യു.എസ് അറ്റോര്‍ണി ജനറലിനെ ട്രംപ് പുറത്താക്കി
world
യു.എസ് അറ്റോര്‍ണി ജനറലിനെ ട്രംപ് പുറത്താക്കി
ന്യൂസ് ഡെസ്‌ക്
Thursday, 8th November 2018, 12:59 pm

വാഷിങ്ടണ്‍: യു.എസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനെ ട്രംപ് പുറത്താക്കി. ട്രംപിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജെഫ് രാജി നല്‍കുകയായിരുന്നു. രാജിക്ക് പിന്നാലെ ജെഫ് സെഷന്‍സ് നല്‍കിയ സേവനങ്ങള്‍ക്ക് നന്ദിയറിയിക്കുന്നതായി അറിയിച്ച് കൊണ്ട് ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇടക്കാല തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേധാവിത്വം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം.

പ്രസിഡന്റ് ട്രംപിന്റെ ആവശ്യപ്രകാരമാണ് രാജിയെന്ന് ജെഫ് സെഷന്‍സ് തന്റെ രാജിക്കത്തിലെഴുതിയിട്ടുണ്ട്.

യു.എസ് നീതിന്യായ സംവിധാനത്തിലെ ഏറ്റവും ഉന്നത പദവിയാണ് അറ്റോര്‍ണി ജനറലിന്റേത്. ട്രംപിനെപ്പോലെ തീവ്ര വലതുപക്ഷ നിലപാടുള്ളയാളായിരുന്നു സെഷന്‍സും. ട്രംപ് അനുകൂലിയായിരുന്ന സെഷന്‍സ് മുന്‍ അലബാമ സെനറ്റര്‍ കൂടിയാണ്. ട്രംപ് സര്‍ക്കാരിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചിട്ടുള്ളയാണ് സെഷന്‍സ്.

2016 ലെ തെരഞ്ഞെടുപ്പ് കാലത്തെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നത്തിന് കാരണമായത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്നതില്‍ നിന്ന് സെഷന്‍സ് പിന്‍മാറിയിരുന്നു.

ജെഫ് സെഷന്‍സിന് പകരം ചീഫ് ഓഫ് സ്റ്റാഫ് മാത്യുവിറ്റേക്കറിനാണ് സര്‍ക്കാര്‍ ചുമതല നല്‍കിയിരിക്കുന്നത്.