമ്മയോടൊപ്പം പോയ ഒരു ദളിത് പെണ്‍കുട്ടിയെ മേല്‍ജാതിക്കാരായ യുവാക്കള്‍ പിടിച്ചുകൊണ്ടുപോയി അതി ക്രൂരമായ വിധത്തില്‍ ലൈംഗിക അതിക്രമങ്ങള്‍ക്കിരയാക്കുന്നു. സംഭവം പുറത്തുപറയാതിരിക്കാനായി പെണ്‍കുട്ടിയുടെ നാവ് അരിഞ്ഞശേഷം പ്രതികള്‍ രക്ഷപ്പെടുന്നു. കാണാതായ പെണ്‍കുട്ടിയെ തിരഞ്ഞുനടന്ന അമ്മ കാണുന്നത് ചോരയില്‍ കുളിച്ചുകിടന്ന തന്റെ മകളെ.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ പെണ്‍കുട്ടി മരണപ്പെടുന്നു. ഡല്‍ഹിയിലെ ആശുപത്രിയില്‍ നിന്നും ഗ്രാമത്തിലെത്തിച്ച പെണ്‍കുട്ടിയുടെ മൃതദേഹം പകല്‍ സമയത്ത് പരമ്പരാഗത ആചാരങ്ങളോടെ സംസ്‌കരിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം അധികൃതര്‍ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടിലേക്ക് പോലും കൊണ്ടുപോകാതെ രാത്രിക്ക് രാത്രി പൊലീസുകാര്‍ ബലം പ്രയോഗിച്ച് കത്തിച്ചുകളയുന്നു.

പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കോ, രാഷ്ട്രീയ നേതാക്കള്‍ക്കോ ഗ്രാമത്തിലേക്കോ, പെണ്‍കുട്ടിയുടെ വീട്ടിലേക്കോ എത്താന്‍ സാധിക്കാത്ത വിധത്തില്‍ പൊലീസ് സന്നാഹത്തെ ഉപയോഗിച്ച് പ്രദേശത്ത് അടിയന്തിരാവസ്ഥ തീര്‍ക്കുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയ്ക്കും മറ്റ് ബന്ധുക്കള്‍ക്കും പുറംലോകത്തോട് ആശയവിനിമയം നടത്താനുള്ള എല്ലാ വഴികളും കൊട്ടിയടയ്ക്കുന്നു. കുടുംബത്തിന് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് തെരുവിലിറങ്ങുന്നവരെയെല്ലാം ഭരണകൂട അധികാരമുപയോഗിച്ച് അടിച്ചൊതുക്കുന്നു.

ഇതിനിടയില്‍ പെണ്‍കുട്ടി ലൈംഗിക അതിക്രമങ്ങള്‍ക്കിരയായിട്ടില്ല എന്ന തരത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇന്ത്യയില്‍, ‘ജനാധിപത്യ ഇന്ത്യയില്‍’ ഒരു സംസ്ഥാനത്ത് അരങ്ങേറുന്ന സംഭവങ്ങളാണിത്. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ നടന്ന നീചമായ ഈ സംഭവം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉത്തര്‍പ്രദേശില്‍ നടന്നുകൊണ്ടിരിക്കുന്ന തുടര്‍ അക്രമ പരമ്പരകളില്‍ ഒന്നുമാത്രമാണ്. സംഘപരിവാറിന്റെ സവര്‍ണ രാഷ്ട്രീയാധികാരം ഇന്ത്യയിലെ ദളിത് ന്യൂനപക്ഷങ്ങളെ പീഡിപ്പിച്ചും കൊലപ്പെടുത്തിയും മുന്നേറുകയാണോ, ഉത്തര്‍പ്രദേശ് ഇന്ത്യയുടെ റേപ്പ് ക്യാപ്പിറ്റല്‍ ആയി മാറുകയാണോ.

