ഇന്ത്യന്‍ മുസ്‌ലിം, ഭാരതത്തോട് സ്‌നേഹമുള്ള മുസ്‌ലിം എന്നൊന്നില്ല, ഈ മണ്ണില്‍ ജനിച്ച മുസ്‌ലിങ്ങളെല്ലാം ഭാരതത്തോട് സ്‌നേഹമുള്ളവരാണ്: സുരേഷ് ഗോപി
Film News
ഇന്ത്യന്‍ മുസ്‌ലിം, ഭാരതത്തോട് സ്‌നേഹമുള്ള മുസ്‌ലിം എന്നൊന്നില്ല, ഈ മണ്ണില്‍ ജനിച്ച മുസ്‌ലിങ്ങളെല്ലാം ഭാരതത്തോട് സ്‌നേഹമുള്ളവരാണ്: സുരേഷ് ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd October 2022, 5:51 pm

മേ ഹൂം മൂസ എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി നടത്തിയ പരമാര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.

‘ഇന്ത്യന്‍ മുസ്‌ലിം അല്ലെങ്കില്‍ ഭാരതീയനായ, ഭാരതത്തോട് സ്‌നേഹമുള്ള മുസ്‌ലിം അങ്ങനൊന്നില്ല. ഈ മണ്ണില്‍ ജനിച്ച മുസ്‌ലിങ്ങളെല്ലാം ഭാരതത്തോട് സ്‌നേഹമുള്ളവരാണ്. രാഷ്ട്രീയ ദുരുപയോഗത്തിന് വേണ്ടി സെഗ്മെന്റലൈസ് ചെയ്ത് ചില ആള്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു. അവര്‍ ചെയ്യുന്നതോ ചിന്തിക്കുന്നതോ എന്തെങ്കിലും രാജ്യത്തിന് ദോഷമായി മാറുന്നുണ്ടെങ്കില്‍ അവരെയാണ് രാജ്യദ്രോഹികള്‍ എന്ന് വിളിക്കുന്നത്,’ സുരേഷ് ഗോപി പറഞ്ഞു.

ദേശീയതയുടെയും ദേശസ്‌നേഹത്തിന്റെയും പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ ആരാണെന്ന് തുറന്നുകാണിക്കുന്ന സിനിമയാണ് മേ ഹൂം മൂസയെന്നും ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞിരുന്നു. നാമെല്ലാം ഒന്നിച്ചുനില്‍ക്കേണ്ടവരാണെന്ന് കാണിച്ചുതരുന്ന സാഹോദര്യത്തിന്റെ സന്ദേശമാണ് ചിത്രം മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ 30നാണ് മേ ഹൂം മൂസ റിലീസ് ചെയ്തത്. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം 19 വര്‍ഷം പാകിസ്ഥാനിലെ ജയിലില്‍ കിടന്നതിന് ശേഷം ഇന്ത്യയിലേക്ക് തിരികെ വരുന്ന പട്ടാളക്കാരന്റെ കഥയാണ് പറയുന്നത്. ഒ.ടി.ടിറിലീസിന് പിന്നാലെ ചിത്രം വീണ്ടം ചര്‍ച്ചയിലേക്ക് ഉയര്‍ന്നിരുന്നു.

റിലീസിന് മുമ്പ് പുറത്തിറക്കിയ ചിത്രത്തിന്റെ പോസ്റ്റര്‍ വിവാദത്തിലായിരുന്നു. ‘കണ്ടോനെ കൊന്ന് സ്വര്‍ഗം തെണ്ടി നടക്കുന്ന മാപ്‌ളയല്ല മൂസ, ഇന്ത്യക്ക് വേണ്ടി ചാകാനിറങ്ങിയ ഇസ്‌ലാമാണ് മൂസ,’ എന്ന ക്യാപ്ഷനോട് കൂടി പുറത്ത് വന്ന പോസ്റ്ററാണ് വിവാദത്തിലായത്.

റിലീസിന് പിന്നാലെ ചിത്രത്തിലെ റേപ് ജോക്കിനെതിരെയും ഇസ്‌ലാമോഫോബിക് ഡയലോഗിനെതിരെയും വിമര്‍ശനങ്ങളുയരുന്നുണ്ട്.

Content Highlight: Suresh Gopi says There is no such thing as Indian Muslim, India-loving Muslim, all Muslims born on this soil are India-loving