വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അഭിനയിക്കുമ്പോള്‍ അങ്ങനെയാണ്, സൂര്യ മികച്ച റിയാക്ഷന്‍ കൂടി തന്നപ്പോള്‍ മറക്കാന്‍ പറ്റാത്ത സീനായി അത് മാറി; ഉര്‍വശി
Entertainment
വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അഭിനയിക്കുമ്പോള്‍ അങ്ങനെയാണ്, സൂര്യ മികച്ച റിയാക്ഷന്‍ കൂടി തന്നപ്പോള്‍ മറക്കാന്‍ പറ്റാത്ത സീനായി അത് മാറി; ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 4th December 2020, 9:28 am

സുധ കൊംഗാര പ്രസാദ് സംവിധാനം ചെയ്ത സൂരരൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് ഉര്‍വശി വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഈ വര്‍ഷം ഉര്‍വശി അഭിനയിച്ച എല്ലാ ചിത്രങ്ങളിലും അവര്‍ മികച്ച അഭിനയമാണ് കാഴ്ച വെച്ചിട്ടുള്ളതെന്ന ചര്‍ച്ചകളും നടന്നിരുന്നു. ഇപ്പോഴിതാ സൂരരൈ പോട്രുവില്‍ അഭിനയിച്ചതിന്റെ അനുഭവം ഗൃഹലക്ഷ്മിക്ക് നല്‍കിയ ഒരഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ് ഉര്‍വശി.

സിനിമയില്‍ ഭര്‍ത്താവ് മരിച്ച സമയത്തെ അഭിനയത്തെക്കുറിച്ചാണ് ഉര്‍വശി പറയുന്നത്. നമ്മുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അഭിനയിക്കേണ്ടി വരുമ്പോള്‍ അത് കൂടുതല്‍ മികച്ചതാക്കാന്‍ കഴിയുമെന്ന് ഉര്‍വശി പറയുന്നു.

സൂര്യയുടെ റിയാക്ഷന്‍ കൂടിയായപ്പോള്‍ കൂടുതല്‍ സ്വാഭാവികമായി ആ സീനില്‍ അഭിനയിക്കാന്‍ കഴിഞ്ഞുവെന്നും കുറേ നാളുകള്‍ക്ക് ശേഷം മറക്കാനാവാത്ത അനുഭവമായി മാറിയത് ആ സീനാണെന്നും ഉര്‍വശി പറഞ്ഞു. സൂര്യയും ഉര്‍വശിയും ഗംഭീരമായി അഭിനയിച്ച രംഗമായിരുന്നു സിനിമയില്‍ അച്ഛന്‍ മരിച്ച സമയത്തേതെന്ന് നിരൂപകരും എഴുതിയിരുന്നു.

ആ രംഗങ്ങളില്‍ ഡബ്ബ് ചെയ്തതുപോലും അറിഞ്ഞ് അഭിനയിച്ചുകൊണ്ടാണെന്നും ഗ്ലിസറിന്‍ ഇല്ലാതെ സാഹചര്യം ഉള്‍ക്കൊണ്ട് അഭിനയിക്കുകയാണ് ചെയ്തതെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. ആ സീനില്‍ അഭിനയിക്കുകയും ഡബ്ബ് ചെയ്യുകയും ചെയ്ത ദിവസം താന്‍ ഒരു പ്രത്യേക മാനസികാവസ്ഥയില്‍ ആയിരുന്നുവെന്നും നടി പറയുന്നു.

വരനെ ആവശ്യമുണ്ട്, പുത്തംപുതുകാലൈ, സൂരരൈ പോട്ര്, മൂക്കുത്തി അമ്മന്‍ എന്നിവയാണ് ഈ വര്‍ഷം പുറത്തിറങ്ങിയ ഉര്‍വശിയുടെ ചിത്രങ്ങള്‍. വ്യത്യസ്തമായ കഥപാത്രങ്ങള്‍ മികവോടു കൂടി ചെയ്യാന്‍ ഉര്‍വശിക്ക് കഴിയുന്നു എന്നാണ് നിരൂപകര്‍ ഉര്‍വശിയെക്കുറിച്ച് എഴുതിയിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Urvashi sharing experiance about soorarai potru scene