എഡിറ്റര്‍
എഡിറ്റര്‍
ഒ.ടി.പി വഴി മൊബൈല്‍ ആധാറുമായി ലിങ്ക് ചെയ്യാമെന്ന് യു.ഐ.ഡി.എ.ഐ
എഡിറ്റര്‍
Friday 3rd November 2017 10:36am

ന്യൂദല്‍ഹി: ഡിസംബര്‍ ഒന്നുമുതല്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ റീട്ടെയ്‌ലര്‍മാരെ സമീപിക്കേണ്ടെന്ന് യു.ഐ.ഡി.എ.ഐ. ഉപയോക്താക്കള്‍ക്ക് ഒ.ടി.പി വഴി മൊബൈല്‍ ആധാര്‍ ലിങ്കിങ് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും യു.ഐ.ഡി.എ.ഐ അറിയിച്ചു.

മൊബൈല്‍ നമ്പര്‍ എടുക്കാന്‍ ആധാര്‍ നിര്‍ബന്ധമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി ആറാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാണെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

നിലവില്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് മാര്‍ച്ച്31വരെ അതിന് സമയം അനുവദിച്ചിട്ടുണ്ട്. അതിനുശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത അക്കൗണ്ടുകള്‍ നിര്‍ജീവമാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്ത് ആരും പട്ടിണി കിടന്ന് മരിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നത്. അഡ്വ. സൊഹേബ് ഹൊസൈന്‍ വഴിയാണ് 113 പേജുള്ള സത്യവാങ്മൂലം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.

Advertisement