Administrator
Administrator
ഇല്ല, ഇറാഖില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയിട്ടില്ല
Administrator
Wednesday 21st December 2011 12:33pm

മുസ്തഫ പി എറയ്ക്കല്‍

ഒരു ദശകം നീണ്ട ഇറാഖ് ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയവരെക്കുറിച്ച് അഭിമാനിക്കേണ്ട നിമിഷമാണിത്. രാജ്യത്തിന്റെ അന്തസ്സിനപ്പുറം മറ്റൊരു രാജ്യത്തിന്റെ സുരക്ഷ കാത്തു സൂക്ഷിച്ചാണവര്‍ മടങ്ങിയെത്തിയിരിക്കുന്നത്’- അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടേതാണ് വാക്കുകള്‍. ഒരു ന്യായീകരണവുമില്ലാത്ത, ഒന്നും നേടാത്ത സൈനിക ദൗത്യത്തിന്റെ ജാള്യം മുഴുവന്‍ ഈ വാക്കുകളിലുണ്ട്. അക്രമാസക്തമായ ദേശീയത പുലര്‍ത്തുന്ന സ്വന്തം ജനതയെപ്പോലും ബോധ്യപ്പെടുത്താനാകാത്ത ഒരു ദൗത്യത്തിന്റെ പരിസമാപ്തിയില്‍ പ്രസിഡന്റ് നടത്തുന്ന ദുര്‍ബലമായ പ്രതിരോധം കൂടിയാണ് ഈ വാക്കുകള്‍.

ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചത് ആ രാജ്യത്തെ സുരക്ഷിത ഭൂമിയാക്കി മാറ്റിയാണെന്ന നുണ ആവര്‍ത്തിക്കുന്നു ഒബാമ. പലവട്ടം ഗോള്‍ പോസ്റ്റ് മാറ്റി സ്ഥാപിച്ച കളിയില്‍ നിന്നുമാണ് അമേരിക്ക ഇപ്പോള്‍ ഏകപക്ഷീയമായി പിന്‍വാങ്ങിയിരിക്കുന്നത്. 2003ല്‍ ഇറാഖിലേക്ക് നാറ്റോ സഖ്യ സേനയുടെ പിന്തുണയോടെ 1,70, 000 യു.എസ് സൈനികരെ അയക്കുമ്പോള്‍ അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് പറഞ്ഞിരുന്നത് ഇറാഖില്‍ കൂട്ട നശീകരണ ആയുധമുണ്ടെന്നായിരുന്നു. ഇറാഖ് അല്‍ഖാഇദയുടെ താവളമാണെന്നും. കൂട്ടനശീകരണ ആയുധമെന്ന രഹസ്യാന്വേഷണ ഉരുപ്പടി മഹാ നുണയാണെന്ന് അതിന്റെ ആശാന്‍മാര്‍ തന്നെ തുറന്ന് പറഞ്ഞതോടെ ആ ലക്ഷ്യം പൊളിഞ്ഞു. കുര്‍ദുകളെയും ശിയാക്കളെയും വക വരുത്തിയ സദ്ദാമിനെ അധികാര ഭ്രഷ്ടനാക്കിയേ അടങ്ങൂ എന്നായി പിന്നെ.

സദ്ദാം വീണപ്പോള്‍ അദ്ദഹത്തിന്റെ വിചാരണ തീരട്ടെയെന്നായി. വിചാരണാ പ്രഹസനത്തിനൊടുവില്‍ ബലിപെരുന്നാള്‍ തലേന്ന് ബലി നടപ്പാക്കിക്കഴിഞ്ഞപ്പോള്‍ ഇറാഖിന്റെ സുരക്ഷ കൈവരിച്ചിട്ടാകാം മടക്കമെന്ന് ഗോള്‍ പോസ്റ്റ് പിന്നെയും മാറ്റി. നൂരി അല്‍ മാലിക്കി സര്‍ക്കാറിനെ അവരോധിക്കുകയും ‘സുരക്ഷിത ഇറാഖ്’ സാധ്യമായെന്ന് ആ സര്‍ക്കാര്‍ നിരന്തരം പ്രഖ്യാപിക്കുകയും ചെയ്തിട്ടും ഇറാഖിനെ വെറുതെ വിടാന്‍ പുതിയ പ്രസിഡന്റ് ഒബാമയും തയ്യാറായില്ല. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം തന്നെ ഇറാഖില്‍ നിന്ന് പിന്‍വാങ്ങുമെന്നായിരുന്നു. അധികാരത്തിലേറി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഒബാമ ആ വാഗ്ദാനം പാലിച്ചില്ല. ഇറാഖ് പോലീസിനും സൈന്യത്തിനും പരിശീലനം നല്‍കണമെന്ന ലക്ഷ്യമാണ് ഒടുവില്‍ ഉയര്‍ത്തി വിട്ടത്. അമേരിക്കന്‍ ആയുക്കമ്പനികളുമായി ഏര്‍പ്പെട്ട കരാറുകള്‍ പാലിക്കാന്‍ കടിച്ചുതൂങ്ങി നില്‍ക്കുകയായിരുന്നു. അങ്ങനെയാണെങ്കില്‍ ഇപ്പോഴെന്താണ് മനംമാറ്റം? 2011ല്‍ വല്ലതും പുതുതായി നേടിയോ?

