യു.പിയില്‍ പതിനായിരം ബ്ലാങ്ക് ബാലറ്റ് പേപ്പറുകളുമായി കാര്‍; പ്രതിഷേധവുമായി സമാജ്‌വാദി പാര്‍ട്ടി
national news
യു.പിയില്‍ പതിനായിരം ബ്ലാങ്ക് ബാലറ്റ് പേപ്പറുകളുമായി കാര്‍; പ്രതിഷേധവുമായി സമാജ്‌വാദി പാര്‍ട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th March 2022, 8:44 am

മൊറാദാബാദ്: ബ്ലാങ്ക് ബാലറ്റ് പേപ്പര്‍ കണ്ടെത്തിയെന്നാരോപിച്ച് യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം.

ബുധനാഴ്ച അസംഗഡിലും മൊറാദാബാദിലുമാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

10,000 ബ്ലാങ്ക് ബാലറ്റ് പേപ്പറുകളുമായെത്തിയ കാര്‍ ഹെഡ്ലൈറ്റ് ഓഫ് ചെയ്ത ശേഷം അസംഗഢിലെ സ്ട്രോങ് റൂമിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സമാജ്‌വാദി പാര്‍ട്ടി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റില്‍ അവകാശപ്പെട്ടു.

‘വാരണാസിയില്‍ നിന്നുള്ള വാഹനമാണ് ബ്ലാങ്ക് ബാലറ്റ് പേപ്പറുമായി എത്തിയതെന്നാണ് സമാജ്‌വാദി പ്രവര്‍ത്തകര്‍ പറയുന്നത്. ആരുടെ നിര്‍ദേശപ്രകാരമാണ് ബാലറ്റ് പേപ്പറുകള്‍ കൊണ്ടുവന്നത്? എന്താണ് ഉദ്ദേശ്യം? തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കണമെന്ന് സമാജ്‌വാദി പറഞ്ഞു. വാഹനത്തിന്റെ വീഡിയോയും ഷെയര്‍ ചെയ്തിട്ടുണ്ട്.

അതേസമയം, യു.പിയില്‍ വോട്ടിംഗ് മെഷിന്‍ കടത്താന്‍ ശ്രമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിട്ടുണ്ട്. വോട്ടെണ്ണലിന് രണ്ട് ദിവസത്തിന് മുമ്പേ, കഴിഞ്ഞ ദിവസമായിരുന്നു ഇയാള്‍ വോട്ടിംഗ് മെഷീന്‍ കടത്താന്‍ ശ്രമിച്ചത്.

ട്രക്കില്‍ കടത്താന്‍ ശ്രമിച്ച വോട്ടിംഗ് മെഷീനുകള്‍ എസ്.പി പ്രവര്‍ത്തകര്‍ കണ്ടുപിടിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

ഉത്തര്‍പ്രദേശിലെ 403 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ചയാണ് പ്രഖ്യാപിക്കുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്നാണ് പ്രവചിക്കുന്നത്.

 

 

Content Highlights: Uttar Pradesh: SP workers protest in Azamgarh, Moradabad claiming recovery of blank ballot papers