'തിരക്കിൽ' നിന്നും 'ധ്യാനാത്മകതയിലേക്ക്' ക്യാമറയിലൂടെയുള്ള ലിജോയുടെ പരിണാമമാണ് 'നൻപകൽ'|Movie Day
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘സാധ്യതകളിലേക്ക് ഇറങ്ങി ചെന്നാൽ ഒരിക്കലും അവസാനിക്കാത്ത അവസരങ്ങൾ ഒരുക്കുന്ന കലയാണ് സിനിമറ്റൊഗ്രാഫി. ഭാഷയിലും സംഗീതത്തിലുമുള്ളതിനെക്കാൾ വ്യക്തമായി ആശയങ്ങൾ അവതരിപ്പിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും അതിന് സാധിക്കും’,

സിനിമറ്റൊഗ്രാഫിയെക്കുറിച്ച് അമേരിക്കയിലെ പ്രമുഖ ചായാഗ്രാഹകനായ കൊൺറാഡ് ഹാളിന്റെ വാക്കുകളാണിത്. ദൃശ്യഭാഷയിലൂടെ (visual Language) എത്രയും മനോഹരമായി കാണിയെ സിനിമയിലേക്കടുപ്പിക്കാം എന്നതിന് ഒരു ടെക്സ്റ്റ്‌ ബുക്കായി അവതരിപ്പിക്കാൻ കഴിയുന്ന ചലച്ചിത്രമാണ് ലിജോ ജോസ് പെല്ലിശേരിയുടെ നൻപകൽ നേരത്ത് മയക്കം.

നല്ല സിനിമയുടെ ലക്ഷണം എന്ന് ചലച്ചിത്ര വിദഗ്ധൻമാർ എല്ലാക്കാലത്തും പറയുന്ന സിനിമയിൽ ശബ്‌ദത്തെക്കാൾ ദൃശ്യത്തിന് പ്രാമുഖ്യം നൽകുക, സംഭാഷണൾ ഏറ്റവും കുറച്ച് ഉപയോഗിക്കുക, സാങ്കേതിക ഘടകങ്ങൾ (Technical Aspects) സിനിമയുടെ കഥാ ഘടനയെക്കാൾ മുഴച്ചു നിൽക്കാതിരിക്കുക തുടങ്ങിയ പ്രാധാനപ്പെട്ട മൂന്ന് നിയമങ്ങളെയും പാലിക്കുന്ന ചിത്രം, ദൃശ്യ ഭാഷയുടെ ഏറ്റവും കൃത്യമായ ഉപയോഗത്തിലൂടെ കാണിയെ കഥാ ലോകത്തേക്ക്(Story World) വലിച്ചിടുകയാണ് ചെയ്യുന്നത്.

ലിജോയുടെ മുൻ സിനിമകളിൽ ഉപയോഗിച്ചിരിക്കുന്ന തിരക്കും, വേഗതയും, ക്യാമറയുടെ ദ്രുതഗതിയിലുള്ളചലനങ്ങളുമൊന്നും നൻ പകലിൽ കാണാൻ പ്രേക്ഷകർക്ക് സാധിക്കില്ല. നൻപകലിലെത്തുമ്പോൾ തന്റെ മുൻ ചിത്രങ്ങളിൽ നിന്നും പാടെ മാറി ചലച്ചിത്ര ധാരണകളിൽ മൊത്തത്തിൽ പരിണാമം സംഭവിച്ച ലിജോയെയാണ് നമുക്ക് കാണാൻ കഴിയുക.

പേരൻപിലൂടെ സ്ലോപേസ് കഥപറച്ചിൽ രീതിയിൽ (Stoty Narration) സിനിമറ്റോഗ്രാഫിയെ എങ്ങനെ കൃത്യമായി ഉപയോഗിക്കാം എന്ന് മലയാളി സിനിമാ പ്രേക്ഷകർക്ക് കാണിച്ചുതന്ന തേനി ഈശ്വറിന്റെ കാമറകൾ തന്നെയാണ് ഒരു തമിഴ് ഗ്രാമത്തിൽ ‘സുന്ദരമായി’ മാറുന്ന ജെയിംസിന്റെ ജീവിത പ്രതിസന്ധികളിലേക്ക് കാണിയെ വലിച്ചടുപ്പിക്കുന്നത്.