ആഭ്യന്തരമായ സമ്മര്‍ദമായിരുന്നു ഇറാഖ് അധിനിവേശത്തിന്റെ ഹേതു. പിന്‍മടക്കത്തിന്റെ ഹേതുവും അത് തന്നെയാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ പതനം അമേരിക്കയുടെ ആത്മ വിശ്വാസത്തിന്റെ പതനമായിരുന്നു. സെപ്തംബര്‍ 11 ആരുടെ വകയായിരുന്നുവെന്നത് ഇന്നും തര്‍ക്കവിഷയമാണ്. തകര്‍ന്നുവെന്നത് മാത്രമാണ് സത്യം. ഒരു ജനതയെന്ന നിലയില്‍ അമേരിക്കക്കാരില്‍ ക്രൂരമായ അരക്ഷിതാവസ്ഥയാണ് അത് സൃഷ്ടിച്ചത്. ആരെയെങ്കിലുമൊക്കെ ആക്രമിച്ച് അമേരിക്കക്കാരന്റെ മിഥ്യാഭിമാനത്തെ പൊലിപ്പിച്ച് നിര്‍ത്തണമായിരുന്നു.

ശവങ്ങളില്‍ പടുത്തുയര്‍ത്തപ്പെടണം ആത്മവിശ്വാസമെന്ന് തീരുമാനിച്ചുറച്ചതോടെയാണ് ഇാഖിലും അഫ്ഗാനിലും ആക്രമണ മുഖങ്ങള്‍ തുറന്നത്. അത്‌കൊണ്ടാണല്ലോ അധിനിവേശത്തിന്റെ ആദ്യനാളുകളില്‍ ബഗ്ദാദില്‍ നിന്ന് വരുന്ന ശവപ്പെട്ടികള്‍ ആവേശോജ്വലമായി സ്വീകരിക്കട്ടത്. പിന്നെപ്പിന്നെ സൈനികരുടെ ശവപ്പെട്ടികള്‍ ഉയര്‍ത്തി അമേരിക്കന്‍ അമ്മമാരും ഭാര്യമാരും ഭരണകര്‍ത്താക്കളെ ശപിക്കാന്‍ തുടങ്ങി. ഒടുവില്‍ ഒബാമ വന്ന് പറഞ്ഞു. ഈ മഹാദുഃഖത്തില്‍ നിന്ന് നിങ്ങളെ ഞാന്‍ കരകയറ്റാം. ഇറാഖില്‍ നിന്ന് പിന്‍വാങ്ങാം. ജനം അദ്ദേഹത്തിന് വോട്ട് കുത്തി തങ്ങളുടെ താത്പര്യം രേഖപ്പെടുത്തി. നാല് വര്‍ഷം പിന്നിട്ട് ഒബാമ മറ്റൊരു തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോഴെങ്കിലും വാക്ക് പാലിച്ചില്ലെങ്കില്‍ ജനം തന്നെ ശിക്ഷിക്കുമെന്ന് അദ്ദേഹത്തിനറിയാം. ആ ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദം തന്നെയാണ് ഈ പിന്‍വാങ്ങലിന്റെ അടിസ്ഥാനം.

അത് മാത്രമല്ല പ്രശ്‌നം. അമേരിക്കന്‍ ജനത ക്രൂരമായ സാമ്പത്തിക അരക്ഷിതാവസ്ഥയിലാണിപ്പോള്‍. ഏറ്റവും സങ്കീര്‍ണമായ മാന്ദ്യം വേട്ടയാടുന്ന ജനതയാണ് അവര്‍. ഞങ്ങള്‍ 99 ശതമാനം എന്ന മുദ്രാവാക്യം മുഴക്കി അവര്‍ തെരുവിലാണ്. തൊഴിലില്ലായ്മ രൂക്ഷമാണ്. ഡോളറിന്റെ ചാഞ്ചാട്ടം അസഹ്യമാണ്. കടം കുന്ന് കൂടുന്നു. ചൈനയെപ്പോലുള്ള രാജ്യങ്ങള്‍ വെല്ലുവിളിയായി ഉയര്‍ന്നു വുരുന്നു. ഈ സാഹചര്യത്തില്‍ ചെലവ് ചുരുക്കിയേ തീരൂ. ഇറാഖില്‍ ഒരു ലക്ഷം കോടി ഡോളര്‍ ചെലവിട്ട് കഴിഞ്ഞു. ഇനിയത് തുടരാനാകില്ല. ഇറാഖില്‍ നിന്ന് മാത്രമല്ല അഫ്ഗാനില്‍ നിന്നു കൂടി തടിയൂരണം. ഇനി പരോക്ഷമായ കളി മതി. ലിബിയയിലെയും ടുണീഷ്യയിലെയും പോലെ. ഇതിലപ്പുറം ഒരു തത്വവും ഇറാഖ് പിന്‍മാറ്റത്തിലില്ല.

