യു.എസില്‍ എല്‍.ജി.ബി.ടി അവകാശപോരാട്ടത്തില്‍ പുതിയ ചുവട്; സ്വവര്‍ഗ വിവാഹ നിയമത്തില്‍ ഒപ്പുവെച്ച് ബൈഡന്‍
World News
യു.എസില്‍ എല്‍.ജി.ബി.ടി അവകാശപോരാട്ടത്തില്‍ പുതിയ ചുവട്; സ്വവര്‍ഗ വിവാഹ നിയമത്തില്‍ ഒപ്പുവെച്ച് ബൈഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th December 2022, 10:36 am

വാഷിങ്ടണ്‍: അമേരിക്കയില്‍ എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്മ്യൂണിറ്റിയുടെ അവകാശ പോരാട്ടങ്ങളില്‍ നിര്‍ണായകമായ ഒരു ചുവട് കൂടി. പ്രസിഡന്റ് ജോ ബൈഡന്‍ സ്വവര്‍ഗ വിവാഹ നിയമത്തില്‍ ഒപ്പുവെച്ചതോടെയാണ് യു.എസില്‍ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ ഒന്നുകൂടി ഊട്ടിയുറപ്പിക്കപ്പെട്ടത്.

”ഈ നിയമവും അത് പിന്തുണക്കുന്ന സ്‌നേഹവും എല്ലാ തരത്തിലുള്ള വിദ്വേഷങ്ങള്‍ക്കും മേല്‍ പ്രഹരമേല്പിക്കുന്നതാണ്. അതുകൊണ്ടാണ് ഈ നിയമം ഓരോ അമേരിക്കക്കാര്‍ക്കും പ്രാധാന്യമുള്ളതാകുന്നത്,”  ബില്ലില്‍ ഒപ്പുവെച്ച ശേഷം വൈറ്റ് ഹൗസില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തിനിടെ ബൈഡന്‍ പറഞ്ഞു.

”ഇന്ന് നല്ലൊരു ദിവസമാണ്. തുല്യതയിലേക്കും നീതിയിലേക്കും സ്വാതന്ത്ര്യത്തിലേക്കും അമേരിക്ക നിര്‍ണായകമായ ഒരു ചുവട് കൂടി വെക്കുന്ന ദിവസം.

ഇത് കുറച്ച് പേര്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. അഭിമാനവും സ്‌നേഹവും പ്രണയവും അംഗീകരിക്കപ്പെടുന്ന, ബഹുമാനിക്കപ്പെടുന്ന, സംരക്ഷിക്കപ്പെടുന്ന ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിന് വേണ്ടിയാണിത്,” ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

പരിപാടിക്കിടെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വെച്ച് നടന്ന ഒരു ലെസ്ബിയന്‍ വിവാഹത്തിന് നേതൃത്വം നല്‍കിയതിനെ കുറിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസ് സംസാരിച്ചു.

വൈറ്റ്ഹൗസിലെ സൗത്ത് ലോണില്‍ നടന്ന ബില്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ കമല ഹാരിസിന് പുറമെ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി, സെനറ്റ് നേതാവ് ചക്ക് ഷുമര്‍ എന്നിവരും സന്നിഹിതരായിരുന്നു. Respect for Marriage Act എന്ന പേരിലാണ് ഒപ്പിടല്‍ ചടങ്ങ് നടന്നത്.

ഡെമോക്രാറ്റിക് പാര്‍ട്ടിയിലെയും റിപബ്ലിക്കന്‍ പാര്‍ട്ടിയിലെയും നിയമനിര്‍മാതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്ത് സ്വവര്‍ഗാനുരാഗികളുടെ യൂണിയനുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വര്‍ധിച്ചുവരുന്നതിനെ കൂടി പ്രതിഫലിപ്പിക്കുന്നതായിരുന്നു ചടങ്ങ്.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് വാഷിങ്ടണില് വെച്ച് നടന്ന ബില്ലില്‍ ഒപ്പുവെക്കുന്ന ചടങ്ങില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. ഗായകരായ സാം സ്മിത് (Sam Smith), സിന്‍ഡി ലൗപര്‍ (Cyndi Lauper) എന്നിവരുടെ പരിപാടിയിലും ഉണ്ടായിരുന്നു.

പത്ത് വര്‍ഷം മുമ്പ്, ബറാക് ഒബാമക്ക് കീഴില്‍ വൈസ് പ്രസിഡന്റായിരിക്കെ ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ സ്വവര്‍ഗ വിവാഹങ്ങളെ പിന്തുണക്കുന്നതായി ബൈഡന്‍ വെളിപ്പെടുത്തിയതിന്റെ ഒരു വീഡിയോ ക്ലിപ്പും പരിപാടിക്കിടെ വൈറ്റ്ഹൗസില്‍ പ്ലേ ചെയ്തു. പിന്നാലെ പ്രസിഡന്റ് ഒബാമയും അന്ന് സ്വവര്‍ഗ വിവാഹങ്ങളെ അംഗീകരിച്ച് രംഗത്തെത്തിയിരുന്നു.

Content Highlight: US president Joe Biden signs gay marriage law