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ പകൽ നേരത്തെ അലസമായ ഉറക്കത്തത്തിലെന്ന പോലെയാണ് സിനിമയുടെ കഥപറച്ചിൽ രീതി. അത് കൊണ്ട് തന്നെ വൈഡായ സ്റ്റാറ്റിക്ക് ഷോട്ടുകളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഒരു നാടകത്തിന്റെ അരങ്ങ് പോലെ തേനി ഈശ്വർ കമ്പോസ് ചെയ്തിരിക്കുന്ന ഫ്രെയിമുകളിൽ ഒരു ഘട്ടത്തിലും ക്യാമറയുടെ ലെൻസിന്റെ ചലനങ്ങളോ(സൂം ഇൻ, സൂം ഔട്ട്‌) ബോഡിയുടെ ചലനങ്ങളോ(പാൻ, ടിൽറ്റ്, ഫോളോവിങ്ങ്) ഉണ്ടാകുന്നില്ല.

ഫ്രെയിമിനുള്ളിലെ സബ്ജക്ടുകൾക്ക് മാത്രമാണ് ചലനം ഉണ്ടാകുന്നത്. നിശ്ചലമായ ഫ്രെയ്മുകളിൽ നമുക്ക് തൊട്ടടുത്തെങ്ങൊ നടക്കുന്ന ഒരു സംഭവം കാണുന്ന രീതിയിൽ പ്രേക്ഷകനെ സിനിമയിലേക്ക് അടുപ്പിക്കുന്ന ശൈലിയാണ് ലിജോ തേനിയിലൂടെ ഈ ചിത്രത്തിൽ അവലംബിച്ചിരിക്കുന്നത്. അതായത് ഈ സിനിമയിൽ ഒരു സിനിമയാണ് നിങ്ങൾ കാണുന്നത് എന്ന് പ്രേക്ഷകനെ ഒരു ഘട്ടത്തിലും ഓർമിപ്പിക്കുന്ന ആംഗിളുകളോ ചലനങ്ങളോ ക്യാമറയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.

ചുരുക്കത്തിൽ പ്രേക്ഷകന്റെ രസംകൊല്ലിയായി ക്യാമറയോ മറ്റ് സാങ്കേതിക ഘടകങ്ങളോ മാറരുതെന്ന സിനിമ നിർമാണത്തിൽ പാലിക്കേണ്ട പ്രധാനപ്പെട്ട ഒരു നിയമത്തെ ഈ സിനിമ ബഹുമാനിക്കുന്നുണ്ട്.

കൂടാതെ കഥ നടക്കുന്ന പശ്ചാത്തലത്തിന് വലിയ പ്രാധാന്യമുള്ള ഈ സിനിമയിൽ സിനിമ കാണുന്ന പ്രേക്ഷകരെ കഥാപാത്രങ്ങൾ ജീവിക്കുന്ന ഭൂപ്രകൃതിയുമായി ഇണക്കിച്ചേർക്കാൻ ‘ഡീപ്പ് ഫോക്കസ്’ (ഫ്രെയിമിൽ വരുന്ന എല്ലാ സബ്ജെക്ടുകളെയും മൊത്തമായി ഫോക്കസ് ചെയ്യൽ) ടെക്ക്നിക്കാണ് തേനി ഈശ്വർ ഉപയോഗിച്ചിരിക്കുന്നത്.

ഇതിനാൽ തന്നെ ഫ്രെയിമിൽ വരുന്ന കഥാപാത്രങ്ങൾക്കൊപ്പം തന്നെ ചുറ്റുപാടുമുള്ള മരങ്ങളും, പാടവും, ജീവ ജാലങ്ങളും സിനിമയിൽ സബ്ജെക്ട് ആയി മാറുന്നു അങ്ങനെ സിനിമയിലൂടെ കടന്ന് പോകുന്ന പ്രേക്ഷകർക്ക് സിനിമ നടക്കുന്ന പരിസരവുമായി കൂടുതൽ പരിചയമുണ്ടാകാനും കണക്ഷൻ കിട്ടാനും കാരണമാകുന്നു.

കളർ ടോണിന്റെ ഉപയോഗത്തിനും വലിയ പ്രാധാന്യം ചിത്രത്തിലുണ്ട്. ജെയിംസ് ‘സുന്ദരമായി’ മാറി ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ മുതൽ തന്നെ ഡള്ളായ, ലൈറ്റ് നിറത്തിലാണ് സുന്ദരത്തിന്റെ ഗ്രാമവും വീടും പരിസര പ്രദേശങ്ങളും കാണപ്പെടുന്നത്. ആർക്കും ഒരു തിരക്കുമില്ലാത്ത ശാന്തത നിറഞ്ഞ കളറുകൾ മാത്രമാണ് സിനിമയിലെ സുന്ദരത്തിന്റെ ഗ്രാമത്തിനുള്ളത്.

