വാര്‍ത്തകള്‍ സത്യമാണോ എന്നൊന്നും അറിയില്ല, അദ്ദേഹം സുഖമായിത്തന്നെ ഇരിക്കട്ടേ എന്നാശംസിക്കുന്നു: ഡൊണാള്‍ഡ് ട്രംപ്
Worldnews
വാര്‍ത്തകള്‍ സത്യമാണോ എന്നൊന്നും അറിയില്ല, അദ്ദേഹം സുഖമായിത്തന്നെ ഇരിക്കട്ടേ എന്നാശംസിക്കുന്നു: ഡൊണാള്‍ഡ് ട്രംപ്
ന്യൂസ് ഡെസ്‌ക്
Wednesday, 22nd April 2020, 7:37 am

വാഷിംഗ്ടണ്‍: ഉത്തര കൊറിയന്‍ഭരണാധികാരി കിം ജോങ് ഉന്‍ സുഖമായിരിക്കട്ടേ എന്നാശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ്.  വാര്‍ത്തകളില്‍ പറയുന്നത്‌പോലെയാണ് കിമ്മിന്റെ അവസ്ഥയെങ്കില്‍ കിമ്മിന്റെ നില ഗുരുതരമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

” എനിക്കിപ്പോള്‍ ഇത് മാത്രമേ പറാന്‍ കഴിയൂ, അദ്ദേഹത്തിന് നല്ലത് വരട്ടേ” ട്രംപ് പറഞ്ഞു. വാര്‍ത്തകള്‍ സത്യമാണോ എന്ന് അറിയില്ലെന്നും കിം നല്ലരീതിയില്‍തന്നെ പോകുന്നുവെന്ന് കരുതുന്നെന്നും ട്രംപ് പറഞ്ഞു.

കിമ്മിന്റെ ആരോഗ്യ നിലയെ കുറിച്ച് നേരിട്ട് എന്തെങ്കിലും വിവരം ലഭിച്ചോ എന്ന് വെളിപ്പെടുത്താന്‍ ട്രംപ് വിസ്സമതിച്ചു.

കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി അതീവഗുരുതരമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കിമ്മിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായാണ് റിപ്പോര്‍ട്ട്. കുറച്ചുനാളുകളായി കിം പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഏപ്രില്‍ 15 ന് കിമ്മിന്റെ മുത്തച്ഛനും ഉത്തരകൊറിയയുടെ രാഷ്ട്രപിതാവുമായ കിം സംഗിന്റെ ജന്മദിനാഘോഷചടങ്ങുകളിലും പങ്കെടുത്തിരുന്നില്ല.

അമിതമായ പുകവലി, അമിതവണ്ണം, അമിത ജോലി എന്നിവ കാരണം കിം ഹൃദയസംബന്ധമായ വെല്ലുവിളികള്‍ നേരിടുകയാണെന്നും ഹ്യാങ്‌സാന്‍ കൗണ്ടിയിലെ ഒരു വില്ലയില്‍ ചികിത്സയിലാണെന്നും നേരത്തെ ദക്ഷിണ കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, കിമ്മിന് മസ്തിഷ്‌കമരണം സംഭവിച്ചുവെന്ന് ചില അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാധ്യമങ്ങള്‍ക്ക് വലിയ നിയന്ത്രണമുള്ള രാജ്യമാണ് ഉത്തര കൊറിയ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO: