ഹിന്ദുക്കളല്ലാത്തവരെ ആര്‍.എസ്.എസ് ആക്രമിക്കുന്നു, ന്യൂനപക്ഷ പീഡനത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം പ്രഖ്യാപിക്കണമെന്ന് ബൈഡനോട് അമേരിക്കന്‍ മതനേതാക്കള്‍
World News
ഹിന്ദുക്കളല്ലാത്തവരെ ആര്‍.എസ്.എസ് ആക്രമിക്കുന്നു, ന്യൂനപക്ഷ പീഡനത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം പ്രഖ്യാപിക്കണമെന്ന് ബൈഡനോട് അമേരിക്കന്‍ മതനേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th July 2021, 4:30 pm

വാഷിംഗ്ടണ്‍: ഹിന്ദുക്കളല്ലാത്തവരെയും ന്യൂനപക്ഷങ്ങളെയും പീഡിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം പ്രഖ്യാപിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ട് അമേരിക്കയിലെ മതനേതാക്കളും രാഷ്ട്രീയനേതാക്കളും.

ഹിന്ദു ഫോര്‍ ഹിന്ദു റൈറ്റ്സ്, ദളിത് സോളിഡാരിറ്റി ഫോറം, ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ഡ, കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, വേള്‍ഡ് ലൈഫ് സെന്റര്‍ ഓഫ് ക്രിസ്ത്യന്‍ ചര്‍ച്ചസ് ഓഫ് ഉക്രൈന്‍, സെന്റര്‍ ഓഫ് പ്ലൂരലിസം, കൗണ്‍സില്‍ ഓഫ് ഇസ്‌ലാമിക് റിലേഷന്‍സ്, ഫോര്‍ ദി മാര്‍ട്യേഴ്സ്, ചര്‍ച്ച് ഓഫ് സൈന്റോളജി നാഷണല്‍ അഫയേഴ്സ് ഓഫഇസ്, കൊയലിഷന്‍ ഓഫ് സിയാറ്റില്‍ ഇന്ത്യന്‍ അമേരിക്കന്‍, ഹ്യൂമനിസം പ്രൊജക്റ്റ്, ഇന്‍ഡൊ-യുഎസ് ഡെമോക്രസി ഫോണ്ടേഷന്‍, ഇര്‍പിന്‍ ബൈബീള്‍ ചര്‍ച്ച്, ഉക്രൈന്‍,ന്യൂയോര്‍ക്ക് സ്റ്റേറ്റ് നോര്‍ക്രോസ് ല ഫേം തുടങ്ങി മുപ്പതോളം സംഘടനകളും വ്യക്തികളുമാണ് ആവശ്യവുമായി രംഗത്തുവന്നത്.

ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയില്‍ ഇത് സംബന്ധിച്ച സംയുക്ത പ്രസ്താവനയും ഇവര്‍ ഇറക്കി.

മറ്റു രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് വിമര്‍ശനം നടത്തുന്ന അമേരിക്ക ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതികരിക്കുന്നില്ലെന്ന് ഐ.എ.എം.സിയുടെ റഷീദ് അഹമ്മദ് പറഞ്ഞു.

ഇന്ത്യയില്‍ അധികാരത്തിലിരിക്കുന്ന ബി.ജെ.പിയുടെ മാതൃസംഘടന ആര്‍എസ്.എസാണെന്നും 6 ദശലക്ഷം അംഗങ്ങളുള്ള ആര്‍.എസ്.എസാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ആര്‍.എസ്.എസിന്റെ സ്ഥാപകര്‍ ജൂതരുടെ വംശഹത്യയെ പിന്തുണച്ചവരാണെന്നും പ്രമേയത്തില്‍ പറയുന്നു.

ആര്‍.എസ്.എസ്. സവര്‍ക്കറുടെ ഹിന്ദുത്വ ആശയശാസ്ത്രമനുസരിച്ച് പ്രവര്‍ത്തിക്കുന്നെന്നും ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും ആരാധിച്ച, നാസിസത്തെയും ഫാസിസത്തെയും അംഗീകരിച്ച എം.എസ്.ഗോല്‍വാല്‍ക്കറാണ് ആര്‍.എസ്.എസിന്റെ സ്ഥാപകനെന്നും പ്രസ്താവനയില്‍ പറയുന്നു.

സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന അടിച്ചമര്‍ത്തലുകളും ക്രിസ്ത്യന്‍, മുസ്‌ലിം, ജൂതര്‍ എന്നിവര്‍ക്കെതിരെ നടന്ന ആക്രമണങ്ങളും പ്രമേയത്തില്‍ പറയുന്നുണ്ട്. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ വലതുപക്ഷ ഹൈന്ദവ ദേശീയവാദികളുടെ ആക്രമണത്തിനിരയാവുന്നതായും പ്രമേയത്തില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights:  US NGOs ask Biden to sanction Indian officials