കടുത്ത നിറങ്ങളൊന്നും ഗ്രാമത്തിന്റെ ഫ്രെയിമുകളിൽ കടന്ന് വരുന്നില്ല. എന്നാൽ ഇതിന് വിപരീതമായാണ് സിനിമ തുടങ്ങുമ്പോൾ വണ്ടിയിലേക്ക് ജെയിംസിനെയും കുടുംബത്തിനേയും കാത്തിരിക്കുന്ന സഹ പ്രവർത്തകരുടെ ഷോട്ടുകളിലെ കളർ ടോണും നിറങ്ങളുടെ ഉപയോഗവും. അവിടെ കടുത്ത നിറങ്ങളാണ് ഫ്രെയിമിൽ പശ്ചാത്തലമായി വരുന്നത്. ഗ്രാമത്തിൽ നിന്നും വിപരീതമായി ‘തിരക്കിനെ’ അടയാളപ്പെടുത്താൻ തേനി ഈ രംഗത്തിൽ കടും നിറത്തെ കൂട്ടുപിടിച്ചിട്ടുണ്ട്.

കൂടാതെ സിനിമയിൽ ‘സുന്ദരമായി’ ജീവിക്കുന്ന ‘ജെയിംസിന്’ സംഘർഷങ്ങൾ അനുഭവിക്കേണ്ടി വരുന്ന രണ്ട് ഘട്ടങ്ങളിലും സമകാലിക സിനിമയിലെ നടപ്പു രീതികൾക്ക് വിരുദ്ധമായി ശബ്ദമോ, പശ്ചാത്തല സംഗീതമോ ഉപയോഗിക്കാതെ ക്യാമറയുടെ ചെറിയ ചലനം കൊണ്ട് ആ സംഘർഷങ്ങളെ പ്രേക്ഷകനിലേക്കെത്തിക്കാൻ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്.

ജെയിംസ് തന്റെ മുഖം കണ്ണാടിയിൽ നോക്കുന്ന, താൻ സത്യത്തിൽ ആരെന്ന് മനസ്സിലാക്കാതെ ‘ഐഡന്റിറ്റി ക്രൈസിസ്’ നേരിടുന്ന ഭാഗവും, സിനിമയുടെ അവസാനം മയക്കത്തിൽ നിന്നും ഉണർന്ന് ജെയിംസ് തന്റെ കുടുംബത്തിനടുത്തേക്ക് പോകുന്നതുമാണ് ആ രണ്ട് സന്ദർഭങ്ങൾ.

ഇതിൽ കണ്ണാടിയിൽ നോക്കി ജെയിംസ് പകച്ചു നിൽക്കുമ്പോൾ ക്യാമറയുടെ ചെറിയ കുലുക്കത്തിലൂടെ (shake) പ്രേക്ഷകനും ആ പകപ്പിന്റെ തീവ്രതയറിയുന്നു. ജെയിംസ് ക്ലൈമാക്സിൽ ഉറക്കമുണർന്നെണീക്കുമ്പോൾ ഡച്ച് ആംഗിളിൽ (dutch angle) ഫോക്കസ് ഔട്ടായഫ്രെയ്മാണ് പ്രേക്ഷകൻ സ്ക്രീനിൽ കാണുന്നത്.

മറ്റേതോ ലോകത്ത് നിന്നും തിരിച്ചെത്തി അല്ലെങ്കിൽ ദീർഘമായ ഒരു ഉറക്കംകഴിഞ്ഞ് സ്ഥലകാല ബോധം വീണ്ടെടുക്കാൻ ആവശ്യമായ സമയത്തിനുള്ളിൽ ജെയിംസ് അനുഭവിക്കുന്ന ‘ഒന്നുമില്ലായ്മയെ’ സൂചിപ്പിക്കുന്നതിൽ ആ ഷോട്ട് വലിയ പ്രാധാന്യമാണ് വഹിക്കുന്നത്.

ഈ രണ്ട് സന്ദർഭങ്ങളിൽ മാത്രമാണ് സിനിമയിൽ ക്യാമറയൊന്ന് ചലിക്കുന്നത്. എന്നാൽ ഈ ചലനം സിനിമയുടെ അത് വരെയുള്ള മൂഡിനോ പേസിനോ ഒരു വ്യത്യാസവും വരുത്തുന്നില്ല.

ചുരുക്കത്തിൽ ദൃശ്യ ഭാഷയുടെ കാവ്യാത്മകമായ ഉപയോഗത്തിലൂടെ പ്രേക്ഷകർക്ക് അതി മനോഹരമായ ഒരു സിനിമാ അനുഭവം സമ്മാനിക്കുകയാണ് നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ ലിജോയും തേനി ഈശ്വറും.

 

Content Highlights: using Cinematography most appropriate way in  Nanpakal Nerathu Mayakkam