'ഇന്നേക്ക് അമ്പതാം ദിവസം നിന്നെ കൊല്ലും'; കമല ഹാരിസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ നഴ്‌സ് അറസ്റ്റില്‍
World News
'ഇന്നേക്ക് അമ്പതാം ദിവസം നിന്നെ കൊല്ലും'; കമല ഹാരിസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ നഴ്‌സ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th April 2021, 2:40 pm

ഹൂസ്റ്റണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരെ വധഭീഷണി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഫ്‌ളോറിഡ സ്വദേശിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നഴ്‌സായി ജോലി ചെയ്യുന്ന നിവിയാനേ പെറ്റിറ്റ ഫെല്‍പ്‌സാണ് യു.എസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായത്.

ഫെബ്രുവരി 13 മുതല്‍ ഫെബ്രുവരി 18 വരെയുള്ള തിയതികളിലായി നിവിയാനേ ചെയ്ത വീഡിയോകളിലാണ് കമല ഹാരിസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. നിവിയാനേ ജയിലിലുള്ള ഭര്‍ത്താവിന് അയച്ച വീഡിയോകളാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. തടവില്‍ കഴിയുന്നവര്‍ക്ക് കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ജെപേ എന്ന സംവിധാനത്തിലൂടെയാണ് ഈ വീഡിയോകള്‍ അയച്ചത്.

പ്രസിഡന്റ് ജോ ബൈഡനെയും കമല ഹാരിസിനെയും താന്‍ വെറുക്കുന്നുവെന്ന് ഏറെ ദേഷ്യത്തില്‍ നിവിയാനേ ഇതില്‍ പറയുന്നുണ്ട്. കമല ഹാരിസിനെ കൊല്ലുമെന്ന് ഇവര്‍ പല വീഡിയോകളിലും ആവര്‍ത്തിക്കുന്നുമുണ്ട്.

‘കമല ഹാരിസ്, നീ മരിക്കാന്‍ പോകുകയാണ്. നിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു,’ നിവിയാനേ ഒരു വീഡിയോയില്‍ പറയുന്നു. താന്‍ തോക്ക് വാങ്ങാന്‍ പോകുകയാണെന്നും ഇന്നേക്ക് അന്‍പതാം ദിവസം കമല ഹാരിസ് കൊല്ലപ്പെടുമെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

കമല ഹാരിസ് യഥാര്‍ത്ഥത്തില്‍ കറുത്ത വര്‍ഗക്കാരിയല്ലെന്നും സത്യപ്രതിജ്ഞാ ചടങ്ങില്‍ അവര്‍ ബെബിളിനോട് അനാദരവ് കാണിച്ചെന്നും നിവിയാനേ പറയുന്നു.

വീഡിയോകളെ കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് മൂന്നിന് മൊഴിയെടുക്കാനായി ഉദ്യോഗസ്ഥര്‍ എത്തിയിരുന്നെങ്കിലും നിവിയാനേ സംസാരിക്കാന്‍ തയ്യാറായിരുന്നില്ല.

മാര്‍ച്ച് ആറിന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ നിവിയാനേ സംസാരിക്കാന്‍ തയ്യാറായെന്നാണ് റിപ്പോര്‍ട്ടില്‍ പറുയുന്നത്. കമല ഹാരിസ് വൈസ് പ്രസിഡന്റാകുന്നത് ഇഷ്ടമല്ലായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറിയെന്നുമാണ് നിവിയാനേ പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഇവര്‍ തോക്കിനായി അപേക്ഷ നല്‍തിയതിന്റെയും ഭീഷണി മുഴക്കിയത് പോലെ തന്നെ ഷൂട്ടിംഗ് റേഞ്ചില്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ ലഭിച്ചതിന്റെയും പശ്ചാത്തലത്തിലാണ് അറസ്റ്റ് നടത്തിയതെന്നാണ് വിവരങ്ങള്‍.

അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായ കമല ഹാരിസ് ആ സ്ഥാനത്ത് എത്തുന്ന ആദ്യ കറുത്ത വംശജയാണ്. വൈസ് പ്രസിഡന്റാകുന്ന ആദ്യ ഏഷ്യന്‍ വംശജയും കമല ഹാരിസാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: US Nurse Charged For Allegedly Threatening To Kill Kamala Harris