യോഗി ആദിത്യനാഥിന്റെ ഭരണത്തിന് കീഴില്‍ ഉത്തര്‍പ്രദേശ് എന്ന സംസ്ഥാനം കൊലപാതകങ്ങളുടെയും ആള്‍ക്കൂട്ട ആക്രമണങ്ങളുടെയും ലൈംഗിക അതിക്രമങ്ങളുടെയും പൊലീസ് ക്രൂരതകളുടെയും നാടായി മാറിക്കൊണ്ടിരിക്കുകയാണ്. ദളിതരും ന്യൂനപക്ഷങ്ങളും സ്ത്രീകളും സംസ്ഥാനത്ത് നിരന്തരം ആക്രമിക്കപ്പെടുന്നു. സ്ത്രീ പീഡനങ്ങള്‍ നിത്യസംഭവങ്ങളായി മാറുന്നു. അക്രമികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുന്ന നിലപാടാണ് പൊലീസും ബി.ജെ.പി സര്‍ക്കാരും സ്വീകരിച്ചുവരുന്നത്.

ബി.ജെ.പി എം.എല്‍.എ ശിക്ഷിക്കപ്പെട്ട ഉന്നാവോ സംഭവമടക്കം സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ നിരന്തര വാര്‍ത്തകളാണ് ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തുവന്നത്. വാര്‍ത്തയാവാതെ പോയ അനേകം സംഭവങ്ങള്‍ വേറെയുമുണ്ട്. ഹാത്രാസ് സംഭവം രാജ്യത്തെ പിടിച്ചുകുലുക്കുന്നതിനിടയില്‍ തന്നെ യു.പിയിലെ ബല്‍റാംപുര്‍ ജില്ലയില്‍ ഇരുപത്തിനാലുകാരിയായ ദളിത് യുവതി പീഡനത്തിന് ഇരയായെന്ന വാര്‍ത്തയും പുറത്തുവന്നു.

ഹാത്രാസില്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷം നാവുകള്‍ മുറിച്ചുമാറ്റിയെങ്കില്‍, ലാഖിംപൂര്‍ ജില്ലയില്‍ 13 കാരിയായ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെ ശേഷം കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയാണ് അക്രമികള്‍ ചെയ്തത്. യോഗിയുടെ മൂക്കിന് താഴെ ഖോരക്പൂരില്‍ നടന്ന മറ്റൊരു സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ സിഗരറ്റ്കൊണ്ട് ദേഹമാസകലം പൊള്ളലേല്‍പ്പിക്കുകയാണുണ്ടായത്.

ഇവിടെ ആക്രമണത്തിനിരയാവുന്നവരില്‍ 95 ശതമാനവും ദലിത് പെണ്‍കുട്ടികള്‍ ആണെന്നതാണ് ഏറ്റവും ദയനീയവും ഭയാനകവുമായ വസ്തുത. എല്ലാ സംഭവങ്ങളിലും അക്രമകാരികള്‍ മേല്‍ജാതിക്കാരായ ഒരു കൂട്ടമാണ്. മിക്കസംഭവങ്ങളിലും ഇരകളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ക്രൂരമായി കൊലപ്പെടുത്തുകയാണ് പതിവ്. ഈ സംഭവങ്ങള്‍ക്കെല്ലാം സമാനതകളും കാണാം.

ആക്രമിക്കപ്പെടുന്ന സ്ത്രീകളുടെ സാമൂഹിക പശ്ചാത്തലം, പ്രതികള്‍ക്ക് ലഭിക്കുന്ന നിയമപരവും അല്ലാത്തതുമായ പരിരക്ഷ, അക്രമ സംഭവങ്ങള്‍ പുറം ലോകമറിയാതെ മൂടി വെയ്ക്കുന്ന രീതി, ഇതെല്ലാം പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. മേല്‍ജാതിക്കാരായ ക്രിമിനലുകള്‍ മാത്രമല്ല ഇവിടെ പ്രതികള്‍. ദളിത് ജീവിതങ്ങള പിച്ചിച്ചീന്തി, കൊലപാതകങ്ങളും പീഡനങ്ങളും നടത്തി മുന്നേറാനുള്ള ധൈര്യവും അനുവാദവും അവര്‍ക്ക് നല്‍കുന്ന, ഉത്തര്‍പ്രദേശിലെ സവര്‍ണ രാഷ്ട്രീയാധികാരവും അവരുടെ പ്രതീകമായ യോഗി ആദിത്യനാഥുമാണ് എല്ലാത്തിനുമുള്ള പിന്തുണ നല്‍കുന്നത്.

