അവര്‍ കൊലപാതകികള്‍, ബൈഡന്‍ എം.ബി.എസിനെ കാണരുത്, സൗദി മണ്ണില്‍ കാലുകുത്തരുത്; യു.എസ് പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനത്തിനെതിരെ ഡെമോക്രാറ്റിക് പ്രതിനിധി
World News
അവര്‍ കൊലപാതകികള്‍, ബൈഡന്‍ എം.ബി.എസിനെ കാണരുത്, സൗദി മണ്ണില്‍ കാലുകുത്തരുത്; യു.എസ് പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനത്തിനെതിരെ ഡെമോക്രാറ്റിക് പ്രതിനിധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th June 2022, 9:59 am

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സൗദി അറേബ്യ സന്ദര്‍ശനത്തിനെതിരെ യു.എസിലെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പ്രതിഷേധമുയരുന്നു.

ഈ മാസമവസാനത്തോടെ ബൈഡന്‍ സൗദി സന്ദര്‍ശിക്കുമെന്നാണ് വിവിധ സ്രോതസുകളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇതിനെതിരെയാണ് വ്യാപകമായി വിമര്‍ശനമുയരുന്നത്.

ബൈഡന്‍ സൗദി സന്ദര്‍ശിക്കുകയോ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്യരുതെന്ന് ഡെമോക്രാറ്റിക് ലോ മേക്കര്‍ ആദം ഷിഫ് പ്രതികരിച്ചു. സൗദി മണ്ണില്‍ നിന്നും ബൈഡന്‍ അകലം പാലിക്കണമെന്നാണ് ഷിഫ് പറഞ്ഞത്.

സൗദി സന്ദര്‍ശനത്തിനിടെ മുഹമ്മദ് ബിന്‍ സല്‍മാനുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് പ്രതികരണം. ഖഷോഗ്ജി വധം ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു ഷിഫ് സംസാരിച്ചത്.

ബൈഡന്‍ സൗദി സന്ദര്‍ശിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ”എന്റെ അഭിപ്രായത്തില്‍ ഇല്ല,” എന്നായിരുന്നു ആദം ഷിഫ് പറഞ്ഞത്.

”ഞാന്‍ അവിടെ പോവില്ല. ഞാന്‍ അയാളുമായി ഷേക്ക് ഹാന്‍ഡ് ചെയ്യില്ല. ഒരു അമേരിക്കന്‍ റസിഡന്റിനെ കൊലപ്പെടുത്തിയ ഒരാളാണ് ഇയാള്‍.

അത്രയും ക്രൂരമായ രീതിയില്‍ അയാളെ കഷണങ്ങളായി വെട്ടിനുറുക്കിയയാളാണ് ഇയാള്‍,” ഖഷോഗ്ജി കൊലപാതകത്തില്‍ എം.ബി.എസിനെ വിമര്‍ശിച്ചുകൊണ്ട് ആദം ഷിഫ് കൂട്ടിച്ചേര്‍ത്തു.

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട പോളിസികളില്‍ സൗദി അറേബ്യ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് വരെ എം.ബി.എസുമായി ഒരു ഇടപാടുകള്‍ക്കും താല്‍പര്യമില്ലെന്നും ആദം ഷിഫ് പ്രതികരിച്ചു.

എണ്ണ ഉല്‍പാദനത്തില്‍ മുന്നേറ്റമുണ്ടാക്കണമെങ്കില്‍ യു.എസ് പ്രസിഡന്റ് സൗദി സന്ദര്‍ശിക്കണമെന്ന വിലയിരുത്തലുകളെയും അദ്ദേഹം തള്ളി.

സി.ബി.എസിന്റെ ഫേസ് ദ നേഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സിലെ ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍ കൂടിയാണ് ആദം ഷിഫ്.

ബൈഡന്‍ സൗദി സന്ദര്‍ശിക്കുകയാണെങ്കില്‍, സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് നടത്തുന്ന ആദ്യ സൗദി സന്ദര്‍ശനമായിരിക്കും ഇത്.

നേരത്തെ തന്നെ സൗദി ആക്ടിവിസ്റ്റുകളും വിവിധ മനുഷ്യാവകാശ സംഘടനകളും ബൈഡന്റെ സൗദി സന്ദര്‍ശന വാര്‍ത്തകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനേയും മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനേയും നിരന്തരം വിമര്‍ശിക്കുകയും സൗദിയുടെ യമന്‍ ഇടപെടലിനെ എതിര്‍ക്കുകയും ചെയ്തിരുന്നയാളായിരുന്നു ജമാല്‍ ഖഷോഗ്ജി.
മാധ്യമപ്രവര്‍ത്തകനായ ഖഷോഗ്ജിയെ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ വെച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഏര്‍പ്പെടുത്തിയ ആളുകള്‍ 2018 ഒക്ടോബറില്‍ വധിക്കുകയായിരുന്നു.

യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ ഇത് തുറന്ന് പറയുകയും ചെയ്തിരുന്നു.

Content Highlight: US Democrat lawmaker says president Joe Biden should not visit Saudi Arabia and meet with MBS