2011 world cup
"സച്ചിനെ ഓര്‍ത്തെങ്കിലും നിങ്ങള്‍ അന്വേഷണം പ്രഖ്യാപിക്കൂ"; 2011 ലോകകപ്പ് ഒത്തുകളി ആരോപണത്തില്‍ കേന്ദ്രസര്‍ക്കാരിനോട് അരവിന്ദ ഡിസില്‍വ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd June 2020, 10:34 am

കൊളംബോ: 2011 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നുവെന്ന ആരോപണത്തില്‍ ഐ.സി.സിയും ബി.സി.സി.ഐയും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും ഇന്ത്യന്‍ ഗവണ്‍മെന്റും അന്വേഷണം നടത്തണമെന്ന് മുന്‍ ലങ്കന്‍ താരം അരവിന്ദ ഡിസില്‍വ. സണ്‍ഡേ ടൈംസ് എന്ന പത്രത്തിനോടായിരുന്നു ഡിസില്‍വയുടെ പ്രതികരണം.

‘ഇത്തരം കള്ളങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം വേണം. എന്നും ജനങ്ങളെ കള്ളത്തില്‍ തളച്ചിടാനാകില്ല. ഈ സംഭവത്തില്‍ അടിയന്തര അന്വേഷണം വേണമെന്നാണ് എനിക്ക് ഐ.സി.സിയോടും ബി.സി.സി.ഐയോടും ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനോടും അഭ്യര്‍ത്ഥിക്കാനുള്ളത്’, ഡിസില്‍വ പറഞ്ഞു.

നീണ്ട കാത്തിരിപ്പിന് ശേഷം ലോകകപ്പ് സ്വന്തമാക്കിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പോലുള്ള താരങ്ങള്‍ക്ക് ഇനിയുള്ള ദിവസങ്ങളിലും അര്‍ഹിക്കുന്ന ആദരം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞങ്ങളുടെ ലോകകപ്പ് വിജയം (96 ലെ ലോകകപ്പ്) ഇപ്പോഴും ആസ്വദിക്കുന്നത് പോലെ അദ്ദേഹത്തിനും (സച്ചിന്‍) അതിന് സാധിക്കണം. സച്ചിന്റേയും കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരുടേയും താല്‍പര്യം മുന്‍നിര്‍ത്തി ഇന്ത്യയിലെ സര്‍ക്കാരും ബി.സി.സി.ഐയും ലോകകപ്പില്‍ ഒത്തുകളി നടന്നോ എന്ന് നിഷ്പക്ഷമായി അന്വേഷിക്കണം’, ഡിസില്‍വ പറഞ്ഞു.

ഇത്തരത്തിലുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഒരുപാട് പേരെ വിഷമിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഒത്തുകളി ആരോപണത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കായികമന്ത്രി ദുല്ലാസ് അലഹാപ്പെരുമയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

മുന്‍ കായിക മന്ത്രി മഹിന്ദനന്ദയാണ് ലോകകപ്പ് ഫൈനലില്‍ അട്ടിമറി നടന്നു എന്നാരോപിച്ച് രംഗത്തെത്തിയത്. ആറ് വിക്കറ്റിനാണ് ലോകകപ്പ് ഫൈനലില്‍ ലങ്ക, ഇന്ത്യയോട് പരാജയപ്പെടുന്നത്.

ആദ്യം ബാറ്റ് ചെയ്ത ലങ്ക ജയവര്‍ധനെയുടെ സെഞ്ച്വറി മികവില്‍ നിശ്ചിത ഓവറില്‍ 274 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗില്‍ സെവാഗിനേയും സച്ചിനേയും വേഗത്തില്‍ പുറത്താക്കി ലങ്ക ജയപ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഗംഭീറും ധോണിയും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുന്നത്.

ലോകകപ്പ് ശ്രീലങ്ക, ഇന്ത്യയ്ക്ക് വില്‍ക്കുകയായിരുന്നെന്നായിരുന്നു മഹിന്ദനന്ദയുടെ ആരോപണം.

സിരാസ ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. നേരത്തെ മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയും സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു.

2010-15 കാലയളവില്‍ ലങ്കന്‍ കായികമന്ത്രിയായിരുന്നു മഹിന്ദനന്ദ. അന്ന് തന്നെ ഇത് സംബന്ധിച്ച സംശയമുണ്ടായിരുന്നെങ്കിലും വേണ്ടെന്ന് കരുതി പറയാതിരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘2011 ല്‍ നമ്മള്‍ ജയിക്കേണ്ടതായിരുന്നു. എന്നാല്‍ മത്സരം നമ്മള്‍ വിറ്റുകളഞ്ഞു. ഇപ്പോള്‍ അതിനെക്കുറിച്ച് പറയാമെന്ന് തോന്നുന്നു. കളിക്കാര്‍ക്ക് ഇതില്‍ ബന്ധമുണ്ടെന്ന് പറയുന്നില്ല. എന്നാല്‍ ചില മേഖലകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.’, അദ്ദേഹം പറഞ്ഞു.

2017 ല്‍ മുന്‍ ക്യാപ്റ്റന്‍ രണതുംഗയും ഒത്തുകളി ആരോപിച്ച് രംഗത്തെത്തിയിരുന്നു. കലാശപ്പോരില്‍ കമാന്റേറായി രണതുംഗയും മുംബൈ വാംഖഡെ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഒത്തുകളി നടന്നിട്ടുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

;