മേല്‍ജാതിക്കാരുടെ പീഡനങ്ങള്‍ക്കും ക്രൂരതകള്‍ക്കും ഏത് നിമിഷവും ഇരയാകാമെന്ന ഭീതിതമായ സാഹചര്യങ്ങളിലേക്ക് അധകൃതരായ മനുഷ്യരെ തള്ളിവിടുന്ന, ബ്രാഹ്മണ്യാധികാരത്തിന് കാവല്‍ നില്‍ക്കുന്ന സംഘപരിവാറും അവരുടെ ദേശീയ നേതൃത്വവുമാണ് ഈ അക്രമപരമ്പരകളുടെ കാരണക്കാര്‍.

അധികാരമോ സമ്പത്തോ സ്വാധീനശക്തിയോ ഒന്നുമില്ലാത്ത, കര്‍ഷകരും കൂലിപ്പണിക്കാരും തൊഴിലാളികളുമായ സാധാരണക്കാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വമുള്ള ഒരു ഭരണകൂടമാണ് അവര്‍ക്ക് നേരെയുള്ള കൂട്ടക്കുരുതിയ്ക്ക് അവസരമൊരുക്കിക്കൊടുക്കുന്നത്. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍പോലും അനുവദിക്കില്ലെന്ന കടുത്ത നിലപാടാണ് മോദിയും യോഗിയും അടക്കമുള്ള ഭരണാധികാരികള്‍ സ്വീകരിക്കുന്നത്.

പൊലീസും സംഘപരിവാര്‍ ക്രിമിനല്‍ സംഘങ്ങളും ഒന്നിച്ചുചേര്‍ന്ന് അഴിഞ്ഞാടുന്ന സവര്‍ണ്ണ ജാതിഭീകരരുടെ റിപ്പബ്ലിക്കായി നമ്മുടെ രാജ്യം മാറുകയാണ്. നവബ്രാഹ്മണ്യത്തിന്റെ കാവിക്കോലങ്ങള്‍ അധികാര രാഷ്ട്രീയം വഴി ജനാധിപത്യത്തെയും മനുഷ്യത്വത്തെയും സ്ത്രീത്വത്തെയും തെരുവില്‍ കശാപ്പ് ചെയ്യുകയാണ്.

ഹിന്ദുരാഷ്ട്രം ദളിതര്‍ക്കും സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും കരുതി വെച്ചിരിക്കുന്നതെന്താണെന്ന് കൂടിയാണ് യു.പി യിലെ ഈ തുടര്‍സംഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. എല്ലാത്തിലുമുപരി നമ്മെ ഭയപ്പെടുത്തുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.

മേല്‍ജാതിക്കാര്‍ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഒരു ദളിത് പെണ്‍കുട്ടിയുടെ മൃതദേഹത്തോട് കാണിക്കേണ്ട സാമാന്യവും നിയമപരവുമായ മര്യാദ പോലും കാണിക്കാതെ പാതിരാത്രിയില്‍ വലിച്ചുകൂട്ടിയിട്ടു കത്തിച്ചുകളഞ്ഞ യോഗി ആദിത്യനാഥാണ് മോദിയിക്ക് പിന്നാലെ സംഘപരിവാറിന്റെ ദേശീയ പ്രതീകമായി ഉയരുന്നതെന്നത്. വരുംനാളുകള്‍ നമ്മുടെ രാജ്യം ദളിത് ന്യൂനപക്ഷങ്ങളുടെ ശ്മശാനഭൂമിയാവാതിരിക്കാന്‍ ഹാത്രാസില്‍ നിന്നും രാജ്യമാസകലം പടരുന്ന ഒരു പ്രതിഷേധത്തീനാളം ഉയരേണ്ടിയിരിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Uttar Pradesh – UpperClass Criminal’s Republic