സോമാലിയയില്‍ അംബാസഡറെ നിയമിക്കുന്നതില്‍ നിന്നും യു.എസ് പിന്‍മാറി
Daily News
സോമാലിയയില്‍ അംബാസഡറെ നിയമിക്കുന്നതില്‍ നിന്നും യു.എസ് പിന്‍മാറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th May 2015, 3:37 pm

US-DIPLOMAT

വാഷിംഗടണ്‍: 24 വര്‍ഷത്തെ ഇടവേളക്ക് ശേഷം സോമാലിയയില്‍ അംബാസഡറെ നിയമിക്കുവാനുള്ള നീക്കത്തില്‍ നിന്നും യു.എസ് പിന്‍മാറി. അംബാസഡര്‍ പദവിയിലേക്ക് ഒബാമ ഭരണകൂടം നിര്‍ദേശിച്ച  കാതറിന്‍ ദനാനി വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതം അറിയിച്ചതോടെയാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്.

കഴിഞ്ഞയാഴ്ച യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി മൊഗാദിശുവില്‍ സോമാലിയന്‍ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എംബസി തുറക്കുന്ന കാര്യം കെറി ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

1991ലാണ് സോമാലിയയിലെ യു.എസ് എംബസി അടച്ചു പൂട്ടിയത്. അഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തിയിരുന്നു പ്രതിനിധിയെ പിന്‍വലിക്കാന്‍ അമേരിക്ക തീരുമാനിച്ചത്. ഈയടുത്ത കാലത്താണ് സോമാലിയന്‍ ഭരണകൂടത്തെ അമേരിക്ക അംഗീകരിച്ചത്.

2012ല്‍ ലിബിയയിലെ യു.എസ് എംബസിക്ക് നേരെ വിമത പോരാളികള്‍ നടത്തിയ ആക്രമണത്തില്‍ അമേരിക്കന്‍ അംബാസഡറടക്കം 7 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇക്കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടി സുരക്ഷിതമല്ലാത്തിടത്ത് എംബസി സ്ഥാപിക്കുന്നതിനെ ഡെമോക്രാറ്റുകള്‍ ഉള്‍പ്പടെയുള്ള കക്ഷികള്‍ എതിര്‍ത്തിരുന്നു.