ഇറാഖില്‍ ചെലവിടല്‍ നിര്‍ത്തി വരുമാനം കൊയ്യാനാണ് ഇനി അമേരിക്കയുടെ ശ്രമം. മൂന്ന് തരത്തിലാണ് ഈ വരുമാനക്കൊയ്ത്ത്. അമേരിക്കന്‍ അധിനിവോശം തുടങ്ങിയ കാലത്തേക്കാള്‍ സംഘര്‍ഷഭരിതമാണ് ഇന്ന് ഇറാഖ്. കുര്‍ദ്, ശിയാ, സുന്നി വിഭാഗങ്ങള്‍ തമ്മില്‍ അകല്‍ച്ച രൂക്ഷമായിരിക്കുന്നു. ഐക്യസര്‍ക്കാര്‍ എന്ന ആശയം വെറും ആശയമായി അവശേഷിക്കുന്നു. ‘സദ്ദാമിസ്റ്റ്’ എന്ന് വിശേഷിപ്പിക്കപ്പെട്ട സദ്ദാമിന്റെ അടിച്ചമര്‍ത്തല്‍ നയം അതേ അളവില്‍ നൂരി മാലിക്കി പിന്തുടരുന്നു. മാലിക്കിസ്റ്റ് യുഗത്തില്‍ അദ്ദേഹം വെറുമൊരു ശിയാ ആയി അധഃപതിച്ചിരിക്കുന്നു. ഈ അക്രമാസക്ത നയം തുടരാന്‍ അത്യന്താധുനിക ആയുധങ്ങള്‍ വേണം. വലിയൊരു ആയുധക്കമ്പോളമാണ് തുറക്കുന്നത്. എഫ് 16 വിമാനങ്ങള്‍ക്കടക്കം ആയിരക്കണക്കിന് ഡോളറിന്റെ കരാറില്‍ ഒപ്പ് വെച്ചാണ് അമേരിക്ക പിന്‍വാങ്ങുന്നത്. ഇതാണ് തിരിച്ചുപിടിക്കലിന്റെ ഒന്നാം വഴി.

രണ്ടാമത്തേത് എണ്ണ സമ്പത്തിന്‍ മേലുള്ള നിയന്ത്രണമാണ്. തൂക്കിക്കൊല്ലും മുമ്പ് സദ്ദാമിന് മേല്‍ അന്താരാഷ്ട്ര ട്രൈബ്യൂണല്‍ ചുമത്തിയ എല്ലാ കുറ്റങ്ങളും അദ്ദേഹം ചെയ്ത്കൂട്ടിയത് അമേരിക്കയുടെയും ബ്രിട്ടന്റെയും ഒത്താശയുള്ളപ്പോഴാണ്. അന്ന് സദ്ദാം നടത്തിയ ജനാധിപത്യ ധ്വംസനങ്ങളൊന്നും ഈ ‘ഉത്തരവാദിത്തപ്പെട്ട’ ശക്തികളെ അലോസരപ്പെടുത്തിയിരുന്നില്ല. വിദേശ എണ്ണക്കമ്പനികളെ പുറത്താക്കി എണ്ണ സമ്പത്ത് ദേശസാത്കരിച്ചതാണ് യഥാര്‍ഥത്തില്‍ അമേരിക്കയെ പ്രകോപിപ്പിച്ചത്. ചരിത്രത്തിന്റെ ഇങ്ങേത്തലക്കല്‍ നൂരി മാലിക്കി വിനീത ദാസനായി നില്‍ക്കുന്നു, എണ്ണയടക്കം എന്തും നല്‍കാനായി.

ഇറാഖിന്റെ പുനര്‍ നിര്‍മാണത്തിന്റെ ക്വട്ടേഷന്‍ എന്നേ അമേരിക്ക ഏറ്റെടുത്തതാണ്. പക്ഷേ, വെള്ളവും വെളിച്ചവും റോഡുമില്ലാതെ തകര്‍ന്നടിഞ്ഞ നഗരമായി ഇറാഖ് ഇന്നും ചിതറിക്കിടക്കുകയാണ്. നൂരി മാലിക്കി സര്‍ക്കാറിന് പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഈ നില മാറണം. രാജ്യത്തിന്റെ സമ്പത്ത് അമേരിക്കന്‍ കമ്പനികള്‍ക്ക് തീറെഴുതിയാലും വേണ്ടില്ല അദ്ദേഹം അത് നേടും. പുനര്‍നിര്‍മാണത്തിന്റെ സാധ്യതയിലുണ്ട് ധനാഗമനത്തിന്റെ മൂന്നാം വഴി.

കടപ്പാട്: സിറാജ്

Advertisement